ADVERTISEMENT

താമരശ്ശേരി∙ ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യാസിർ കൃത്യം ചെയ്തപ്പോൾ ലഹരി ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇയാളുടെ ലഹരി ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ്. യാസിർ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നാണ്  നാട്ടുകാർ പറയുന്നത്. പൊലീസിനും ഇക്കാര്യം അറിയാമെന്നും അവർ പറഞ്ഞു. ഷിബിലയുമായുള്ള വിവാഹത്തിനു മുൻപ് തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം ബന്ധുക്കൾക്ക് അറിയാമായിരുന്നതിനാലാണ് ഇവരുടെ ബന്ധം എതിർത്തത്. എന്നാൽ അതു കൂട്ടാക്കാതെ ഷിബില യാസിറിനൊപ്പം പോകുകയായിരുന്നു.

ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് ചുരത്തിൽ നാലാം വളവിൽ തട്ടുകട ആരംഭിച്ചു. ഉമ്മയെ കഴുത്തറത്തു കൊന്നതിനു ജയിലിൽ കഴിയുന്ന ആഷിഖും യാസിറിനൊപ്പമുണ്ടായിരുന്നു. ഇവരടങ്ങുന്ന സംഘം തട്ടുകടയുടെ മറവിൽ രാസലഹരി ഇടപാടാണു നടത്തിയിരുന്നത്. പരാതിയെത്തുടർന്ന് ഈ കട പൂട്ടിയിരുന്നു. എന്നാൽ വീണ്ടും തുറക്കുകയും ലഹരി മരുന്ന് ഉപയോഗവും കച്ചവടവും തുടരുകയുമായിരുന്നു.

ചുരത്തിലേക്ക് പൊലീസ് എത്താത്തതാണ് ഇവർക്ക് സൗകര്യമായതെന്നാണ് ജനകീയ ജാഗ്രത സമിതി പ്രവർത്തകൻ അസീസ് പറഞ്ഞു. താമരശ്ശേരി പൊലീസിന്റെ പരിധിയിലുള്ള ചുരം, 25 കിലോമീറ്ററോളം അകലെയായതിനാൽ ഇവിടേക്ക് പൊലീസ് എത്താറില്ല. ചുരത്തിൽ വലിയ അപകടം നടന്നാൽപോലും മണിക്കൂറുകൾ കഴിഞ്ഞാണ് എത്തുന്നത്. വാഹനമില്ലെന്നും ഉദ്യോഗസ്ഥരില്ലെന്നുമാണ് സ്റ്റേഷനിൽനിന്നു മറുപടി ലഭിക്കുക. ചുരത്തിൽ പൊലീസിന്റെയും നാട്ടുകാരുടെയും അസാന്നിധ്യം ലഹരി സംഘങ്ങൾക്കു പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കിയെന്നും അസീസ് പറഞ്ഞു.

ലഹരി മാഫിയയ്ക്കെതിരായ പരാതികൾ നാട്ടുകാർ പലവട്ടം പൊലീസിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്നാണ് ആരോപണം. താമരശ്ശേരി, ഈങ്ങാപ്പുഴ ഭാഗങ്ങളിൽ ലഹരിക്കെതിരെ സ്ഥാപിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ലഹരി മരുന്നിനെതിരെ ജനകീയ കൂട്ടായ്മ രൂപീകരിച്ചെങ്കിലും കൂട്ടായ്മയിലുണ്ടായിരുന്നവർക്ക് ലഹരി സംഘത്തിൽപെട്ടവരുടെ ഭീഷണിയുണ്ടായി. കൂട്ടായ്മയിലെ അംഗത്തെ ലഹരി സംഘം ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ സഹായം ലഭിക്കാതെ വന്നതോടെ കൂട്ടായ്മയുടെ പ്രവർത്തനം സജീവമായി മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും നാട്ടുകാർ പറയുന്നു.

English Summary:

Thamarassery Ghat: Drug dealing in Thamarassery's ghat thrives due to police inaction. The investigation into Yasir's drug dealings follows his wife's murder, highlighting the larger issue of unchecked drug mafia activity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com