പെൺകുട്ടികൾക്ക് മദ്യം നൽകിയത് അമ്മയും ആൺ സുഹൃത്തും, നിർബന്ധിച്ച് കുടിപ്പിച്ചു; ക്ലാസ് ടീച്ചറുടെ നിർണായക മൊഴി

Mail This Article
കൊച്ചി ∙ കുറുപ്പംപടി പീഡനത്തിൽ പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾക്ക് അമ്മയും ആൺ സുഹൃത്തും ചേർന്ന് മദ്യം നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെൺകുട്ടികൾ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നൽകിയെന്ന് ടീച്ചർ പറഞ്ഞ വിവരം രഹസ്യ മൊഴിയിൽ ഇല്ലാത്തതിനാൽ പെൺകുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്സോ കേസിൽ നിർബന്ധിപ്പിച്ചു മദ്യം നൽകിയെന്ന വകുപ്പ് കൂടി ഉൾപ്പെടുത്തി.
മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 12,9 വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നു വര്‍ഷം മുൻപ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്.
പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതൽ അടുത്തു. പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തി. സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.