ആപ്പിലാകും വ്യാജ ടിക്കറ്റ്; ആപ് വികസിപ്പിച്ച് പശ്ചിമ റെയിൽവേ

Mail This Article
മുംബൈ ∙ വ്യാജ ടിക്കറ്റുകളുമായി ട്രെയിനിൽ കയറിയാൽ ഇനിമുതൽ പിടിവീഴും; തട്ടിപ്പുകാരെ കണ്ടെത്താൻ പശ്ചിമ റെയിൽവേ ആപ് വികസിപ്പിച്ചു. ടിക്കറ്റിലെ വിവരങ്ങൾ റെയിൽവേ സിസ്റ്റത്തിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആപ്പിൽ തിരിച്ചറിയാം. റെയിൽവേ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
ലോക്കൽ ട്രെയിനിലും എസി ട്രെയിനിലും ദീർഘദൂര ട്രെയിനിലും വ്യാജ ടിക്കറ്റുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തിൽ പരീക്ഷണാർഥത്തിൽ പദ്ധതി നടപ്പിലാക്കും. ടിക്കറ്റ് പരിശോധിക്കുന്ന ജീവനക്കാരുടെ മൊബൈലിലും ടാബിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശം നൽകി. ഘട്ടം ഘട്ടമായി ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്. ദീർഘദൂര ട്രെയിനുകളിലും ആപ്പ് ഉപയോഗിച്ചാകും ടിക്കറ്റ് പരിശോധനയെന്ന് പശ്ചിമ റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ പരാതികൾ എളുപ്പം പരിഹരിക്കാനും കഴിയും.
∙ പരാതികൾ അതിവേഗം
ട്രെയിനിനെ സംബന്ധിച്ച പരാതികൾ ജീവനക്കാർക്ക് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ശുചിമുറികൾ, വെള്ളം ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ രേഖപ്പെടുത്താനും ഉടനടി പരിഹരിക്കാനും സാധിക്കും. ചീഫ് ടിക്കറ്റ് ഓപ്പറേറ്റർക്കും ട്രെയിനിലെ ക്യാപ്റ്റനും ആപ്പ് വഴി ജീവനക്കാർക്ക് നിർദേശം നൽകാം. ട്രെയിനിലുള്ള മുഴുവൻ ജീവനക്കാരുടെ വിവരങ്ങൾ യാത്രയ്ക്ക് മുൻപ് ലഭിക്കും. വിവിധ സ്റ്റേഷനുകളിൽനിന്ന് കയറുന്ന മറ്റ് ടിടിഇമാർക്കും ഈ വിവരങ്ങൾ ലഭിക്കും.