‘രാത്രി 11 വരെ ട്രഷറി തുറന്നു, നഷ്ടപരിഹാരമായി 26 കോടി കെട്ടിവച്ചു; എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ്’

Mail This Article
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഇതോടെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പദ്ധതി നിർമാണ ഉദ്ഘാടനത്തിനുള്ള പന്തൽ കെട്ടാൻ ആരംഭിച്ചു. പന്തൽ നിർമിക്കാനുള്ള സാധനങ്ങൾ എസ്റ്റേറ്റ് പരിസരത്ത് എത്തിച്ചെങ്കിലും കോടതി ഉത്തരവ് വരാത്തതിനാൽ നിർമാണം തുടങ്ങിയില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നിർമാണം തുടങ്ങിയത്. 27ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി നിർമാണം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രിയങ്ക ഗാന്ധി എംപി എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.
കോടതി നിർദേശിക്കുന്നതുപോലെ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്കു കാലതാമസമില്ല. ദുരന്തമുണ്ടായാൽ ദുരന്തബാധിതരായവർക്കു നഷ്ടപരിഹാരം കൊടുത്ത് ബന്ധം പിരിയുകയാണ് സർക്കാരുകൾ ചെയ്യാറ്. എന്നാൽ അങ്ങനെയല്ല കേരളം ചെയ്യുന്നത്. ദുരന്തബാധിതർക്ക് വേണ്ടി ഒരു ടൗൺഷിപ് തന്നെ നിർമിക്കുകയാണ്. ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കുന്ന ടൗൺഷിപ്പായിരിക്കും നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെ സർക്കാരിനു താൽക്കാലിക അനുമതി നൽകിയിരുന്നു. ഇതിനായി നഷ്ടപരിഹാരമായി നിശ്ചയിച്ച 26 കോടി രൂപ സർക്കാർ ഹൈക്കോടതി റജിസ്ട്രിയിൽ കെട്ടിവച്ച് പ്രതീകാത്മകമായി ഭൂമി ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിക്ക് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം 26 കോടി രൂപ നഷ്ടപരിഹാരം കണക്കാക്കിയത് എങ്ങനെയാണെന്നു വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.