ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 33% വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇൗ കണക്കുകൾ വിവരിച്ചത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്ത് മൊത്ത വാഹനങ്ങളുടെ 52% വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

റോഡ് ക്യാമറ പദ്ധതി നടപ്പാക്കിയ ശേഷം കേരളത്തിൽ അപകടമരണ നിരക്ക് കുറഞ്ഞുവെന്നും ഗുരുതരമായി പരുക്കേറ്റ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം കുറഞഞുവെന്നുമുള്ള നിലപാട് സർക്കാർ യോഗത്തിൽ ആവർത്തിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം ചർച്ചചെയ്യുന്നതിനാണ് രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനികളെ വിളിച്ചുവരുത്തിയത്. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കമ്പനികൾക്കുള്ളത്. കൂടുതൽ ചർച്ചകൾക്കായി സർക്കാർ പ്രത്യേക ഉദ്യോഗസ്ഥ കമ്മിറ്റിയെയും രൂപീകരിച്ചു.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്താൽ സൂക്ഷിക്കുന്നതിന് പൊതുവായ സ്ഥലം കണ്ടെത്തിയാൽ ഇൻഷുറൻസ് കമ്പനികൾ വാടക നൽകണമെന്നതിലും ഏകദേശധാരണയായി. അപകടസ്ഥലത്തു നിന്നു പരുക്കേറ്റവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിലെത്തുന്ന ഗുഡ് സമരിറ്റൻ വ്യക്തികൾക്ക് ഇൻഷുറൻസ് കമ്പനികൾ പാരിതോഷികം നൽകണമെന്ന ആവശ്യവും  മുന്നോട്ടുവച്ചിട്ടുണ്ട്.

ഇതിലും അനുകൂല നിലപാട് കമ്പനികൾ അറിയിച്ചു. റോഡ് ക്യാമറയിൽ അപകടം മൂലം കേടാകുന്നവ മാറ്റിവയ്ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളുടെ സഹായം  തേടിയിട്ടുണ്ട്. നാൽപതോളം കമ്പനി പ്രതിനിധികൾ പങ്കെടുത്തു. മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്, അഡിഷനൽ ഗതാഗത കമ്മിഷണർ പ്രമോജ് ശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com