ADVERTISEMENT

വേനലിനോടു പൊരുതി സ്വയം പൂക്കാലമാകുന്ന കണിക്കൊന്നകൾ... വിഷു വിടരുന്നത് അങ്ങനെയാണ്. മറഞ്ഞുപോയ കാലങ്ങളിൽ, പഴമനസ്സുകളിൽ ഇന്നും വിഷു കൃഷിയോടുള്ള ആത്മബന്ധത്തിന്റെ  ഉത്സവമാണ്.  കണികണ്ടുണർന്ന്, വിഷുച്ചാൽ പൂട്ടി, കൊന്നപ്പൂവു വിതറിയശേഷം വിത്തു വിതയ്ക്കൽ. പല കാലങ്ങളുടെ പെരുമഴകൾക്കൊടുവിൽ ആ പതിവുകളെല്ലാം കൊഴിഞ്ഞുപോയി. എങ്കിലും ആ നാട്ടുരുചികൾ ഇന്നും ബാക്കിയുണ്ട്. വിഷുദിനത്തിനായി പ്രകൃതി എന്നേ രുചിയുടെ കണിയൊരുക്കിത്തുടങ്ങി. തേൻമധുരമൊളിപ്പിച്ച മാമ്പഴങ്ങളും ചക്കയും നിറയുന്ന കാലമാണിത്. കണിക്കൊന്ന നിറത്തിൽ തുളുമ്പുന്ന മാമ്പഴപ്പുളിശേരിയും വഴനയിലയുടെ സൗരഭ്യമുള്ള ചക്കയടയും പോലെയുള്ള രുചിക്കൂട്ടുകൾ അടുക്കളകൾക്ക് അലങ്കാരമാകും. വിഷുവിന്റെ നാട്ടുരുചികളിലൂടെ...

 

∙ ലളിതം, പ്രാതൽ

വിഷുക്കഞ്ഞിയും ചക്കപ്പുഴുക്കും; അതാണു താരം. തേങ്ങയും ജീരകവും മഞ്ഞളും ചേർത്തരച്ച, വെന്തുടഞ്ഞ ചക്കപ്പുഴുക്കും തേങ്ങാപ്പാൽരുചിയുള്ള കഞ്ഞിയും....അസാധ്യ രുചി തന്നെ!

∙ കണിക്കൊന്ന പൂക്കും പോൽ മാമ്പഴപ്പുളിശ്ശേരി

പഴുത്തുതുടങ്ങിയ മാങ്ങ മൺചട്ടിയിൽ അൽപം വെള്ളത്തിൽ ഒന്നു മൃദുവാകും വരെ വേവിക്കണം. തേങ്ങയും പച്ചമുളകും ജീരകവും ചേർത്തരച്ച കൂട്ടിൽ നേർത്ത പുളിയുള്ള തൈരിനൊപ്പം, മാങ്ങ ഒന്നു മുങ്ങിനിവരാനിടണം. അരപ്പു കുറുകിപ്പോയാൽ അൽപം തിളപ്പിച്ചാറ്റിയ വെള്ളം ചേർക്കാം.  തിള വരുംമുൻപു ചട്ടി അടുപ്പിൽ നിന്നിറക്കണം. ഉലുവമണികളുമിട്ട്, കടുകു വറുത്തൊഴിക്കുന്നതു പിന്നാലെ.  മാമ്പഴപ്പുളിശ്ശേരി കഴിക്കുമ്പോഴും മാങ്ങയെ മറക്കാൻ പാടില്ല. ഒന്നോടെ ചോറിലേക്കു പിഴിഞ്ഞുചേർക്കണം. മാങ്ങാമധുരവും തൈരിന്റെ ചെറുപുളിയും പച്ചമുളകിന്റെ എരിവും കൂടി നാവിൽ രുചിയുടെ പൂത്തിരി വിടരും. 

∙ രുചിയിൽ ചെറുതല്ല....

ചക്കക്കുരുകൾ ചുരണ്ടിയെടുക്കാൻ അൽപം പാടുതന്നെയാണ്. പക്ഷേ മാങ്ങയ്ക്കൊപ്പം കറിവച്ചാൽ ആ രുചിയിൽ പെടാപ്പാടൊക്കെ മുങ്ങിപ്പോകും. ചക്കക്കുരു ചതച്ച് ഉപ്പു പുരട്ടി   ഒന്നു മയപ്പെടുംവരെ വേവിക്കാം. ഇനിയാണു പച്ചമാങ്ങ ചേർക്കേണ്ടത്. മാങ്ങയുടെ കുഞ്ഞുതുണ്ടുകൾ വെന്തുവരുമ്പോൾ തേങ്ങയും മഞ്ഞളും വറ്റൽമുളകും ജീരകവും ചേർത്തരച്ചതൊഴിച്ചു കുറുക്കിയെടുക്കും. കടുകിനൊപ്പം കറിവേപ്പിലയും വറ്റൽമുളകും താളിക്കാം. കറിയുടെ ലളിതഭംഗിക്കുമീതെ അവ തൊങ്ങൽ തീർക്കും.

