‘മസ്തകത്തിലെ മുറിവ് 30 സെ.മീ, വെടിയേറ്റാൽ ഇങ്ങനെയല്ല; കൊമ്പന്റെ ചികിത്സ 2 മാസത്തോളം’

Mail This Article
കോട്ടയം ∙ കോടനാട് അഭയാരണ്യത്തിൽ ചികിത്സ നൽകുന്ന അതിരപ്പിള്ളിയിലെ കാട്ടാനയുടെ നില മെച്ചപ്പെടുന്നതായി ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മസ്തകത്തിലെ വ്രണത്തിൽ പുഴുവരിക്കുന്ന നിലയിൽ അതിരപ്പിള്ളിയിൽ അലഞ്ഞുതിരിഞ്ഞ കൊമ്പനെ കഴിഞ്ഞദിവസമാണു പിടികൂടി കോടനാട് ആനസങ്കേതത്തിൽ എത്തിച്ചത്.
‘‘കോടനാട് എത്തിച്ച കൊമ്പന്റെ ചികിത്സ പുരോഗമിക്കുകയാണ്. ആരോഗ്യം മെച്ചപ്പെടുന്നു. വെള്ളവും ഭക്ഷണം സ്വയം എടുക്കുന്നുണ്ട്. സാധാരണ ആനകളെ കൂട്ടിൽ കയറ്റുമ്പോൾ കാണിക്കാറുള്ള പ്രതിഷേധമൊന്നും കാണിച്ചിരുന്നില്ല. മസ്തകത്തിലെ മുറിവിന് 30 സെന്റിമീറ്ററോളം ആഴമുണ്ട്. പറമ്പിക്കുളം വനത്തിലുണ്ടായ ആനപ്പോരിനിടെ മസ്തകത്തിനു കുത്തേറ്റുണ്ടായ മുറിവ് വലിയ വ്രണമായതാണ്. ആനയെ ആദ്യം കാണുമ്പോൾ ചെറിയ മുറിവായിരുന്നു. ഇതിൽ പുഴുവരിച്ചതോടെയാണു വലുതായത്.

ഇത്ര വലിയ വ്രണം ആനയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ചികിത്സയിലൂടെ മുറിവുണക്കാനാണു ശ്രമം. പറ്റുന്നതെല്ലാം പരമാവധി ചെയ്യും. കുറഞ്ഞതു രണ്ടു മാസം ചികിത്സിക്കേണ്ടി വരും. പരസ്പരം പോരടിക്കുന്നതിനിടെ ആനകൾക്കു മുറിവുണ്ടാകുന്നതു സാധാരണമാണ്. വെടിയേറ്റാലും മുറിവുണ്ടാകും. അതുപക്ഷേ ഇതുപോലെയല്ല. വെടിയേറ്റതാണെങ്കിൽ വെടിയുണ്ട തലയോട്ടിയിൽ തുളച്ചുകയറും. ഈ മുറിവ് അങ്ങനെയില്ല. ആനപ്പോരിനിടെയുണ്ടായ മുറിവാണെന്ന് അതിനാലാണ് ഉറപ്പിച്ചത്.’’– അരുൺ സഖറിയ വിശദീകരിച്ചു.

അരുൺ സഖറിയയുടെ നേതൃത്വത്തിൽ നേരത്തേ ഒരുവട്ടം മയക്കുവെടി വച്ചു തളച്ചു കൊമ്പനെ ചികിത്സിച്ചിരുന്നു. മുറിവ് വലുതായെന്നു കണ്ടതോടെയാണു വീണ്ടും പിടികൂടിയത്. മുറിവിലെ പുഴുക്കളും ചെളിയും കഴുകിക്കളഞ്ഞ്, കുങ്കികളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണു കോടനാട്ടെ പ്രത്യേക കൂട്ടിലേക്ക് ആനയെ മാറ്റിയത്. ഇപ്പോൾ പ്രാഥമിക ചികിത്സയാണ്. മുറിവുണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനുമുള്ള വൈറ്റമിൻ ഗുളികകളും ആഹാരത്തിനൊപ്പം നൽകും. ആരോഗ്യം വീണ്ടെടുത്തശേഷമാണു കുത്തിവയ്പ് അടക്കമുള്ള വിദഗ്ധ ചികിത്സ തുടങ്ങുക. അഭയാരണ്യത്തിന്റെ ചുമതലയുള്ള കാലടി പ്രകൃതി പഠന കേന്ദ്രത്തിനാണു (എൻഎസ്‌സി) ചികിത്സാച്ചുമതല.