ഇവേ ബില്ലിലെ ടു ഫാക്ടർ ഓഥന്റിക്കേഷൻ: പ്രായോഗിക പ്രശ്നങ്ങൾ മറികടക്കാം
Mail This Article
ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് അയയ്ക്കും. ഈ ഒടിപി കൂടി രേഖപ്പെടുത്തിയാൽ മാത്രമാണ് പോർട്ടൽ ലോഗിൻ പൂർത്തിയാവുക. ഒരാൾ അനധികൃതമായി യൂസർ ഐഡിയും പാസ്‌വേഡും കൈവശപ്പെടുത്തിയാലും പോർട്ടൽ ലോഗിൻ തടയുന്നതിനു വേണ്ടിയാണ് ഈ ഇരട്ട സുരക്ഷിതത്വം കൊണ്ടുവന്നിട്ടുള്ളത്. ഇന്റർനെറ്റ് ബാങ്കിങ്, ജി മെയിൽ ഉൾപ്പെടെ പല പോർട്ടലുകളിലും ഇത് നിർബന്ധിതമായോ ഓപ്ഷനലായോ കൊടുത്തിട്ടുണ്ട്. 20 കോടി രൂപയ്ക്കു താഴെ വിറ്റുവരവുള്ളവർ 2എഫ്എ ആവശ്യമില്ലെങ്കിൽ പോർട്ടലിൽ ഒരു അണ്ടർടേക്കിങ് നൽകണം. ഇത് ഓരോ മാസം കൂടുമ്പോഴും പുതുക്കി സമർപ്പിക്കുകയും വേണം.
പല സ്ഥാപനങ്ങളിലും ജീവനക്കാരാണ് ഇൻവോയ്‌സ്, ഇ-വേ ബിൽ എന്നിവ തയാറാക്കുക. ഇവിടെ വരുന്ന പ്രശ്നം പലപ്പോഴും റജിസ്ട്രേഡ് മൊബൈൽ സ്ഥാപന ഉടമയുടെ പക്കലായിരിക്കും. സ്ഥാപന ഉടമ സ്ഥാപനത്തിൽ ഇല്ലാത്ത സമയത്ത് ജീവനക്കാരന് ലോഗിൻ ചെയ്യാൻ സ്ഥാപന ഉടമയോട് ഓരോ തവണയും ഒടിപി വിളിച്ച് ചോദിക്കേണ്ട സാഹചര്യമുണ്ട്. ഇത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. മാത്രമല്ല ഒന്നിലേറെ ശാഖകളുള്ള സ്ഥാപനങ്ങൾക്ക് അതത് ശാഖയിൽ നിന്ന് ഇ -വേ ബിൽ തയാറാക്കുമ്പോഴും ഈ പ്രശ്നം നേരിട്ടേക്കാം. താഴെ പറയുന്ന മാർഗങ്ങളിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും.
1. സബ് യൂസർ സംവിധാനം
ഇ– വേ ബിൽ സൈറ്റിൽ ലോഗിൻ ചെയ്യാൻ സ്ഥാപന ഉടമയ്ക്കു ജീവനക്കാരുടെ പേരിൽ സബ് യൂസറെ സൃഷ്ടിക്കാൻ സാധിക്കും. ഇതിനായി ഇ–വേ ഹബിൽ സൈറ്റിൽ ലോഗിൻ ചെയ്ത് ഇടതു വശത്തുള്ള മെനുവിൽ കാണുന്ന സബ് യൂസർ മെനു ക്ലിക്ക് ചെയ്യുക. തുടർന്നു വരുന്ന സ്‌ക്രീനിൽ ജീവനക്കാരന്റെ വിവരങ്ങളും മൊബൈൽ, വ്യക്തിഗത ഇമെയിൽ ഉൾപ്പെടെ നൽകുക. സബ് യൂസറുടെ ഐഡിയിൽ വരേണ്ട വാക്ക് കൂടി നൽകുക. അപ്പോൾ ആ ജീവനക്കാരന്റെ പേരിൽ ഒരു പുതിയ യൂസർ ഐഡി ക്രിയേറ്റ് ആകും. പ്രധാന യൂസർ ഐഡിയും ‘#” ചിഹ്നവും പുതുതായി കൊടുത്ത വാക്കും കൂടി ചേർന്ന പുതിയ സബ് യൂസർ ഐഡി ലഭിക്കും. ഈ പുതിയ ഐഡിയിൽ ലോഗിൻ ചെയ്ത് പുതിയ പാസ്‌വേഡ് ജീവനക്കാരന്റെ മൊബൈൽ / ഇമെയിൽ ഒടിപി വഴി സെറ്റ് ചെയ്യാം. ഇങ്ങനെ പരമാവധി 10 ജീവനക്കാരെ വരെ സബ് യൂസർ ആയി ഉൾപ്പെടുത്താം.
