ടെസ്ലയെ 'ചാർജാക്കി' ട്രംപ്; ട്രില്യണടിച്ച് വിപണിമൂല്യം, കുന്നുകൂടി ഇലോൺ മസ്കിന്റെ സമ്പത്ത്
Mail This Article
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ പ്രസിഡന്റാകാനുള്ള തിരഞ്ഞെടുപ്പിൽ മുൻ പ്രസഡിന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ കൂടുതൽ കോളടിച്ചത് സാക്ഷാൽ ഇലോൺ മസ്കിന്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ട്രംപിനെ അതിശക്തമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയായ മസ്ക് പിന്തുണച്ചിരുന്നു. ഒടുവിൽ, ട്രംപിന് അനുകൂലമായി ജനംവിധിയെഴുതിയപ്പോൾ കുതിച്ചുകയറിയത് മസ്കിന്റെ സമ്പത്തും അദ്ദേഹം നയിക്കുന്ന വിഖ്യാത ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ ടെസ്‍ലയുടെ ഓഹരി വിലയും.
ഇക്കഴിഞ്ഞ വ്യാഴാഴ്ച 6 ശതമാനവും വെള്ളിയാഴ്ച 8.19 ശതമാനവും കുതിച്ച ടെസ്‍ല ഓഹരിവില രണ്ടുവർഷത്തെ ഉയരമായ 321.22 ഡോളറിലാണുള്ളത്. കമ്പനിയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളർ അഥവാ ഒരു ട്രില്യൺ ഡോളറും ഭേദിച്ച്, 1.03 ട്രില്യൺ ഡോളറായി. മസ്കിന്റെ ആസ്തിയാകട്ടെ വെള്ളിയാഴ്ച ഒറ്റദിവസം മാത്രം കൂടിയത് 174 കോടി ഡോളർ (ഏകദേശം 14,660 കോടി രൂപ). ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടികപ്രകാരം ആകെ 31,400 കോടി ഡോളറാണ് (26.46 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ലോക ചരിത്രത്തിൽ ഇന്നോളം മസ്ക് അല്ലാതെ ആരും ആസ്തിയിൽ 30,000 കോടി ഡോളർ കടന്നിട്ടുമില്ല. 2024ൽ ഇതുവരെ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 8,474 കോടി ഡോളറാണ് (ഏകദേശം 7.12 ലക്ഷം കോടി രൂപ).
ടെസ്‍ലയുടെ 13% ഓഹരികളാണ് മസ്കിനുള്ളത്. അദ്ദേഹത്തിന്റെ ആസ്തിയുടെ മുഖ്യപങ്കും (ഏകദേശം 75%) ടെസ്‍ലയിൽ നിന്നുള്ളതുമാണ്. ആസ്തിയിൽ ഇനിയും വമ്പൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ടെസ്‍ലയിൽ അദ്ദേഹത്തിന് 2018ലെ വേതനപ്പാക്കേജായി 5,600 കോടി ഡോളർ (4.65 ലക്ഷം കോടി രൂപ) നൽകാൻ കമ്പനി തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചില ഓഹരി ഉടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി അനുകൂലമായാൽ മസ്കിന്റെ ആസ്തി 35,000 കോടി ഡോളറും ഭേദിക്കും.
ലോക സമ്പന്നപട്ടികയിൽ രണ്ടാമനായ ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ആസ്തി 23,000 കോടി ഡോളർ മാത്രമാണ്. മസ്കിനേക്കാൾ 8,400 കോടി ഡോളർ കുറവ്. മെറ്റ മേധാവി മാർക്ക് സക്കർബർഗ് (20,900 കോടി), ഓറക്കിൾ മേധാവി ലാറി എലിസൺ (20,200 കോടി), ഫ്രഞ്ച് ശതകോടീശ്വരനും ഫാഷൻ ബ്രാൻഡ് ആയ എൽവിഎംഎച്ചിന്റെ മേധാവിയുമായ ബെർണാഡ് അർണോ (17,200 കോടി) എന്നിവരാണ് യഥാക്രമം മൂന്നുമുതൽ 5 വരെ സ്ഥാനങ്ങളിൽ.
പട്ടികയിൽ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ 17-ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് (ആസ്തി 9,710 കോടി ഡോളർ). 18-ാം സ്ഥാനത്ത് 9,230 കോടി ഡോളർ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുണ്ട്. 500 പേരുടെ പട്ടികയിൽ ഒരേയൊരു മലയാളിയേയുള്ളൂ; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 439-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 716 കോടി ഡോളർ (ഏകദേശം 60,300 കോടി രൂപ).