സിബിഐ കുറ്റപത്രം റദ്ദാക്കണം, തുടരന്വേഷണം വേണം; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

Mail This Article
കൊച്ചി ∙ വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെടുത്ത കേസിൽ തങ്ങളേയും പ്രതി ചേർത്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ. കേസില്‍ ഇരുവരേയും പ്രതി ചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിക്കായി കേസ് ഏപ്രിൽ ഒന്നിലേക്ക് മാറ്റി.
പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആറു കേസുകളിലാണ് മാതാപിതാക്കളെ പ്രതിചേര്‍ത്തത്. കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടും ഇത് മറച്ചു വയ്ക്കുകയും അതുവഴി പീഡിപ്പിക്കാൻ ഒത്താശ ചെയ്യുകയും ചെയ്തു എന്നാണ് മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തെ തുടർന്നുള്ള മാനസിക പീഡനം മൂലം പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സിബിഐ കുറ്റപത്രം പറയുന്നു.
എന്നാൽ തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി ‘ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണെന്ന് മാതാപിതാക്കളുടെ ഹർജിയിൽ പറയുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല തുടക്കത്തിൽ അന്വേഷിച്ച പൊലീസും പിന്നീട് സിബിഐയും നടത്തിയത്. പ്രോസിക്യൂഷന്റെ കഴിവുകേടു കൊണ്ടാണ് വിചാരണ കോടതി ആദ്യം പ്രതികളെ വെറുതെ വിട്ടത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കുകയും തുടരന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തു. മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ ഇത് കോടതി അനുവദിച്ചിരുന്നു. എന്നാൽ ആദ്യം സമർപ്പിച്ച കുറ്റപത്രം തള്ളി തുടരന്വേഷണം നടത്താൻ കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഈ കുറ്റപത്രത്തിലാണ് ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്ത കാരണങ്ങൾ നിരത്തി തങ്ങളേയും പ്രതിയാക്കിയിരിക്കുന്നത് എന്ന് ഹർജിയിൽ പറയുന്നു. കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 3 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെ കുറിച്ചും അന്വേഷണം നടത്തിയില്ല എന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.