‘എനിക്ക് 7–8 ഭാഷയറിയാം, കുട്ടികൾ പഠിക്കട്ടെ’: ത്രിഭാഷ നയത്തെ പിന്തുണച്ചു സുധ മൂർത്തി

Mail This Article
ന്യൂഡൽഹി∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷ നയത്തെ പിന്തുണച്ചു രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധ മൂർത്തി. ‘‘ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് 7–8 ഭാഷകളറിയാം. പഠനം ഞാൻ ആസ്വദിക്കാറുണ്ട്. കുട്ടികൾക്ക് പുതിയ നയത്തിലൂടെ ഒരുപാടു നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും’’ – സുധ മൂർത്തി പറഞ്ഞു.
ത്രിഭാഷ നയത്തിന്റെ പേരിൽ കേന്ദ്രത്തിനെതിരെ തമിഴ്നാട് സർക്കാർ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അനുകൂലിച്ചു സുധാ മൂർത്തി രംഗത്തെത്തിയത്. നേരത്തേ, ത്രിഭാഷാ വിഷയത്തിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം കേന്ദ്രത്തെ വിമർശിച്ചിരുന്നു. ‘‘ഇംഗ്ലിഷും തമിഴും ഉൾപ്പെടുന്ന ദ്വിഭാഷ രീതിയിൽ തമിഴ്‌നാട് നന്നായി മുന്നോട്ടു പോകുന്നുണ്ട്. ആർക്കെങ്കിലും മൂന്നാമതൊരു ഭാഷ പഠിക്കണമെങ്കിൽ, അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാകണം. മൂന്നാമതൊരു ഭാഷ നിർബന്ധമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’’ – കാർത്തി ചിദംബരം വ്യക്തമാക്കി.
ഭാഷ വൈകാരിക വിഷയമാണെന്നു ബിജെപി മനസ്സിലാക്കണമെന്നു കോൺഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. ‘‘ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും പ്രോത്സാഹിപ്പിക്കരുത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അനാവശ്യമായി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനു പിന്നിൽ ബിജെപിക്കു രഹസ്യ അജൻഡകളുണ്ട്’’ – ജെബി ആരോപിച്ചു. ഭാഷ ഉപയോഗിച്ചു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കില്ലെന്നു ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ത്രിഭാഷ നയം ഡിഎംകെ രാഷ്ട്രീയ പ്രശ്നമാക്കി കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.