∙ തൊട്ടുനോക്കാൻ, അച്ചാർ

ila-ela-ada-kerala-food-tradtional-vishu-onam
Photo Credit : Santhosh Varghese / Shutterstock.com

വിഷുവിനു കണിക്കൊന്ന നിറമുള്ള കറികൾ മാത്രമോ എന്നു സംശയിച്ചാൽ, എരിവിനും പുളിക്കുമായി അച്ചാറിനെ കൂട്ടുപിടിക്കാം.  പച്ചമാങ്ങാത്തുണ്ടുകളിൽ ഉപ്പും മുളകും മണത്തിന് അൽപം  കായപ്പൊടിയും ഉലുവപ്പൊടിയും പുരട്ടി നല്ലെണ്ണയിൽ വഴറ്റിയെടുത്താൽ അച്ചാർ രുചിയുമായി. നേരിയതായി മുറിച്ചെടുത്ത മാങ്ങാക്കഷ്ണങ്ങൾ ഉപ്പും മഞ്ഞളും തൂവി പൊരിവെയിലിൽ വാട്ടിയെടുത്താൽ അച്ചാറുണ്ടാക്കാൻ അടമാങ്ങയുമായി.

∙ ഇലപ്പൊതിയിലെ ആ മഹാരുചി

എരിവുമാത്രമല്ല, മധുരവും കിനിയുന്നുമുണ്ട് വിഷു രുചികളിൽ. ചക്കയടയും ചക്കപ്പായസവും തന്നെ മുന്നിൽ.  ഓട്ടുരുളിയിൽ അൽപം വെള്ളമൊഴിച്ചു പഴുത്ത ചക്കച്ചുളത്തുണ്ടുകൾ വേവിക്കണം.  

തിളയ്ക്കുന്ന ശർക്കരപാനിയും ചേർത്ത് ഇളക്കിക്കൊണ്ടേയിരിക്കണം.  ഇല്ലെങ്കിൽ ഈ കൂട്ട്  കൂട്ടുവെട്ടി, ഓട്ടുരുളിയിൽ ബലംപിടിച്ചിരിക്കും. വറ്റിവരുമ്പോൾ നെയ്യൊഴിക്കാം. ഹൽവ പോലെ  കട്ടിയാകുമ്പോഴേക്കും ഏലയ്ക്കപ്പൊടി ചേർക്കാം.. ചക്കവരട്ടിയത് എന്ന ഈ അദ്ഭുത രുചി ചേർത്താണു ചക്കയടയും പായസവും തയാറാക്കുക. ഒരു ഗ്ലാസ് അരിപ്പൊടി, ഒരു മുറി തേങ്ങ, രണ്ടു തവി ചക്കവരട്ടിയത് – ഇതുമതി അടയ്ക്ക്. വെള്ളം ചേർക്കാതെ കുഴച്ചെടുക്കാം. ഇതു വഴനയിലയുടെ സൗരഭ്യത്തിൽ പൊതിഞ്ഞ് ആവിയിൽ പുഴുങ്ങിയെടുക്കുമ്പോഴാണു ചക്ക ഇത്ര മഹാനോ എന്നു ചിന്തിച്ചുപോകുക. ചക്കവരട്ടിയെടുത്ത ഉരുളി കഴുകുംമുൻപു പായസം കൂടി തയാറാക്കാം. ഇതേ ഉരുളിയിലേക്കു രണ്ടു തേങ്ങയുടെ പാലും ചക്കവരട്ടിയതും ചേർത്ത് അൽപമൊന്നു കുറുക്കിയെടുത്താൽ പായസരുചിയുമായി. ഏലയ്ക്കാത്തരികളും നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും മീതെ വിതറാം. മറ്റ് അലങ്കാരങ്ങളൊന്നും വേണ്ടല്ലോ. ആ ഗംഭീരരുചി തന്നെ ധാരാളം.

English Summary : Traditional recipes for a faboulous vishuu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com