മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ, ആറു ഘട്ടങ്ങളിലൂടെ
Mail This Article
അപകടസാധ്യതകൾ മുൻകൂട്ടി അറിയുകയെന്നത് ഏതു സംരംഭത്തെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഇങ്ങനെ റിസ്ക് മുൻകൂട്ടി അറിഞ്ഞാൽ അതിനെ നേരിടാൻ സംരംഭകർക്കു കഴിയും. അതിന് ആദ്യം പല വിധത്തിലുള്ള റിസ്കുകളെക്കുറിച്ച് അറിയണം.
1. ഓപ്പറേഷനൽ റിസ്ക്
ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട റിസ്കുകളാണിവ. മെഷിനറികളുടെ കേടുപാടുകൾ, വിതരണക്കാരും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ സംരംഭത്തെ സജ്‌ജമാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, പകരം വിതരണക്കാരെ കണ്ടുവയ്ക്കാം. പ്രശ്നങ്ങളിലേക്കു പോകാൻ സാധ്യതയുള്ളവ കണ്ടുപിടിച്ചു തിരുത്താം.
2. ഫിനാൻഷ്യൽ റിസ്ക്
സാമ്പത്തിക കാര്യങ്ങളിലെ അപകടസാധ്യതയാണിത്. വരവുചെലവിലുള്ള അപാകതകൾ, ഉയർന്ന കടം എന്നിവ ഇതിൽ ചിലതാണ്. കൃത്യമായ സാമ്പത്തിക പ്ലാനിങ്ങിലൂടെ വേണം ഈ റിസ്കിനെ നേരിടാൻ.
3. മാർക്കറ്റ് റിസ്ക്
ഡിമാൻഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണിത്. ആവശ്യക്കാർ കുറയുക, വിപണിയിലെ മത്സരം കൂടുക, സാമ്പത്തിക മാന്ദ്യം എന്നിവ ഇതിൽ ചിലതാണ്. കൃത്യമായ വിപണി നിരീക്ഷണം, മാറ്റങ്ങൾക്കനുസരിച്ച് വളരെ വേഗം സംരംഭത്തെ പൊരുത്തപ്പെടുത്തിയെടുക്കുക എന്നതാണ് നേരിടാനുള്ള പോംവഴി.
4. ലീഗൽ റിസ്ക്
നിയമപ്രശ്നങ്ങൾമൂലം ഉണ്ടാകാവുന്ന റിസ്കാണിത്. പ്രവർത്തനരംഗത്തു വരുന്ന പുതിയ നിയമങ്ങൾ, അതനുസരിക്കാൻ വേണ്ട അധിക ബാധ്യത തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇവ നേരിടാൻ നിയമവിദഗ്ധന്റെ സഹായം സ്വീകരിക്കുന്നതാണ് ഉചിതം.
5. റെപ്യുട്ടേഷണൽ റിസ്ക്
സംരംഭത്തിന്റെ സൽപേരിനു കളങ്കമുണ്ടാക്കാവുന്ന റിസ്കാണിത്. ഉപഭോക്താക്കളുമായുണ്ടാകുന്ന പ്രശ്നങ്ങൾ, മോശം ഓൺലൈൻ റിവ്യൂ എന്നിവ ഇതിൽ ഉൾപ്പെടും. മികച്ച ഉൽപന്നങ്ങളും സേവനവും നൽകുകയാണ് പോംവഴി.
മറികടക്കാം ആറു ഘട്ടങ്ങളിലൂടെ
സംരംഭത്തെ ബാധിക്കാവുന്ന അപകടം ഏതെന്നു കണ്ടെത്തി അതിനു വേണ്ട മുൻകരുതലുകൾ എടുക്കുന്നിടത്താണ് സംരംഭകന്റെ വിജയം. ഇതിനായി പിന്തുടർന്നുവരുന്ന ആറുഘട്ട പ്രക്രിയകളുണ്ട്.
1. അപകടം കണ്ടെത്തൽ
ഏതപകടമാണ് ബാധിക്കാൻ സാധ്യതയെന്ന കണ്ടെത്തലാണ് ആദ്യപടി. ഇതിനായി വിപണി നിരീക്ഷണം, വിദഗ്ധരുമായുള്ള ചർച്ചകൾ തുടങ്ങി സാധ്യമായതെല്ലാം ചെയ്യണം. അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ എന്ന് ആറു മാസത്തിലൊരിക്കൽ വിലയിരുത്തണം.
2. സാധ്യതകൾ വിലയിരുത്തണം
അപകടസാധ്യത കണ്ടെത്തിയാൽ അതു വിശകലനം ചെയ്യണം. സാധ്യത എത്രമാത്രമുണ്ട്, സംഭവിച്ചാൽ സ്ഥിതി എത്ര രൂക്ഷമാകും എന്നിവയെല്ലാം വിലയിരുത്തണം.
3. മുൻഗണന നൽകുക
ഇനി റിസ്കുകൾ വിശകലനം ചെയ്ത് അവയെ മുൻഗണനാക്രമത്തിൽ നിർവചിക്കണം. അതുവഴി ഏതൊക്കെ റിസ്കുകൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതെന്നു മനസ്സിലാക്കാം.
4. തന്ത്രങ്ങൾ മെനയാം
നിർണായകമായ റിസ്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി, അവയെ നേരിടാനുള്ള തന്ത്രങ്ങൾ മെനയണം.
5. തന്ത്രം നടപ്പിലാക്കാം
തന്ത്രങ്ങൾ നടപ്പിലാക്കുന്ന ഘട്ടമാണിത്. മൊത്തത്തിലുള്ള ബിസിനസ് പ്ലാനിനോടു ലയിപ്പിച്ചുവേണം ഇതു ചെയ്യാൻ.
6. നിരീക്ഷണം
തന്ത്രങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അങ്ങനെയല്ലെങ്കിൽ ഈ ഘട്ടത്തിൽ തെറ്റു തിരുത്തണം. ആശയക്കുഴപ്പം തോന്നിയാൽ വിദഗ്ധോപദേശം തേടാം.
(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ആണ്. MSME കൺസൾട്ടിങ് രംഗത്തും പ്രവർത്തിച്ചുവരുന്നു. മനോരമ സമ്പാദ്യം മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)