ട്രംപിനെ വരച്ചവരയിൽ നിർത്തി പുട്ടിൻ; പുട്ടിന്റെ ഫോണിനായി ട്രംപ് കാത്തിരുന്നത് ഒരു മണിക്കൂർ

Mail This Article
ന്യൂഡൽഹി ∙ അമേരിക്കൻ പ്രസിഡന്റിനെക്കൊണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിക്കുക, അതിനുശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പൂർണമായും സ്വീകരിക്കാതെ ചിലതുമാത്രം പരിഗണിക്കാൻ തയാറാവുക. ഒപ്പം തന്റെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവച്ച് അവ അംഗീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കുക. പിരിയുന്നതിനുമുൻപ് അജൻഡയിലില്ലാത്ത വിഷയങ്ങളായ മധ്യപൂർവദേശത്തെ പ്രശ്നങ്ങളും മറ്റും എടുത്തിടുക. ഒടുവിൽ അന്തരീക്ഷം സുഖകരമാക്കാനെന്നവണ്ണം റഷ്യയും അമേരിക്കയും തമ്മിൽ ഐസ് ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുക.
ആധുനിക ആഗോളരാഷ്ട്രീയത്തിലെ വില്ലനായി അമേരിക്കയും സഖ്യകക്ഷികളും വിശേഷിപ്പിച്ചിരുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒരുപക്ഷേ കാത്തിരുന്ന ദിവസമായിരുന്നിരിക്കാം ചൊവ്വാഴ്ച. 3 കൊല്ലമായി റഷ്യ അനുഭവിച്ച രാഷ്ട്രീയ–വാണിജ്യ തൊട്ടുകൂടായ്മയ്ക്ക് പ്രതികാരം ചെയ്ത ദിവസം. അതുതന്നെ അപ്രതീക്ഷിത തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി ലോകരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഡോണൾഡ് ട്രംപ് നയിക്കുന്ന അമേരിക്കയോട്.
നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും ആ സമയത്ത് റഷ്യയിലെ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പുട്ടിൻ. അതിനാൽ ഒരു മണിക്കൂറോളം താമസിച്ചാണ് കോൾ അറ്റൻഡ് ചെയ്യാൻ എത്തിയതുതന്നെ. ട്രംപ് വിളിക്കുമ്പോൾ എന്തു ചർച്ചചെയ്യണമെന്ന് വ്യക്തമായ ധാരണയോടെയാണ് പുട്ടിൻ അതിനു മുതിർന്നതെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ചർച്ചയ്ക്കു തയാറാണോ എന്ന് അമേരിക്കയിൽനിന്ന് അന്വേഷണം വന്നപ്പോൾ മാർച്ച് 18 എന്ന ദിവസം തിരഞ്ഞെടുത്തതുതന്നെ റഷ്യയാണ്. 11 കൊല്ലം മുൻപു യുക്രെയ്നിന്റെ പക്കൽനിന്ന് ക്രൈമിയ പിടിച്ചെടുത്തതിന്റെ വാർഷികദിനം. റഷ്യയിലും ലോകത്തെമ്പാടുമുള്ള റഷ്യൻ നയതന്ത്രകാര്യാലയങ്ങളിലും ‘ക്രൈമിയ നവോത്ഥാനദിനം’ ആഘോഷിക്കുന്നതിനിടെ ആയിരുന്നു ട്രംപിന്റെ ഫോൺകോൾ.
‘നിലവിൽ നടക്കുന്ന യുദ്ധത്തിൽ ഭൂമി പിടിച്ചെടുക്കണമെന്ന ഉദ്ദേശ്യമേ ഞങ്ങൾക്കില്ല’– റഷ്യൻ എംബസിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ റമോൺ ബാബുഷ്ക്കോവ് ഡൽഹിയിൽ നടത്തിയ ചടങ്ങിൽ പറഞ്ഞു. ‘എന്നാൽ റഷ്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്കനുവദിക്കാനാവില്ല.’ പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയിൽ അംഗമാകാനുള്ള യുക്രെയ്നിന്റെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
30 ദിവസത്തേക്കു വെടിനിർത്തണമെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ തള്ളി. പകരം, 30 ദിവസത്തേക്കു പരസ്പരം ഊർജ വിതരണ സ്ഥാപനങ്ങളും ശൃംഖലകളും ആക്രമിക്കില്ലെന്ന ഉറപ്പുനൽകാനേ റഷ്യ തയാറായുള്ളു. ഇക്കാലയളവിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നിന് ആയുധങ്ങളും രഹസ്യവിവരങ്ങളും നൽകരുതെന്ന നിബന്ധന വയ്ക്കുകയും ചെയ്തു. ചുരുക്കത്തിൽ കാതലായ ആവശ്യങ്ങൾ അംഗീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. അതോടെ പന്ത് വീണ്ടും ട്രംപിന്റെ കോർട്ടിൽ. പുട്ടിൻ നിരത്തിയ ആവശ്യങ്ങൾ യുക്രെയ്നെയും യൂറോപ്യൻ രാജ്യങ്ങളെയും ബോധ്യപ്പെടുത്തേണ്ട ചുമതലകൂടി ട്രംപിന്റെ തോളിലായി.