ഫെഡറൽ ബാങ്കിനെ ഇനി കെ.വി.എസ് മണിയൻ നയിക്കും; എംഡി ആൻഡ് സിഇഒയായി ചുമതലയേറ്റു
Mail This Article
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടിവ് ഓഫീസറുമായി (സിഇഒ) കെ.വി.എസ്. മണിയൻ സ്ഥാനമേറ്റു. ഇന്നുമുതൽ 3 വർഷത്തേക്കാണ് നിയമനമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ ഫെഡറൽ ബാങ്ക് വ്യക്തമാക്കി. 2010 മുതൽ ഫെഡറൽ ബാങ്കിന്റെ എംഡിയും സിഇഒയുമായിരുന്ന ശ്യാം ശ്രീനിവാസൻ 14 വർഷത്തെ സേവനത്തിന് ശേഷം സെപ്റ്റംബർ 22ന് വിരമിച്ച ഒഴിവിലാണ് കെ.വി.എസ്. മണിയന്റെ നിയമനം.
മാനേജിങ് ഡയറക്ടറും സിഇഒയുമായി കൃഷ്ണൻ വെങ്കട് സുബ്രഹ്മണ്യൻ എന്ന കെ.വി.എസ്. മണിയനെ നിയമിക്കാൻ ഫെഡറൽ ബാങ്കിന് കഴിഞ്ഞ ജൂലൈയിൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന കെ.വി.എസ്, ഏപ്രിൽ 30ന് ബാങ്കിൽ നിന്ന് രാജിവച്ചിരുന്നു. കൊട്ടക് ബാങ്കിൽ മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമായിരുന്നു രാജി. കോർപ്പറേറ്റ് ബാങ്കിങ്, കൊമേഴ്സ്യൽ ബാങ്കിങ്, പ്രൈവറ്റ് ബാങ്കിങ്, അസറ്റ് റീകൺസ്ട്രക്ഷൻ വിഭാഗങ്ങളുടെ മേൽനോട്ടം അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-വാരാണസി, മുംബൈയിലെ ജംമ്നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് കെ.വി.എസ്. മണിയൻ ബാങ്കിങ് രംഗത്തേക്ക് പ്രവേശിച്ചത്. ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്ന് 1.85% നേട്ടത്തോടെ 188.46 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.