വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവം: 5 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസ്

Mail This Article
കൊച്ചി ∙ സഹപാഠികൾ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സഹപാഠികളായ 5 വിദ്യാർഥിനികൾക്കും രണ്ട് അധ്യാപകർക്കും എതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കുറ്റക്കാരായ വിദ്യാർഥികളെ സംരക്ഷിച്ചതിനാണ് അധ്യാപകർക്കെതിരെ നടപടി. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. നായ്ക്കുരണപ്പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
പ്രശ്നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്കൂൾ അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് പെൺകുട്ടിയെ സഹപാഠികളായ മറ്റു പെൺകുട്ടികൾ ഉപദ്രവിക്കുന്നത്. കഴിഞ്ഞ വർഷം ഈ സ്കൂളിലേക്ക് മാറി വന്നപ്പോൾ മുതൽ പെൺകുട്ടിക്ക് നേരെ ചെറിയ തോതിലുള്ള റാഗിങ്ങും മറ്റും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിനിടെ മൂന്നാം തീയതി ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയ പെൺകുട്ടിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ ചെടിയുടെ കായ് ഇടുകയായായിരുന്നു എന്നാണ് പരാതി. കുറച്ചു കഴിഞ്ഞതോടെ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് സഹപാഠികൾ തന്നെയാണ് ദേഹത്തുവീണ പൊടി കഴുകിക്കളയാൻ പെൺകുട്ടിയോട് പറഞ്ഞത്.
തുടർന്ന് സ്കൂൾ ശുചിമുറിയിലെത്തി ദേഹവും വസ്ത്രങ്ങളും കഴുകി. ഏറെ നേരത്തിന് ശേഷമാണ് സംഭവം അധ്യാപകരിൽ ഒരാൾ അറിയുന്നത്. പിന്നാലെ കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്.