ADVERTISEMENT

ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് വൈകിട്ട് 6 മുതൽ 7 വരെ നടക്കുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ/NSE) അറിയിച്ചു. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.

പുതിയ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുക, നിക്ഷേപങ്ങൾ തുടങ്ങുക, വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങുക എന്നിവയ്ക്കെല്ലാം ശുഭകരവും ഐശ്വര്യപൂർണവുമായ മുഹൂർത്തമായാണ് ഈ ഒരു മണിക്കൂറിനെ കാണുന്നത്. പുതിയ ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം കൂട്ടാനും ശുഭകരമായ സമയമായി ഓഹരി നിക്ഷേപകരും മുഹൂർത്ത വ്യാപാരത്തെ കാണുന്നു.

തുടക്കം ലക്ഷ്മീപൂജയോടെ

ഐശ്വര്യദേവതയായ ലക്ഷ്മിദേവിക്ക് പൂജകൾ‌ അർപ്പിച്ചാണ് ഓരോ വർഷവും മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് നേരം പ്രീ-ഓപ്പണിങ് സെഷനുമുണ്ടാകും. മുഹൂർത്ത വ്യാപാരത്തിൽ വാങ്ങുന്ന ഓഹരികൾ വലിയ നേട്ടം സമ്മാനിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു. 

നേട്ടങ്ങളുടെ മുഹൂർ‌ത്തം

പൊതുവേ മുഹൂർത്ത വ്യാപാരത്തിൽ‌ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേറാറുണ്ട്. 2012 മുതൽ 2023 വരെയുള്ള 12 മുഹൂർത്ത വ്യാപാരങ്ങളിൽ 9ലും ഓഹരി വിപണി നേട്ടമാണ് രുചിച്ചത്. 2023ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റും നേട്ടത്തിലേറി.

Image : Shutterstock/Heena Rajput
Image : Shutterstock/Heena Rajput

നിലവിൽ രാജ്യാന്തര, ആഭ്യന്തര സമ്മർദ്ദങ്ങൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, ചൈനയിലേക്കുള്ള വിദേശ നിക്ഷേപകരുടെ കൂടുമാറ്റം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ മൂലം ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ട്രെൻഡിന് മാറ്റംവരുത്താൻ മുഹൂർത്ത വ്യാപാരത്തിന് കഴിയുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷകൾ.

സംവത്-2080ൽ നിന്ന് 2081ലേക്ക്

2023ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 65,259ലും നിഫ്റ്റി 19,525ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സംവത്-2080ൽ വലിയ ചാഞ്ചാട്ടങ്ങളുണ്ടായെങ്കിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ സൂചികകൾക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ സെ്റ്റംബർ 27ന് സെൻസെക്സ് സർവകാല റെക്കോർഡായ 85,978.25 എന്ന ഉയരം തൊട്ടു. 26,250 എന്ന ഉയരത്തിൽ നിഫ്റ്റിയുമെത്തി. 

2023 നവംബർ 12ന് ആയിരുന്നു ആ വർഷത്തെ മുഹൂർത്ത വ്യാപാരം. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം അന്ന് 322.48 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോൾ മൂല്യം 458.15 ലക്ഷം കോടി രൂപ. അതായത്, ഒരുവർഷത്തിനിടെ നിക്ഷേപക സമ്പത്തിലുണ്ടായത് 135.67 ലക്ഷം കോടി രൂപയുടെ വർധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com