ADVERTISEMENT

ഓഹരി വിപണിയിൽ ഏറ്റവും വിലകുറഞ്ഞ സ്റ്റോക് എന്നാൽ 50 രൂപയിലോ പത്തു രൂപയിലോ ഒരു രൂപയിലോ താഴെയുള്ള സ്റ്റോക്കുകളാണെന്ന് (പെന്നി സ്റ്റോക്കുകൾ) വിശ്വസിക്കുന്ന ചില്ലറ നിക്ഷേപകർ മലയാളികൾക്കിടയിൽ ധാരാളമുണ്ട്. ചില്ലറ നിക്ഷേപകരുടെ ഈ വിശ്വാസത്തെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ഒരു വിഭാഗം ഓപ്പറേറ്റർമാരും വിപണിയിലുണ്ട്. ഇവരിൽ നിന്നു നിക്ഷേപകർ അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിക്ഷേപ മേഖല, നിക്ഷേപകാലയളവ് എന്നിവ കണ്ടെത്തുന്നതും ശ്രദ്ധയോടെ വേണം.

ചില്ലറ നിക്ഷേപകർ കെണിയിൽ വീഴുന്നതെങ്ങനെ

ഒരു കമ്പനിയിൽ നിക്ഷേപത്തിന് ലഭ്യമായിട്ടുള്ള ഓഹരികളുടെ എണ്ണം നിശ്ചിതമായിരിക്കും. ഏതെങ്കിലും ഒരു പെന്നി സ്റ്റോക്കിൽ വാങ്ങൽ ആരംഭിച്ചാൽ അത് വിവിധ ഓപ്പറേറ്റർ ഗ്രൂപ്പുകൾ (ഓഹരികളുടെ വില കൃത്രിമമായി നിയന്ത്രിക്കുന്നവർ) തന്നെ ആ വിവരം പുറത്തുവിടുകയും അതനുസരിച്ച് ചെറുകിട നിക്ഷേപകർ വാങ്ങൽ ആരംഭിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത വിലയെത്തുമ്പോൾ ഓപ്പറേറ്റർ ഗ്രൂപ്പുകൾ ഓഹരികൾ വിറ്റുതുടങ്ങും. അവസാനം, വില കയറിയതിനെക്കാൾ വേഗത്തിൽ എല്ലാദിവസവും ലോവർ സർക്കീട്ടിൽ (ഒരു ദിവസം പരമാവധി താഴാൻ പറ്റുന്ന വില, അതായത് അന്ന് വിൽപനക്കരാർ മാത്രമേ ആ ഓഹരിയിൽ നടക്കൂ)കച്ചവടം നടക്കൂ.

വിൽക്കാൻ പറ്റാതെ ദീർഘനാൾ ഇത്തരം ഓഹരികൾ കൈവശം വച്ചുപോരുന്ന ചെറുകിട നിക്ഷേപകർ മലയാളികൾക്കിടയിൽ ധാരാളമുണ്ട്. ഓരോ ഓപ്പറേറ്റർക്കും വിവിധ സഹായക ഗ്രൂപ്പുകൾ ഉണ്ടാകും. ഇവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സൗജന്യമായും ചെറിയ തുക വാങ്ങിയും ടിപ്സ് നൽകും. ധാരാളം സാധാരണ നിക്ഷേപകർ ഈ ചതിക്കുഴിയിൽ പെട്ടുപോകുന്നുണ്ട്. അതിനാൽ തീരെ വിലകുറഞ്ഞ സ്റ്റോക്കുകൾക്ക് പിന്നാലെ പോകാതെ നല്ല കമ്പനികളിൽ നിക്ഷേപം നടത്താൻ ചെറുകിട നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.

നിക്ഷേപകർ പെന്നി സ്റ്റോക്കുകൾക്ക് പിന്നാലെ പോകാൻ കാരണമെന്ത്?

∙കൂടുതൽ എണ്ണം വാങ്ങാൻ കഴിയുമെന്നുള്ള ചിന്ത.

