ADVERTISEMENT

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ കലക്ടറായി നിയമിച്ചത് വിവാദമായിരിക്കുകയാണല്ലോ. നിയമത്തിന്റെ തലനാരിഴ കീറുമ്പോൾ ഒരു പക്ഷേ ഈ നിയമനത്തിൽ തെറ്റില്ലായിരിക്കാം. ശിക്ഷിക്കപ്പെടാത്ത കാലത്തോളം ഒരാൾ കുറ്റവാളിയാകുന്നില്ല. വാഹനാപകടത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ജഡ്ജിമാർ വരെ അവരുടെ ഔദ്യോഗിക ജോലി തുടർന്നും ചെയ്യുന്നുണ്ടാവും.

എന്നാൽ അർധരാത്രിയിൽ ഒരു യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം ഒരു ജില്ലയുടെ കലക്ടറായി നിയമിക്കപ്പെട്ടത് ജനം അസ്വസ്ഥതയോടെയാണു കാണുന്നത്. മാധ്യമപ്രവർത്തകർക്കിടയിലും അത് വലിയ അമ്പരപ്പു സൃഷ്ടിച്ചിട്ടുണ്ട്. മരിച്ച ബഷീർ ഒരു മാധ്യമ പ്രവർത്തകൻ ആയതുകൊണ്ടു മാത്രമല്ല. മറ്റേതെങ്കിലും തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിഴും ഇതേ ചോദ്യം ഉയരും. ബോധപൂർവമല്ലാത്ത വാഹനാപകടം കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമായി കാണുന്നില്ല. എന്നാൽ ഈ അപകടത്തെ മനപ്പൂർവമല്ലാത്ത അപകടമായി എങ്ങനെ കാണും? പ്രതിസ്ഥാനത്തു നിൽക്കുന്നത് ഉന്നതനായതുകൊണ്ട് കുറ്റം ചെറുതാവില്ലല്ലോ?

 

ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവും ആ രാത്രിയിൽ അരങ്ങേറിയ നാടകവും കൃത്യമായി അറിയുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ഈ നിയമനത്തിലേക്കു നയിച്ച സർക്കാരിന്റെ ധാർമികതയെയും യുക്തിഭദ്രതയെയും ചോദ്യം ചെയ്യാതെ വയ്യ. അർധരാത്രിയിൽ മദ്യപിച്ച് ലക്കുകെട്ട ഒരാൾ തന്റെ സുഹൃത്തായ ഒരു സ്ത്രീയെ വിളിച്ചു വരുത്തി ആ കാറിൽ യാത്ര ചെയ്യുന്നതിന്റെ ധാർമികതയൊന്നും ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. മദ്യപിക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യുന്നില്ല. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം. എന്നാൽ മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിൽ ആ സ്ത്രീയുടെ എതിർപ്പിനെ പോലും അവഗണിച്ച് ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു കാർ ഓടിക്കുക. ഒരു കിലോമീറ്ററിനുള്ളിൽത്തന്നെ അമിതവേഗമാർജിക്കുന്ന കാർ, റോഡ് നിയമങ്ങൾ പാലിച്ചു സഞ്ചരിച്ച യുവാവിന്റെ സ്കൂട്ടറിൽ ഇടിച്ച് അയാളെ കൊല്ലുക. ഒരു കുടുംബത്തെ അനാഥമാക്കുക. അന്ന് അപകടസ്ഥലം നേരിട്ടു സന്ദർശിച്ചവർക്ക് അപകടത്തിന്റെ ഭീകരത മനസ്സിൽനിന്നു മായില്ല.

 

basheer-accident
ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം . ഫയൽ ചിത്രം∙മനോരമ

അവിടം കൊണ്ടു കാര്യങ്ങൾ അവസാനിക്കുന്നില്ല. നഗരത്തിൽ പൊലീസ് സ്റ്റേഷന് അടുത്തു നടന്ന അപകടമായിട്ടും

ഐഎഎസുകാരന്റെ പദവി ഉപയോഗിച്ച് പൊലീസിൽനിന്നു രക്ഷപ്പെടുന്നു. ജില്ലാ ആശുപത്രിയിൽ സുഹൃത്തിനൊപ്പം സ്വയം വൈദ്യ പരിശോധനയ്ക്ക് എത്തി ഇതേ പദവിയും സ്വാധീനവും ഉപയോഗിച്ച് ആൽക്കഹോൾ പരിശോധന ഒഴിവാക്കുന്നു. ഒടുവിൽ പിറ്റേന്ന് മാധ്യമങ്ങളിൽ വാർത്തയാവുകയും ക്രിമിനൽ കേസിൽ പ്രതിയാകുമെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശനം നേടുന്നു. സംഭവം നടന്ന് 18 മണിക്കൂർ കഴിഞ്ഞു നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ അംശം രക്തത്തിൽ കാണാതിരുന്നതിൽ അദ്ഭുതമില്ല. 

 

നിയമവും ചട്ടവും സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ അതേ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ക്രിമിനൽ കേസിൽനിന്ന് രക്ഷനേടാൻ ശ്രമിക്കുകയും അതിന്റെ മറവിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അതിനെല്ലാം ശേഷം ഇപ്പോൾ ഇതാ ഒരു ജില്ലയുടെ രക്ഷാധികാരിയുടെ ചുമതല വഹിക്കേണ്ട കലക്ടറുടെ പദവിയിൽ. ഐഎഎസ് ഉദ്യോഗസ്ഥൻ കുറഞ്ഞത് രണ്ടു വർഷം കലക്ടർ പദവിയിൽ ഇരിക്കണമെന്നു വ്യവസ്ഥയുണ്ട്. പക്ഷേ അതിനു കാലപരിധി ഒന്നുമില്ല. കോടതി കുറ്റവിമുക്തനാക്കിയശേഷം ആ പദവിയിൽ ഇരിക്കാം. എന്നാൽ ഇപ്പോൾ ജില്ലാ ഭരണത്തിന്റെ ചുമതലയുള്ള ഈ കലക്ടറാണ് നാളെ മദ്യത്തിനും ലഹരിമരുന്നിനുമെതിരെ നടപടിയെടുക്കേണ്ടതും നാട്ടിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതും എന്നോർക്കുക. സാമൂഹികവിരുദ്ധരെ മുതൽ തീവ്രവാദികളെ വരെ നിയമത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ശിക്ഷിക്കേണ്ട ന്യായാധിപൻ. നാളെ ഒരു പ്രതി തിരിഞ്ഞുനിന്ന് ചോദിച്ചാൽ ഈ കലക്ടർക്ക് എന്തു ധാർമികതയാണ് അതിനെ നേരിടാൻ? നിയമവും ധാർമികതയും ഇത്രയും പരിഹാസ്യമായ മറ്റൊരു കാലവും ഉണ്ടായിട്ടില്ല.

English Summary : Thalakuri Column about Sriram Venkitaraman Appointment as Alappuzha Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com