ADVERTISEMENT

വിശാഖപട്ടണം ∙ പാക്കിസ്ഥാൻ ഐഎസ്‌ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസിൽ  3 പേർ കൂടി അറസ്റ്റിൽ. കൊച്ചിയിൽ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തത്.

രഹസ്യ നാവിക പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവർ ബന്ധപ്പെട്ടതെന്ന് എൻഐഎ കണ്ടെത്തി. ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാർവാർ, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവർ പണത്തിനായി പങ്കുവച്ചതായും എൻഐഎ പറഞ്ഞു.

2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ റജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിൽ എൻഐഎ ഏറ്റെടുത്തു. ഒളിവിൽ പോയ 2 പാക്കിസ്ഥാനികൾ ഉൾപ്പെടെ 5 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാക്ക് പൗരനായ മീർ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു. ഒളിവിൽ പോയ മറ്റൊരു പിഐഒ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

2024 ഓഗസ്റ്റിൽ നാവിക താവളത്തിലെ വിവര ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള എൻ‌ഐ‌എ സംഘങ്ങൾ പ്രദേശം സന്ദർശിച്ചു. അപ്പോഴാണ് കേസുമായുള്ള കാർവാർ ബന്ധം പുറത്തുവന്നത്. ഫെയ്സ്ബുക്കിൽ നാവിക ഉദ്യോഗസ്ഥയായി ചമഞ്ഞെത്തിയ പാക്കിസ്ഥാൻ ഏജന്റ് പ്രതികളെ ഹണിട്രാപ്പിൽ കുടുക്കിയതായി കണ്ടെത്തി. 2023ൽ ആ സ്ത്രീ അവരുമായി സൗഹൃദം സ്ഥാപിച്ചു വിശ്വാസം നേടി. കാർവാർ നാവിക താവളത്തിലെ യുദ്ധക്കപ്പൽ നീക്കങ്ങൾ, പ്രവർത്തന വിശദാംശങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറി. പകരമായി 8 മാസത്തേക്ക് പ്രതിമാസം 5,000 രൂപ നൽകിയതായും കണ്ടെത്തി.

2023ൽ വിശാഖപട്ടണത്ത് എൻഐഎ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിലുള്ള ബന്ധവും വ്യക്തമായി. ദീപക്കിനും കൂട്ടാളികൾക്കും ഫണ്ട് കൈമാറാൻ ഉപയോഗിച്ച അതേ ബാങ്ക് അക്കൗണ്ടാണു വേതൻ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നൽകാനും ഉപയോഗിച്ചത്. ദീപക്കും സംഘവും അറസ്റ്റിലായതോടെ കാർവാർ ആസ്ഥാനമായുള്ള പ്രതികൾക്കുള്ള പണം വരവ് നിലച്ചു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഓഗസ്റ്റ് 27ന് എൻഐഎ സംഘങ്ങൾ കാർവാറിൽ എത്തിയത്.

English Summary:

Visakhapatnam Espionage Case: NIA Arrests Three More in Visakhapatnam Espionage Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com