∙എളുപ്പത്തിൽ വില ഇരട്ടിയോ പത്തിരട്ടിയോ ആകുമെന്നുള്ള അമിത വിശ്വാസം.

∙ ഇത്തരം സ്റ്റോക്കുകൾ വാങ്ങുന്നതിനുള്ള സന്ദേശങ്ങളും വിഡിയോകളും

എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്?

വിപണിയിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ധാരാളമുണ്ട്. ഫിനാൻഷ്യൽ സർവീസസ്, ടെലികോം, ഐടി, മെറ്റൽ, ഹെൽത്ത്കെയർ, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്, ഓയിൽ ആൻഡ് ഗ്യാസ്, പെയിന്റ്, ഓട്ടമൊബീൽ, കൺസ്ട്രക്‌ഷൻ, കെമിക്കൽ, മുതലായവ അതിൽ ചിലതുമാത്രമാണ്. ഇതിൽ പെയിന്റ് ഒരു മേഖലയായി പരിഗണിച്ചാൽ, 25000 കോടി രൂപയ്ക്ക് മുകളിൽ വിപണി മൂല്യമുള്ള കമ്പനികൾ ഏഷ്യൻ പെയിന്റ്സ്, ബെർജർ പെയിന്റ്സ്, കൻസായ് നെറോലാക് എന്നിവ മാത്രമാണ്. ബാക്കിയെല്ലാം ചെറിയ കമ്പനികളാണ്.

അടുത്തത്, യുക്തിസഹമായ നിക്ഷേപ തീരുമാനങ്ങളാണ് വേണ്ടത്. അതിനായി ചില തീരുമാനങ്ങൾ സ്വീകരിക്കണം. നിക്ഷേപത്തുകയുടെ 33 ശതമാനത്തിൽ കൂടുതൽ ഒരു മേഖലയിൽ നിക്ഷേപിക്കരുത്. മേഖല തിരഞ്ഞെടുക്കുമ്പോൾ അതിൽ 50ശതമാനത്തിനു മുകളിൽ പ്രത്യേക കമ്പനിയിൽ നിക്ഷേപിക്കരുത്. നിക്ഷേപം കഴിവതും നിശ്ചിത തുക, നിശ്ചിത കാലയളവിലേക്ക് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ– എസ്ഐപി) എന്ന രീതിയാലായിരിക്കണം.

നിക്ഷേപിക്കുന്നതു പോലെ പ്രധാനമാണ് നിക്ഷേപം പിൻവലിക്കലും. നിക്ഷേപം എത്ര വളരുമ്പോൾ പിൻവലിക്കാമെന്നും (സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ- എസ്ഡബ്ല്യുപി) മുൻകൂട്ടി നിശ്ചയിക്കണം. ഓരോ വർഷവും കമ്പനികളിലും മേഖലകളിലും മാറ്റം ആവശ്യമാണെങ്കിൽ അതു ചെയ്യണം. ഇത്തരം നിക്ഷേപ തീരുമാനങ്ങൾ നിങ്ങൾ സ്വയം എടുക്കാനുള്ള പ്രാപ്തിയും മനോഭാവവും കൈവരിച്ചാൽ ഓഹരി വിപണി നിങ്ങൾക്കുള്ളതാണെന്ന് ഉറപ്പാക്കാം.

ലേഖകൻ കേരളത്തിലെ എസ്‌സിഇആർടി റിസർച് ഓഫിസറാണ്

(ഓഹരി വിപണിയിലെ യുക്തിസഹമായ നിക്ഷേപ തീരുമാനത്തിൽ, കേരളത്തിലെ വ്യക്തിഗത നിക്ഷേപകർക്കിടയിലുള്ള പഠനം എന്ന വിഷയത്തിൽ എംജി സർവകലാശാലയിൽ നിന്ന് ലേഖകൻ പിഎച്ച്ഡി നേടിയിട്ടുണ്ട്.)

English Summary : Beware about Penny Stocks and Retail Investors

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com