അവരവരുടെ വ്യക്തിഗത മൊബൈൽ നമ്പറും ഇമെയിലും നൽകിയാൽ മതിയാകും. പോർട്ടലിൽ കൊടുക്കുന്ന റോൾ അനുസരിച്ച് ഈ സബ് യൂസർക്ക് ഇ–വേ ബില്ലുകൾ ജനറേറ്റ് ചെയ്യാം.
2 .എൻഐസി - ജിഎസ്ടി ഷീൽഡ് ആപ്
ഇ–വേ ബിൽ പോർട്ടലിൽ ‘ടു ഫാക്ടർ ഓഥന്റിക്കേഷൻ’ എന്ന സബ് മെനുവിൽ നിന്ന് എൻഐസിയുടെ ‘എൻഐസി -ജിഎസ്ടി ഷീൽഡ്’ (NIC-GST Sheild) ആപ് ഡൗൺലോഡ് ചെയ്യാം (ആപ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമല്ല.) ഇൻസ്റ്റോൾ ചെയ്യുന്ന മൊബൈൽ, ഉടമയുടേതാകണമെന്ന് നിർബന്ധമില്ല. പിന്നീട് ആപ് പോർട്ടലിൽ റജിസ്റ്റർ ചെയ്യുക. യൂസർ ഐഡി, പാസവേഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യുമ്പോൾ വരുന്ന ഒടിപി, ഉടമയുടെ മൊബൈലിലേക്കാണു പോവുക ആ ഒടിപി, ആപ് ഇൻസ്റ്റോൾ ചെയ്ത് മൊബൈലിൽ ഒടിപി ചോദിക്കുന്ന ഭാഗത്ത് എന്റർ ചെയ്യുക. അതോടെ ആ മൊബൈലിൽ ആപ് പ്രവർത്തനക്ഷമമാകും.
ആപ് ശരിയായി ഇൻസ്റ്റോൾ ആകാൻ റജിസ്റ്റർ ചെയ്യുന്ന മൊബൈലിലെ സമയവും പോർട്ടലിൽ കാണിക്കുന്ന സമയവും ഒന്നാണെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ ആപ് തുറന്നാൽ അതിൽ ഓരോ 30 സെക്കൻഡിലും ഓരോ ഒടിപി വരും. ടു ഫാക്ടർ ഓഥന്റിക്കേഷനിൽ പോർട്ടലിൽ ഒടിപി ചോദിക്കുന്ന ഭാഗത്ത് ആപ്പിൽ കാണിക്കുന്ന ഒടിപി 30 സെക്കൻഡിനുള്ളിൽ നൽകിയാൽ മതിയാകും. സമയം കഴിഞ്ഞാൽ പുതിയതു നൽകണം. ഈ ആപ് നേരത്തെ പറഞ്ഞ ഓരോ സബ് യൂസറുടെയും യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചും പ്രത്യേകം റജിസ്റ്റർ ചെയ്യാം.