അഡോബി സഹസ്ഥാപകൻ ജെസ്കി അന്തരിച്ചു; പിഡിഎഫിന്റെ ഉപജ്ഞാതാവ്
Mail This Article
സാൻഫ്രാൻസിസ്കോ ∙ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബി ഇൻകോർപറേറ്റഡ് സഹസ്ഥാപകനും ലോകമാകമാനം ഏറെ ഉപയോഗിക്കപ്പെടുന്ന പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്(പിഡിഎഫ്) ഉപജ്ഞാതാവുമായ ചാൾസ് ചുക് ജെസ്കി അന്തരിച്ചു. 81 വയസ്സായിരുന്നു.
ലോസ് ആൾട്ടോസിലെ സാൻ ഫ്രാൻസിസ്കോ ബേ എരിയയിൽ താമസിച്ചുവന്ന ജെസ്കി വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്നു കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അഡോബി സമൂഹത്തിനും സാങ്കേതിക വ്യവസായത്തിനും മാർഗനിർദ്ദേശം നൽകിവന്ന ജെസ്കിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് അഡോബി സിഇഒ ശന്തനു നാരായൺ കമ്പനി ജീവനക്കാർക്കെഴുതിയ കത്തിൽ സൂചിപ്പിച്ചു. അഡോബി സഹസ്ഥാപകരെന്ന നിലയിൽ ജോൺ വാർനോക്ക്, ചാൾസ് ജെസ്കി എന്നിവർ ചേർന്നു രൂപംകൊടുത്ത സോഫ്റ്റ്‌വെയറുകൾ ജനസംവേദനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയെന്നും നാരായൺ കുറിച്ചു.
കാർണേജ് മെലൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ശേഷം സിറോക്സ് പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ചേർന്ന ജെസ്കി അവിടെ വച്ചാണ് വാർനോക്കിനെ കണ്ടുമുട്ടുന്നത്. ഡിസംബർ 1982 ൽ സിറോക്സ് വിട്ട ഇരുവരും ചേർന്ന് അഡോബി കമ്പനിക്ക് രൂപം നൽകി. പോസ്റ്റ് സ്ക്രിപ്റ്റ് പേജ് വിവരണ ഭാഷ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി തുടങ്ങിയ കമ്പനി വിവിധോദ്ദേശ മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്ന നിർമാണത്തിൽ ലോകത്തെ മുൻനിര സ്ഥാപനമായി ഉയർന്നു.
ചിത്രങ്ങളും അക്ഷരങ്ങളും പേപ്പറിൽ വ്യക്തതയോടെ അച്ചടിക്കാൻ ഉതകുംവിധം വാർനോക്കും ജെസ്കിയും എൺപതുകളിൽ രൂപം നൽകിയ അഡോബി പോസ്റ്റ് സ്ക്രിപ്റ്റാണ് ഡെസ്ക്‌ടോപ് അച്ചടിവിപ്ളവത്തിനു തിരികൊളുത്തിയത്. 1985 ൽ ആപ്പിൾ കമ്പ്യൂട്ടർ അവരുടെ ലേസർറൈറ്റർ പ്രിന്ററുകളിൽ ഉപയോഗിക്കാൻ അഡോബിയിൽ നിന്നു പോസ്റ്റ് സ്ക്രിപ്റ്റ് ലൈസൻസ് വാങ്ങി.
ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ആയ ഫോട്ടോഷോപ്, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ, പ്രീമിയർ പ്രോ, അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി ലോകമാകമാനം അറിയപ്പെടുന്നത്. മാറിയ സാഹചര്യങ്ങൾക്കൊപ്പം ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസന രംഗത്തേക്കും അടുത്തിടെ കമ്പനി കടന്നു. അഡോബി എക്സ്പീരിയൻസ് മാനേജർ(എഇഎം) ഉൾപ്പെടെ കമ്പനിയുടെ വെബ് ഉള്ളടക്ക നിർവഹണ സംവിധാനങ്ങൾ നിലവിൽ ലോകോത്തര വെബ്സൈറ്റുകൾ ഉപയോഗിച്ചുവരുന്നു.
സാങ്കേതികവിദഗ്ധർക്കു യുഎസ് നൽകുന്ന പരമോന്നത ബഹുമതിയായ നാഷനൽ മെഡൽ ഓഫ് ടെക്നോളജി, മക്രോണി സൊസൈറ്റി നൽകുന്ന മക്രോണി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. നാൻസിയാണ് ഭാര്യ, മൂന്നു മക്കളുണ്ട്.
English Summary: Charles Geschke, co-founder of Adobe and developer of PDFs, dies at 81