ADVERTISEMENT

കേരളത്തിൽ സ്വർണവില ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഈ വീഴ്ച. ഇതോടെ പവൻവില 59,080 രൂപയും ഗ്രാം വില 7,385 രൂപയുമായി. ഇന്നലെ വില സർവകാല റെക്കോർഡായ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 6,085 രൂപയിലെത്തി. വെള്ളിക്കും വില കുറഞ്ഞു. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 103 രൂപയിലാണ് ഇന്ന് വ്യാപാരം.

ബുക്ക് ചെയ്യാൻ പ്രയോജനപ്പെടുത്താം
 

സ്വർണവില ഇടിയുന്നത് മുൻകൂർ ബുക്കിങ്ങിനുള്ള അവസരമായി കാണാമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കാരണം, രാജ്യാന്തര-ആഭ്യന്തര സാഹചര്യങ്ങൾ പരിഗണിച്ചാൽ വരുംമാസങ്ങളിൽ സ്വർണവില കൂടാനാണ് സാധ്യതയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം നേടാമെന്നതാണ് മുൻകൂർ ബുക്കിങ്ങിന്റെ നേട്ടം. സംസ്ഥാനത്ത് ഒട്ടുമിക്ക മുൻനിര ജ്വല്ലറികളും ഈ സേവനം നൽകുന്നുണ്ട്. വലിയ അളവിൽ‌ സ്വർണാഭരണം വാങ്ങുന്ന വിവാഹാഭരണ പർച്ചേസുകാർക്കാണ് ഇത് കൂടുതൽ നേട്ടമാവുക.

ഇന്ന് ജിഎസ്ടി ഉൾപ്പെടെ വില
 

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% പരിഗണിച്ചാൽ) ഇന്ന് 63,950 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടും. ഒരു ഗ്രാം ആഭരണത്തിന് വില 7,993 രൂപ. ഇന്നലെ വില പവന് 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു. അതായത് ഇന്ന് പവന്റെ വാങ്ങൽവിലയിൽ 5% പണിക്കൂലി പ്രകാരം 605 രൂപയും ഗ്രാമിന് 75 രൂപയും കുറവുണ്ട്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ലാഭമെടുപ്പിൽ വീണ് രാജ്യാന്തര വില
 

ഇന്നലെ ഔൺസിന് 2,789 ഡോളർ എന്ന എക്കാലത്തെയും ഉയരംകുറിച്ച രാജ്യാന്തര വില ഇന്നൊരുവേള 2,738 ഡോളറിലേക്ക് കൂപ്പുകുത്തി. ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പുണ്ടായതാണ് കാരണം. യുഎസിലെ തൊഴിലില്ലായ്മക്കണക്ക് ഇന്ന് പുറത്തുവരാനിരിക്കേ സ്വർണ വിപണി സമ്മർദ്ദത്തിലാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രവചനാതീതമായ വിധം പൊടിപാറുന്നതും സ്വർണത്തിന് സമ്മർദ്ദമാകുന്നുണ്ട്.

ഡോണൾഡ് ട്രംപും കമല ഹാരിസും (File Photo: AFP), Representative Image(Shutterstock/Photo Contributor: FOTOGRIN)
ഡോണൾഡ് ട്രംപും കമല ഹാരിസും (File Photo: AFP), Representative Image(Shutterstock/Photo Contributor: FOTOGRIN)

അതേസമയം, യുഎസിൽ പണപ്പെരുപ്പം കഴിഞ്ഞമാസം 2.1 ശതമാനമായി കുറഞ്ഞു. കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ നിയന്ത്രണലക്ഷ്യമായ 2 ശതമാനത്തിന് തൊട്ടടുത്തെത്തി പണപ്പെരുപ്പം എന്നതിനാൽ, ഡിസംബറിലെ യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറി. ഇത് സ്വർണത്തിന് കുതിപ്പാകും. പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യം, കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടം, ബാങ്ക് നിക്ഷേപ പലിശനിരക്കുകൾ എന്നിവ കുറയുമെന്നത് സ്വർണത്തിന്റെ സ്വീകാര്യത കൂട്ടും; വിലയും വർധിക്കും.

English Summary:

Gold price down in Kerala: Gold prices dip in Kerala on Kerala Piravi Day, offering a golden opportunity for advance booking. Find out today's gold rate, silver price, and expert advice on maximizing your savings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com