ഇന്ത്യയുടെ എഐ മുന്നേറ്റത്തിന് എൻവിഡിയ കരുത്തേകും
Mail This Article
മുംബൈ∙ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ കുതിപ്പിന് അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ പാതയൊരുക്കും. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളുമായി ചേർന്നാണ് എഐയുടെ അനന്ത സാധ്യതകൾ എൻവിഡിയ ഇന്ത്യയിലെത്തിക്കുന്നത്.
എഐ കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറും ഇന്നവേഷൻ സെന്ററും ഒരുക്കാൻ റിലയൻസ് ഇൻഡസ്ട്രീസുമായി കരാറായതായി എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന എൻവിഡിയ എഐ ഉച്ചകോടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായി ഉച്ചകോടിയിൽ ഹുവാങ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. റിലയൻസ് ഡേറ്റാ സെന്ററുകളിൽ എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെൽ എഐ ചിപ്പുകൾ ഉപയോഗിക്കാനും കരാറായി. ബെംഗളൂരു, പുണെ, ഹൈദരാബാദ് നഗരങ്ങളിലായിരിക്കും എൻവിഡിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ കംപ്യൂട്ടിങ് ശേഷിയിൽ 20 മടങ്ങ് വർധനയുണ്ടാകുമെന്നും ഹുവാങ് പറഞ്ഞു. ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹിന്ദി ഭാഷയിലുള്ള പുതിയ എഐ മോഡൽ എൻവിഡിയ പുറത്തിറക്കും. ടെക് മഹീന്ദ്രയുമായി ചേർന്നാണ് ഹിന്ദിയിലുള്ള ലാർജ് ലാംഗ്വേജ് മോഡൽ വികസിപ്പിക്കുക. ഇൻഫോസിസുമായി ചേർന്നും ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യയിലെ സെമികണ്ടക്ടർ ചിപ്പുകളുടെ ഉൽപാദന മേഖലയിൽ നിക്ഷേപം നടത്താനും എൻവിഡിയയ്ക്കു പദ്ധതിയുണ്ട്. വിപണി മൂല്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് എൻവിഡിയ.
എൻവിഡിയയും ടിസിഎസുമായി കരാർ
കൊച്ചി∙ എഐ രംഗത്ത് വ്യവസായ ഉൽപാദനത്തിനുള്ള റോബട് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് എൻവിഡിയയുമായി ടിസിഎസിനു കരാർ. പരസ്പരം സഹകരിക്കാൻ ഇരു കമ്പനികളിലെയും ടെക്കികൾ ഉൾപ്പെട്ട ബിസിനസ് യൂണിറ്റ് ഏർപ്പെടുത്തും. വിവിധ വ്യവസായങ്ങൾക്ക് എഐ സ്വാംശീകരിക്കാനുള്ള സംവിധാനവും ടിസിഎസ്– എൻവിഡിയ സഹകരണത്തിലൂടെ ഒരുക്കും. ഇന്ത്യയാകെ ബിസിനസ് രംഗങ്ങളിൽ എഐയുടെ ഉപയോഗം വേഗത്തിലാക്കുന്നതിന് ഈ സംവിധാനം സഹായകമാവുമെന്ന് ടിസിഎസ് എഐ ക്ലൗഡ് മേധാവി ശിവഗണേശൻ ചൂണ്ടിക്കാട്ടി. എൻവിഡിയ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും പ്രവർത്തനങ്ങൾ.