വേറെ വിവാഹമുറപ്പിച്ചിട്ടും ബന്ധത്തിൽനിന്നു പിന്മാറിയില്ല; പുതിയ കാമുകനുമായി ചേർന്ന് യുവാവിനെ കൊന്ന് യുവതി

Mail This Article
ലക്നൗ∙ യുവാവിനെ കാമുകിയുടെ ആൺസുഹൃത്തു വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 14ന് ഹോളി ആഘോഷത്തിനിടെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. പ്രതികളായ രാജ്‌കുമാറിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസത്തിലേറെയായി ദിൽജിത്തിന്റെ കൊലപാതകം യുവതിയും ഇവരുടെ പുതിയ കാമുകനായ രാജ്‌കുമാറും ചേർന്ന് ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹോളി ദിനത്തിൽ രാത്രി ദിൽജിത്ത് വീടിനു പുറത്തുനിന്നു കാമുകിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രാജ്‌കുമാർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഉടൻ തന്നെ ദിൽജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
മാസങ്ങൾക്കു മുൻപ് മറ്റൊരു പെൺകുട്ടിയുമായി ദിൽജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷവും മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ദിൽജിത്ത് തയാറായില്ല. തുടർന്ന് യുവതി പുതിയ കാമുകനായ രാജ്കുമാറുമായി ചേർന്ന് ദിൽജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വിഡിയോ കോളിലൂടെ കൊലപാതകത്തിന് ഉപയോഗിക്കുന്ന ആയുധം യുവതിക്ക് രാജ്കുമാർ കാണിച്ചുകൊടുത്തതായി പൊലീസ് പറഞ്ഞു.
ഒരാഴ്ചയോളം പ്രതി ഒളിവിലായിരുന്നു. തുടർന്നു പ്രത്യേക സംഘങ്ങളായി തിരിഞ്ഞു പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തുന്നത്. കൊലപാതകത്തിനു ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.