ഇസ്രയേൽ ആക്രമണം ശക്തം, 85 പലസ്തീൻകാർ കൊല്ലപ്പെട്ടു; 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 596 പേർ

Mail This Article
ജറുസലം ∙ ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നു. ബുധനാഴ്ച അർധരാത്രിക്കുശേഷം വീടുകൾക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 85 പലസ്തീൻകാർ കൊല്ലപ്പെട്ടു. 133 പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ നൂറുകണക്കിനാളുകൾക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ചയ്ക്കുശേഷം ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 596 ആയി. ഇതിൽ 200 കുട്ടികളും ഉൾപ്പെടുന്നു.
ഇസ്രയേൽ സൈന്യം ഇന്നലെ വീണ്ടും ഗാസയിൽ പ്രവേശിച്ചു. ഗാസ സിറ്റി അടക്കം വടക്കൻ ഗാസയിൽ സൈനിക ഉപരോധം ഏർപ്പെടുത്തി. യുദ്ധത്തിൽ തകർന്നുതരിപ്പണമായ വടക്കൻ ഗാസയിലേക്കു ലക്ഷക്കണക്കിനു പലസ്തീൻകാർ ജനുവരിയിൽ വെടിനിർത്തലിനു പിന്നാലെ തിരിച്ചെത്തിയിരുന്നു. ഇവർ വീണ്ടും നാടുവിടേണ്ട സ്ഥിതിയാണിപ്പോൾ.
അതേസമയം, ഇന്നലെ മധ്യ ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഇസ്രയേലിൽ പലയിടത്തും വ്യോമാക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി. വെടിനിർത്തൽ ഉപേക്ഷിച്ച് ഇസ്രയേൽ ആക്രമണം തുടങ്ങിയതിനുശേഷം ഹമാസിന്റെ ആദ്യ പ്രത്യാക്രമണമാണിത്. യെമനിൽനിന്നുള്ള ഹൂതികളുടെ മിസൈൽ വെടിവച്ചിട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഇന്നലത്തെ ആക്രമണങ്ങളിൽ ഖാൻ യൂനിസിനു സമീപം ഒരു വീട്ടിലെ 7 കുട്ടികളടക്കം 16 അംഗങ്ങൾ കൊല്ലപ്പെട്ടതായി യൂറോപ്യൻ ആശുപത്രി അധികൃതർ അറിയിച്ചു. ഈ വീട്ടിലെ ഒരുമാസം പ്രായമായ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. യുഎന്നിന്റെ പലസ്തീൻ അഭയാർഥിസംഘടനയായ യുഎൻആർഡബ്ല്യുഎയുടെ 5 ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലെ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി സംഘടനയുടെ മേധാവി ഫിലീപ് ലാസറിനി പറഞ്ഞു.