ഇന്ത്യൻ വിപണിയിലിത് ഇരട്ടി മധുരം
Mail This Article
അമേരിക്കൻ വിപണി ഇന്നലെ അൽഫബെറ്റിന്റെയും,ആമസോണിന്റെയും പാദഫല പ്രതീക്ഷയിലും, സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷയിലും മികച്ച മുന്നേറ്റമാണ് നടത്തിയത്. കോവിഡ് വാക്സിന്റെ ഫല പ്രാപ്തി റിപ്പോർട്ടുകളും, കോവിഡ് കേസുകൾ കുറയുന്നതും ലോക വിപണിക്ക് അനുകൂലമാണ്. ഗൂഗിൾ ക്‌ളൗഡ് ബിസിനസിന്റെ കണക്കുകൾ ആദ്യമായി അവതരിപ്പിക്കുന്ന ആൽഫബെറ്റിന്റെ റിസൾട്ട് മികച്ചതായിരിക്കുമെന്ന് വിപണി കരുതുന്നു. ബൈഡന്റെ 1.9 ട്രില്യൺ ഡോളർ സ്റ്റിമുലസ് പാക്കേജ് പാസാക്കിയെടുക്കുന്നതിനുള്ള നടപടികൾ ഡെമോക്രാറ്റുകൾ തുടങ്ങി വെച്ചതും വിപണിക്ക് അനുകൂലമാണ്. ഡൗ ജോൺസ് 1.57%വും, നാസ്ഡാക് 1.56%വും ഇന്നലെ മുന്നേറ്റം നേടി. ഡൗ ജോൺസ് ഫ്യൂച്ചർ നേട്ടത്തിൽ വ്യാപാരം തുടരുന്നതും, നിക്കി, കോസ്‌പി സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും വിപണിക്ക് അനുകൂലമാണ്. ഇന്ത്യൻ സൂചിക ഇന്നും ഒരു ഗ്യാപ് അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു.
നിഫ്റ്റി
ലോക വിപണിയുടെ സ്വാധീനവും കരടിയുടെ പിടിയിൽ നിന്നു രക്ഷപെട്ടതും, ബജറ്റ് മധുരത്തിനൊപ്പം ഇന്നലെ ഇന്ത്യൻ വിപണിക്ക് ഇരട്ടി മധുരമായി. വീണ്ടും അമ്പതിനായിരം കടന്ന ശേഷം 49798 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്‌സും, 14731 തൊട്ട ശേഷം 14600 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റിയും അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്ന് കരുതുന്നു.
ആർബിഐയുടെ പോളിസി മീറ്റിംഗ് ആരംഭിക്കുന്ന ഇന്നും ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾ മുന്നേറ്റം നേടുമെന്ന് കരുതുന്നു. ബജറ്റിന്റെ പിന്തുണയിൽ ഓട്ടോ, ഇൻഫ്രാ സെക്ടറുകളുടെ റാലി തല്ക്കാലം അവസാനിച്ചേക്കില്ല. ടാറ്റ മോട്ടോഴ്‌സ് ,അശോക് ലെയ്‌ലാൻഡ് , എസ്ബിഐ, അൾട്രാ ടെക്, എൽ & ടി , ഐസിഐസിഐ ബാങ്ക് മുതലായ ഓഹരികൾ മുന്നേറ്റം ഇനിയും തുടരും.
ആംബർ, ഡിക്‌സൺ, മഹിന്ദ്ര, പേജ് ഇൻഡസ്ട്രീസ്, മാരുതി, സെയിൽ, അപ്പോളോ ടയർ. റിലയൻസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക
ആർബിഐ എംപിസി
ആർബിഐയുടെ വായ്പ നയവലോകന സമിതി ഇന്ന് മുതൽ സമ്മേളിക്കുന്നത് ശ്രദ്ധിക്കുക. യൂണിയൻ ബജറ്റിന്റെ അന്തസത്ത ഉൾക്കൊണ്ട് കേന്ദ്രബാങ്ക് ബേസ് നിരക്കുകളിൽ ഇളവുകൾ വരുത്തിയേക്കുമെന്ന പ്രതീക്ഷ ശക്തമാണ്.
ഫ്യൂച്ചർ/ആമസോൺ
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ റിലയൻസിന് 27513 കോടി രൂപക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്ത് ആമസോൺ നൽകിയ കേസിൽ ഡൽഹി ഹൈക്കോടതി ‘’സ്റ്റാറ്റസ്കോ’’ നിലനിർത്താൻ ആവശ്യപ്പെട്ടത് ആമസോണിന് നേരിയ മുൻ തൂക്കം നൽകുന്നു., കേസ് നീണ്ടു പോകും എന്ന സൂചന നൽകുന്നത് ഫ്യൂച്ചറിനും, റിലയൻസിനും അനുകൂലമല്ല.
റിസൾട്ടുകൾ
എസ്കോര്ട്സ്, ഡിക്‌സൺ ടെക്നോളജീസ്, എച് ഡിഎഫ് സി ബാങ്ക് മുതലായ മികച്ച പാദ ഫലങ്ങൾ ഇന്ന് വിപണിക്ക് ഊർജ്ജം നൽകും. ഡിക്‌സൺ ടെക്‌നോളജീസിന്റെ മികച്ച റിസൾട്ട് മാനുഫാക്ച്ചറിങ് ഓഹരികൾക്ക് ഇന്ന് മുന്നേറ്റം നൽകും.
എച്ച് ഡിഎഫ് സിയുടെ ക്രമാനുഗതമായ വളർച്ച കാണിക്കുന്ന റിസൾട്ട് ഓഹരി കൂടുതൽ ആകർഷകമാക്കുന്നു. ദീർഘകാല നിക്ഷേപകർ അടുത്ത തിരുത്തലിൽ ഓഹരി നിക്ഷേപത്തിന് പരിഗണിക്കുക.
അദാനി എന്റർപ്രൈസസ് , അദാനിഗ്രീൻ, എയർടെൽ, ബജാജ് കോൺസുമെർ, കണ്ടെയ്നർ കോർപറേഷൻ, അപ്പോളോ ടയർ, ദീപക് ഫെർട്ടിലൈസർ, ബട്ടർ ഫ്ലൈ, ഹോപ്കിൻസ് കുക്കിംഗ്, ഹിന്ദ്കോപ്പർ , ഇന്ത്യൻ ഹോട്ടൽ , ഡെൽറ്റ , കോർപറേഷൻ, ജൂബിലന്റ് ഫുഡ്, അയിനൊക്സ് ലെഷർ, പിഎൻസി ഇൻഫ്രാ, രാംകോ സിസ്റ്റംസ്, രാംകോ സിമന്റ്സ്, ഉജ്ജീവന, വിഗാർഡ്, മുതലായ കമ്പനികളടക്കം നൂറോളം കമ്പനികൾ ഇന്ന് പാദ ഫലം പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധിക്കുക.
ഐ പി ഓ
ഇന്നലെ ലിസ്റ്റ് ചെയ്യപ്പെട്ട ഇൻഡിഗോ പെയിന്റിന്റെ വൻ മുന്നേറ്റം ഐപിഓ വിപണിക്ക് ആവേശം നൽകുന്നു. ബ്രുക്ഫീൽഡ് റിയൽ എസ്റ്റേറ്റ് ട്രസ്റ്റിന്റെ ഐപിഓ ഇന്നാരംഭിച്ച് കഴിഞ്ഞു. 274-275 രൂപയാണ് ഓഹരിയുടെ വില. ഓഹരിനിക്ഷേപത്തിന് പരിഗണിക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.