സോൻക, ബഹിരാകാശപ്പറവ !

Mail This Article
ബഹിരാകാശനിലയത്തിൽ ആദ്യമെത്തിയപ്പോൾ ബാഗേജിൽനിന്നു സുനിത വില്യംസ് ആ പൊതി പുറത്തെടുത്തു. മൂക്കിലേക്ക് ഇന്ത്യൻ മണം നിറഞ്ഞു. ഹാ! സമോസ. പിന്നെ, ബാഗേജിൽ നിന്ന് സ്ലൊവേനിയൻ പതാക പുറത്തെടുത്തു. പിന്നാലെ ഭഗവത്ഗീതയുടെ ചെറുപതിപ്പ്. ഭൂഗുരുത്വശൂന്യമായ ബഹിരാകാശത്തും പാരമ്പര്യത്തിന്റെ വേരുകൾ മുറിച്ചുമാറ്റാതെ ചിറകടിച്ചുനിന്ന പറവ, ഇന്ത്യൻ വംശജയായ സുനിത വില്യംസ്; അമേരിക്കയിലെ സുനി, അമ്മയുടെ നാടായ സ്ലൊവേനിയയിലെ സോൻക. ബഹിരാകാശത്തിരുന്ന് ക്രിസ്മസ് ആഘോഷം, പിറന്നാൾ കൊണ്ടാട്ടം, എന്തിനേറെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘ബഹിരാകാശ ബൂത്തി’ൽ നിന്നൊരു വോട്ട്... സുനിതയുടെ ബഹിരാകാശജീവിതം സംഭവബഹുലം, ജീവിതവും.
-
Also Read
സുനിശ്ചിതം സുനിത
ഗുജറാത്തിൽ നിന്നു യുഎസിലേക്കു കുടിയേറിയ ഡോക്ടർ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജ ബോണിയുടെയും മകളായി 1965 സെപ്റ്റംബർ 19ന് ഒഹായോയിലാണു ജനനം. മാസച്യുസിറ്റ്സിലെ നീധം ഹൈസ്കൂളിലെ പഠനകാലത്ത് മുങ്ങൽവിദഗ്ധയാവാൻ കൊതിച്ചവൾ പിന്നെ വെറ്ററിനറി ഡോക്ടറാകാൻ തീരുമാനിച്ചു. കുറച്ചുകൂടി മുതിർന്നപ്പോൾ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നു. ബേസിക് ഡൈവിങ് ഓഫിസറായി. ഇറാഖ്– കുവൈത്ത് യുദ്ധകാലത്ത് ഹെലികോപ്റ്റർ പൈലറ്റായി ജോലി ചെയ്യേണ്ടിവന്നത് സുനിതയുടെ മോഹങ്ങളെ സമുദ്രത്തിൽ നിന്നു കരകയറ്റി വിശാലമായ ആകാശത്തേക്കു പറത്തി. പിന്നീട് പറക്കലുകളുടെ കാലമായിരുന്നു. 30 വ്യത്യസ്തതരം വിമാനങ്ങളിൽ മൂവായിരത്തിലധികം മണിക്കൂറുകൾ പറന്നു.
പറന്നുകണ്ട ആകാശങ്ങളുടെ അതിരുകൾ അവളെ പെട്ടെന്നു ബോറടിപ്പിച്ചിരുന്നു. ഒരേ ആകാശം, ഒരേ ഭൂമി. നാവികസേന ഉപേക്ഷിച്ചു നേരെ നാസയിൽ. 1998 ൽ ബഹിരാകാശയാത്രികയായി നാസ അംഗീകരിച്ചു. തുടർന്നു കഠിനപരിശീലനങ്ങളുടെ കാലം. മനസ്സും ശരീരവും സാങ്കേതികജ്ഞാനവും മെരുക്കിയെടുത്ത് 2006 ഡിസംബർ 9നു ഡിസ്കവർ എന്ന ബഹിരാകാശപേടകത്തിൽ ആദ്യ ബഹിരാകാശയാത്ര.

2007 ജൂൺ 22നു തിരിച്ചെത്തി. 2012 ജൂലൈ 14 മുതൽ നവംബർ 18 വരെ രണ്ടാം ബഹിരാകാശവാസം. അമ്മവീട്ടിൽ പോകുന്നതുപോലെ വെറും 8 ദിവസത്തേക്ക് എന്നുപറഞ്ഞ് 2024 ജൂൺ അഞ്ചിനു പുറപ്പെട്ട മൂന്നാം യാത്ര നീണ്ടത് സംഭവബഹുലമായ 9 മാസം.
കടലിൽ നീന്താനും ആകാശത്തു ചിറകടിച്ചു പറക്കാനും കൊതിച്ചവൾക്കു റെക്കോർഡ് പക്ഷേ, ‘നടത്ത’ത്തിലാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നടന്ന വനിത!
‘ജന്മഗ്രഹ’ത്തിൽ മനോഹരമായൊരു പ്രണയജീവിതം സുനിതയ്ക്കുണ്ട്. നാവിക അക്കാദമിയിൽനിന്നു കൂടെക്കൂട്ടിയ മൈക്കൽ ജെ. വില്യംസ്. ഇന്ത്യൻ വംശജയായ സുനിതയിൽ നിന്ന് ഗീതയും ഉപനിഷത്തും ഹിന്ദുമത സാരാംശവും പങ്കിട്ടെടുത്തയാൾ. ഹെലികോപ്റ്റർ പൈലറ്റായിരുന്ന വില്യംസ് ഇപ്പോൾ യുഎസ് ഫെഡറൽ പൊലീസ് ഓഫിസറാണ്. മക്കളില്ല.
ഗുജറാത്തിൽനിന്നൊരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ 2012 ൽ ശ്രമിച്ചെങ്കിലും നടന്നില്ല. ഭൂമിയിൽ പക്ഷേ, പ്രിയപ്പെട്ട മൈക്കൽ ഒറ്റയ്ക്കല്ല, ഇരുവരും ഓമനിച്ചു വളർത്തുന്ന നായ്ക്കൾ... ഗോർബി, ഗണ്ണർ, ബെയ്‌ലി, പിന്നെ റൂട്ടർ. സുനിത ആകാശങ്ങൾകടന്ന് തിരിച്ചെത്തുമ്പോൾ അവർ വാത്സല്യത്തിന്റെ വാലാട്ടി, ഉപഗ്രഹങ്ങളെപ്പോലെ ചുറ്റും വലംവയ്ക്കുന്നുണ്ടാവും.
ബഹിരാകാശത്തുനിന്നു സുനിത എല്ലാം ഒപ്പം കൊണ്ടുവരുന്നില്ല. നഷ്ടപ്പെട്ടത് ഒരു ക്യാമറയാണ്. ആദ്യത്തെ ബഹിരാകാശ നടത്തത്തിനിടെ അറ്റാച്ചർ എക്യുപ്മെന്റിൽ നിന്നു പിടിവിട്ട് സുനിതയുടെ ക്യാമറ പറന്നു. സുനിത പകർത്തിയ ചിത്രങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് ആ കാമറ അവിടെ പൊങ്ങിപ്പറന്നു നടപ്പുണ്ടാവും. ഒരു അപ്പൂപ്പൻതാടി പോലെ. മണ്ണിൽ തിരിച്ചെത്തുന്നൂ... സ്വപ്നം കണ്ടയിടത്തുകൂടിയെല്ലാം പറന്നു തുടിച്ച് ചേക്കേറുന്ന സുനിതയെന്ന ബഹിരാകാശപ്പറവ!