13 വർഷം മുൻപ് അമ്മ; ഇപ്പോൾ അച്ഛനും മകന്റെ കൊലക്കത്തിക്ക് ഇര: ‘സുധീഷിനെ പേടി, ഭക്ഷണം നൽകിയത് ഗേറ്റിന് അപ്പുറത്തു നിന്ന്’’

Mail This Article
കോഴിക്കോട്∙ അമ്മയ്ക്ക് പിന്നാലെ അച്ഛനും മക്കളുടെ കത്തിക്കിരയായതിന്റെ ഞെട്ടലിൽ ബാലുശ്ശേരി പനായി ഗ്രാമം. ചണോറ അശോകനെയാണ് (71) മകൻ സുധീഷ് (35) ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുൻപ് ഇളയ മകൻ സുമേഷ് വെട്ടിക്കൊന്നു. സുമേഷിനേയും ശോഭനയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു അശോകന്റെ കുടുംബം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് മക്കൾ ലഹരിക്കടിമകളായത്. അമ്മയെ കൊന്ന ഇളയ മകനും ലഹരിക്കടിമയായിരുന്നു. സഹോദരന്റെയും അമ്മയുടേയും മരണം സുധീഷിനെ മാനസികമായി ഉലച്ചു. തുടർന്ന് മദ്യത്തിനും ലഹരി മരുന്നുകൾക്കും അടിമയായി ജീവിക്കുകയായിരുന്നു.
താടിയും മുടിയും വെട്ടാതെ നടക്കുന്ന സുധീഷിനെ നാട്ടുകാർക്കും പേടിയായിരുന്നു. ഉപദ്രവിച്ചാലോ എന്ന് ഭയന്ന് ഗെയ്റ്റിന് അപ്പുറത്തു നിന്നാണ് വീടിനടുത്തുള്ള ബന്ധുക്കൾ സുധീഷിനു ഭക്ഷണം നൽകിയിരുന്നത്. നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇടപെട്ട് സുധീഷിനു ലഹരി വിമുക്തി ചികിത്സ നൽകിയിരുന്നു. ചികിത്സ തുടരണമെന്ന് നാട്ടുകാർ അശോകനോട് നിർദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. സുധീഷിനു പ്രശ്നമൊന്നുമില്ലെന്നും ചികിത്സിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു അശോകന്റെ നിലപാട്. ഇതോടെ ചികിത്സ മുടങ്ങി.
മദ്യം വാങ്ങുന്നതിന് ആവശ്യമായ പണത്തിനു വേണ്ടി അശോകനും സുധീഷും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. അശോകനെ നേരത്തെയും സുധീഷ് ആക്രമിച്ചിരുന്നു. അന്ന് അശോകന്റെ വലതു കൈക്കാണ് കുത്തേറ്റത്. അയൽവാസി കണ്ടതുകൊണ്ട് മാത്രം അന്ന് രക്ഷപ്പെടുകയായിരുന്നു. അച്ഛനും മകനും തമ്മിൽ പണത്തിന്റെ പേരിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം സുധീഷ് തോട്ടത്തിൽ വീണ അടയ്ക്ക പെറുക്കി ചാക്കിലാക്കി വച്ചിരുന്നു. ഈ അടയ്ക്ക വിൽക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ രാവിലെ വഴക്കുണ്ടായെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം. കൃത്യം നടത്തിയതിനു ശേഷം സുധീഷ് അങ്ങാടിയിലെത്തി അടയ്ക്ക വിറ്റു.
രാത്രി വീട്ടിൽ വെളിച്ചം കാണാതെ വന്നതോടെയാണ് അശോകനെ അന്വേഷിച്ച് നാട്ടുകാർ വീട്ടിലെത്തിയത്. കിടപ്പു മുറിയിൽ നിലത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് അശോകനെ കണ്ടത്. തുടർന്ന് സുധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അശോകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.