ഇരുമ്പുശ്വാസകോശത്തിൽ 7 ദശകം ജീവിതം; പോളിയോ അതിജീവന പ്രതീകമായ അമേരിക്കക്കാരൻ വിടവാങ്ങി
Mail This Article
ന്യൂയോർക്ക് ∙ കുട്ടിയായിരിക്കേ പോളിയോ ബാധിച്ചു ശരീരം തളർന്നെങ്കിലും കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനമായ ‘ഇരുമ്പു ശ്വാസകോശ’ത്തിനകത്ത് 7 ദശകത്തോളം ജീവിച്ച യുഎസിലെ ടെക്സസ് സ്വദേശി പോൾ അലക്സാണ്ടർ (78) വിടവാങ്ങി. 1952 ൽ ആറാം വയസ്സിലാണു പോളിയോ ബാധിച്ചത്.
വർഷം തോറും ലോകമെങ്ങും ലക്ഷക്കണക്കിനു കുട്ടികൾ പോളിയോ ബാധിതരായിരുന്ന കാലമായിരുന്നു അത്. ശ്വാസോച്ഛാസത്തിനു സഹായിക്കുന്ന ഇരുമ്പുസിലിണ്ടറിനുള്ളിൽ കഴിയവേ നിയമബിരുദം നേടിയ അലക്സാണ്ടർ അഭിഭാഷകനായി വർഷങ്ങളോളം ജോലിയെടുത്തു. ചിത്രം വരയ്ക്കുകയും പുസ്തകമെഴുതുകയും ചെയ്തു. പോളിയോ അതിജീവനത്തിന്റെ പ്രതീകമായി എല്ലാ ഭൂഖണ്ഡങ്ങളും സന്ദർശിച്ചു.
ഏറ്റവുമധികം കാലം ഇരുമ്പുശ്വാസകോശമെന്ന വെന്റിലേഷനിൽ ജീവിച്ച വ്യക്തിയെന്ന റെക്കോർഡുമായി ഗിസന്ന് ബുക്കിലും ഇടം നേടി. കോവിഡ് ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യം മോശമായത്. ടിക്ടോക്കിൽ 3 ലക്ഷത്തിലേറെപ്പേരാണ് അലക്സാണ്ടറെ പിന്തുടർന്നിരുന്നത്.