''എന്നാലും മോനേ കമ്പ്യൂട്ടറിലൂടെ പച്ചമീന്‍ കിട്ടുമോ''
Mail This Article
സീ ടു ഹോം തുടങ്ങിയ സമയത്താണ്; മാത്യു ജോസഫ് അണ്ടര്‍ സെക്രട്ടറിയായ ആന്‍റിയെ കാണാന്‍ തിരുവനന്തപുരത്തു പോകുന്നു. കമ്പനിയെ കുറിച്ചും ബിസനസിനെക്കുറിച്ചും ഓണ്‍ലൈനില്‍ മീന്‍ കച്ചവടം നടത്തുന്നതിനെക്കുറിച്ചെല്ലാം വിശദീകരിച്ചു. അത്താഴവും കഴിച്ച് അവിടെ കിടന്നുറങ്ങി രാവിലെ പോകാനിറങ്ങുമ്പോള്‍ ആന്‍റിയുടെ ചോദ്യം. :''എന്നാലും മോനേ കമ്പ്യൂട്ടറിലൂടെ പച്ചമീന്‍ കിട്ടുമോ - എന്ന്. മീന്‍ കച്ചവടത്തെ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മീന്‍ കിട്ടും എന്നു പറഞ്ഞു പഠിപ്പിക്കാനായിരുന്നു എന്ന് ഫ്രെഷ് ടു ഹോമിന്റെ സാരഥിയായ മാത്യു ജോസഫ് പറയുന്നു. മലയാള മനോര സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റിലാണ് അദ്ദേഹം മനസു തുറക്കുന്നത്.
തന്‍റെ ബിസിനസിനെ ഓണ്‍ലൈനില്‍ ചെയ്യാമെങ്കില്‍ എല്ലാ ബിസിനസും ഓണ്‍ലൈനില്‍ ചെയ്യാമെന്നു മാത്യു ജോസഫ് പറയുന്നു. ചെയ്യുന്നത് മീന്‍ കച്ചവടമാണ്. ഇതിനെ ഡിജിറ്റലൈസ് ചെയ്തതാണ് തന്‍റെ വിജയം. 2012ല്‍ ഓണ്‍ലൈന്‍ മീന്‍ കച്ചവടം തുടങ്ങുമ്പോള്‍ ഇന്ത്യയിലെ മല്‍സ്യ വിപണി 5000 കോടി ഡോളറിലും വലിയതായിരുന്നു. ആ പരമ്പരാഗത മല്‍സ്യ വ്യവസായത്തിലേയ്ക്കു സാങ്കേതിക വിദ്യയെ കൊണ്ടു വരിക മാത്രമാണ് ചെയ്തത്. ഇപ്പോഴും ഇന്ത്യയില്‍ 97 ശതമാനം മല്‍സ്യ വ്യവസായം അസംഘടിതമാണ്. ബാക്കി വരുന്ന മൂന്നു ശതമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഫ്രെഷ് ടു ഹോമിന്‍റെ വിറ്റു വരവ് 1200 കോടി രൂപയാണ്. ഇവിടെ നമ്മുടെ വിപണി അത്ര വലുതാണ്.
ഇന്ത്യന്‍ വിപണിയുടെ വലിപ്പം അറിയാന്‍ ചെറിയൊരു കണക്കും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ 140 കോടി വരുന്ന ജനസംഖ്യയുടെ 90 ശതമാനത്തെ മാറ്റി നിര്‍ത്താം. ബാക്കി 10 ശതമാനത്തിനു മാത്രം നാല് തീപ്പെട്ടിഎല്ലാ മാസവും വില്‍ക്കാനായാല്‍ വിറ്റുവരവ് തന്‍റെ കമ്പനിയുടേതിലും മുകളില്‍ വരും. ആപ്പിൾ ഉൾപ്പടെയുള്ള ആഗോള വമ്പന്മാരെല്ലാവരും ശ്രമിക്കുന്നത് ഇന്ത്യന്‍ വിപണിയിലേയ്ക്കു വരുന്നതിനാണ്. അത്ര വലിപ്പമുള്ളതാണ് ഇന്ത്യന്‍ വിപണി. - അദ്ദേഹം പറയുന്നു