വീണ്ടും ഭീകരാക്രമണം: പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം; 90 സൈനികർ കൊല്ലപ്പെട്ടെന്ന് ബിഎൽഎ

Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. പാക്ക് സേനാംഗങ്ങൾ സഞ്ചരിച്ച ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 90 സൈനികർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേർ കൊല്ലപ്പെട്ടെന്നും 10 പേർക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു. 90 പേർ കൊല്ലപ്പെട്ടെന്നാണു ബിഎൽഎ വാർത്താക്കുറിപ്പിൽ പറയുന്നത്.
ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത–40ൽ ആയിരുന്നു വിമതരുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞദിവസം ട്രെയിൻ റാഞ്ചിയ ബിഎൽഎ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 26 ബന്ദികളെ ഇവർ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തിനിടെ 33 അക്രമികളെ വധിച്ചതായും പാക്ക് സർക്കാർ അറിയിച്ചു.
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽനിന്നു 160 കിലോമീറ്റർ അകലെ പർവതമേഖലയിൽ പാളം തകർത്തശേഷമാണു ചൊവ്വാഴ്ച ബിഎൽഎ ട്രെയിൻ പിടിച്ചെടുത്തത്. ക്വറ്റയിൽനിന്നു പെഷാവാറിലേക്കുള്ള ട്രെയിനിൽ 9 കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്. ബന്ദികളായ യാത്രക്കാർക്കൊപ്പം ഓരോ കോച്ചിലും സ്ഫോടക വസ്തുക്കൾ ദേഹത്തുവച്ചുകെട്ടിയ ചാവേറുകൾ ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം.
എണ്ണ, ധാതു വിഭവങ്ങൾ കൊണ്ട് സമ്പന്നമായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ്. ഫെഡറൽ സർക്കാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്നാണു ബിഎൽഎയുടെ ആവശ്യം. പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും വിട്ടയയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. പാക്ക് സർക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎൽഎ കഴിഞ്ഞ നവംബറിൽ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്.