വീടുതോറുമുള്ള ചില്ലറ വിൽപന: റജിസ്ട്രേഷൻ ആവശ്യമുണ്ടോ?
Mail This Article
വീട്ടിൽ തന്നെ ഒരു വിതരണ സ്ഥാപന തുടങ്ങണം. ബാഗ്, ചെരിപ്പ്, തുണിത്തരങ്ങൾ ആയുർവേദ ഉൽപന്നങ്ങൾ എന്നിവ കമ്പനികളിൽ നിന്ന് നേരിട്ടുവരുത്തി ആളുകൾ വഴി വീടുകളിൽ വിൽക്കുന്ന രീതി. അതിനായി എന്തെങ്കിലും റജിസ്ട്രേഷൻ ഉണ്ടോ ?
രശ്മി നായർ, പത്തനാപുരം
∙സാമ്പത്തിക വർഷം വിറ്റുവരവ് 40 ലക്ഷം രൂപയിൽ കവിഞ്ഞാൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടതാണ്. വിതരണം ചെയ്യുന്ന ചരക്കുകളുടെ മൂല്യം (ഒരു ബിൽ തുക) 200 രൂപയിൽ അധികമാണെങ്കിൽ സെക്‌ഷൻ 31 പ്രകാരം നിർബന്ധമായും ബില്ലുകൾ നൽകേണ്ടതാണ്. റജിസ്ട്രേഷൻ എടുക്കുന്ന സമയത്ത് അധികൃതർ അക്കൗണ്ട് പരിശോധിക്കേണ്ട സാഹചര്യം വന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ വിറ്റുവരവിന്റെ രേഖകൾ ഹാജരാക്കണം. വീടുകൾ വഴി ചെറിയതോതിൽ വിൽപന നടത്താൻ ഉദ്ദേശിക്കുന്ന താങ്കൾ ഒരു സാമ്പത്തിക വർഷം ഒന്നരക്കോടി രൂപയിൽ താഴെയാണ് വിറ്റുവരവു പ്രതീക്ഷിക്കുന്നതെങ്കിൽ സെക്‌ഷൻ 10 പ്രകാരമുള്ള കോംപൗണ്ടിങ് രീതി തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.
വിറ്റുവരവിന്റെ 1% നികുതിയാണ് ഇവിടെ ബാധകം. ഈ അവസരത്തിൽ റജിസ്ട്രേഷനുള്ള വ്യാപാരികളിൽ നിന്നും ഇല്ലാത്തവരിൽ നിന്നും സാധനങ്ങൾ വാങ്ങാം. കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കുമ്പോഴുള്ള നിബന്ധന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) എടുക്കാൻ സാധിക്കില്ലെന്നതു മാത്രമാണ്. വ്യാപാരസ്ഥാപനം തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസ് നേടിയിരിക്കണം.
ഈ സാഹചര്യത്തിൽ വീടിന്റെ മേൽവിലാസത്തിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ കഴിയില്ല. സാധനങ്ങൾ സ്റ്റോക് ചെയ്യേണ്ടതിനാൽ ചെറിയ കൊമേഴ്സ്യൽ കെട്ടിടമായിരിക്കും ഉചിതം.