‘പ്രധാനമന്ത്രി ഒരു വാക്കു പോലും സംസാരിച്ചില്ല; നരേന്ദ്ര മോദിയും സർക്കാരും യുഎസിനു മുന്നിൽ നാണംകെട്ട് കീഴടങ്ങി’

Mail This Article
മധുര∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും യുഎസിനു മുന്നില്‍ നാണം കെട്ട് കീഴടങ്ങിയെന്നു പോളിറ്റ് ബ്യൂറോ കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്. യുഎസ് നടപ്പാക്കിയ പകരം തീരുവയ്‌ക്കെതിരെ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല. യുഎസ് പകരം തീരുവ ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ലെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
ട്രംപിന്റെ പകരം തീരുവ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസ് ശരാശരി 10% നിരക്കിൽ തീരുവ ഏർപ്പെടുത്തിയാൽത്തന്നെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 600 കോടി ഡോളറിന്റെ (51,600 കോടി രൂപയോളം) ഇടിവാണുണ്ടാകുക എന്നാണ് കണക്കാക്കിയിരുന്നത്. ശരാശരി തീരുവ 25 ശതമാനത്തിലേക്കുയർത്തിയാൽ കനത്ത ആഘാതം ഉണ്ടാകുമെന്നും കണക്കാക്കിയിരുന്നു.
വസ്ത്രങ്ങൾ, ഔഷധങ്ങൾ, ആഭരണങ്ങൾ, വാഹന അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നിർമാതാക്കൾക്കാണ് വലിയ തോതിൽ ആഘാതം നേരിടുക.