ADVERTISEMENT

42 വർഷങ്ങൾക്കപ്പുറം 1,500 രൂപ നിക്ഷേപിച്ചു. മൂന്നു വർഷത്തിനുശേഷം അതു തിരിച്ചുകിട്ടിയപ്പോൾ അതുവരെയുള്ള പലിശയിനത്തിൽ ഐടിസിയുടെ ഏതാനും ഒാഹരികളും കിട്ടി. ഇന്ന് 2024ൽ അതിന്റെ മൂല്യം 43 ലക്ഷം രൂപയ്ക്കു മുകളിലെത്തിനിൽക്കുന്നു! ഇത്രയും വർഷം ഡിവിഡന്റായിക്കിട്ടിയത് വേറെ! കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു ലക്ഷത്തോളം രൂപയാണ് വർഷംതോറും ഡിവിഡന്റ് ലഭിക്കുന്നത്!  

അസാധ്യം, അല്ലെങ്കിൽ അവിശ്വസനീയം എന്നു തോന്നുണ്ടുണ്ടോ? അതോ ഒരു തട്ടിപ്പിനുള്ള ചൂണ്ടയാണെന്നു സംശയമാണോ? തീർച്ചയായും അല്ല. തികച്ചും യാഥാർഥ്യം. ഇന്ത്യൻ ഓഹരിവിപണിയിലൂടെ ഒരു സാധാരണക്കാരൻ നടത്തിയ യാത്രയുടെ തിളങ്ങുന്ന ഏടാണിത്.   

തുടക്കം 1,500 രൂപയിൽനിന്ന് 

പണ്ടുകാലത്ത് കമ്പനികൾ ഷെയർ എക്സ്ചേഞ്ച് സ്കീംവഴി പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ഓഹരിയിലെ എന്റെ ആദ്യനിക്ഷേപം ഐടിസി ലിമിറ്റഡിന്റെ അത്തരം ഒരു സ്കീംവഴിയാണ്.1982ൽ 10 ബോണ്ടിന്  അപേക്ഷിച്ചെങ്കിലും കിട്ടിയത് 500 രൂപ മുഖവിലയിൽ മൂന്നെണ്ണം. അതിന്റെ മൂന്നുവർഷത്തെ പലിശ കമ്പനിയുടെ ഓഹരിയാക്കി മാറ്റുകയോ പലിശ പണമായി കൈപ്പറ്റുകയോ ചെയ്യാമായിരുന്നു. ഓഹരിയാക്കുന്ന സ്കീം തിരഞ്ഞെടുത്തതിനാൽ  പലിശയ്ക്കു പകരം ഓഹരികിട്ടി. അങ്ങനെ ഞാൻ ആദ്യമായി ഒരു കമ്പനിയുടെ ഓഹരിയുടമയായി.

Money-hand

എന്തുകൊണ്ട് ഐടിസി? 

അന്ന് എനിക്ക്  കമ്പനിയുടെ ഫിനാൻഷ്യൽ  സ്റ്റേറ്റ്മെന്റ് വായിക്കാനോ വിശകലനംചെയ്യാനോ അറിയില്ല. മാത്രമല്ല, അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റില്ല, കമ്പനികളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിക്കാൻ സംവിധാനങ്ങളും ഇല്ല.  എന്നിട്ടും ഞാൻ ഐടിസി തിരഞ്ഞെടുത്തത് സ്വകാര്യമേഖലയിൽ വളരെ റപ്യൂട്ടേഷനുള്ള, തികഞ്ഞ പ്രഫഷണലിസത്തോടെ മാനേജ്‌ചെയ്യുന്ന കമ്പനിയായതിനാലാണ്. ലളിതമായി പറഞ്ഞാൽ, ഐടിസിയുടെ പ്രതിച്ഛായയെ  വിശ്വസിച്ചു. 

ബോണസ്, ഡിവിഡന്റ് മാജിക് 

തുടർന്നു പല വർഷങ്ങളിൽ ഐടിസി ബോണസ് പ്രഖ്യാപിച്ചു. അതുവഴി 2021ൽ എന്റെ കയ്യിലെ ഓഹരികൾ 8,640 ആയി ഉയർന്നു. അന്നു കിട്ടിയ  ഓഹരികളല്ലാതെ ഞാൻ ഒരിക്കലും വിപണിയിൽ നിന്ന്  ഐടിസി ഓഹരി വാങ്ങിയിട്ടില്ല. അതായത് 1,500 രൂപയുടെ പലിശ മാത്രമാണ്  മുടക്കുമുതൽ. 8,640 ഓഹരികളിൽ 150 എണ്ണം 2023ൽ വിറ്റു. അന്ന് 78,000 രൂപയോളം കിട്ടി. നിലവിൽ കൈവശമുള്ള 8,490 ഓഹരികളുടെ മൂല്യം ഏതാണ്ട് 43 ലക്ഷം രൂപയാണ്. 

itc

തീർന്നില്ല ഐടിസി തന്ന നേട്ടം. ഇത്രയും  വർഷങ്ങൾക്കിടയിൽ ആകർഷകമായ ഡിവിഡന്റും കിട്ടുന്നുണ്ട്. സമീപകാലത്തായി ഒരു ലക്ഷത്തിലധികം രൂപ വർഷം  ഡിവിഡന്റായി ലഭിക്കുന്നു. 

പണം എനിക്കായി അധ്വാനിക്കുന്നു 

1,500 രൂപയുടെ നിക്ഷേപമാണ് ഇത്ര വലിയ നേട്ടം എനിക്കു നൽകിയത്. അതായത്, ഞാൻ ഒന്നും ചെയ്യാതെ എന്റെ നിക്ഷേപം എനിക്കുവേണ്ടി പണിയെടുക്കുന്നു. മികച്ച ആദായം നൽകിക്കൊണ്ടിരിക്കുന്നു. അതാണ് ഓഹരിയുടെ മാജിക്.

ബാങ്കുനിക്ഷേപവുമായി ഇതൊന്നു താരതമ്യം ചെയ്തുനോക്കാം. 1,500 രൂപ  അന്ന് ബാങ്കിലാണ്  ഇട്ടതെങ്കിൽ ഇന്ന് 38,000 രൂപയാകുമായിരുന്നു, 8% വാർഷിക കൂട്ടുപലിശ കണക്കാക്കിയാൽ. 

എല്ലാ ഓഹരിയും നേട്ടം തരില്ല

pocket-money

ഐടിസി കൊതിപ്പിക്കുന്ന നേട്ടം നൽകിയെങ്കിലും എന്റെ മറ്റു പല ഓഹരികളും തുച്ഛമായ നേട്ടമേ നൽകിയിട്ടുള്ളൂ. ചിലതു നേട്ടമേ നൽകിയിട്ടില്ല.  ചിലത് ഇപ്പോൾ നിലവിലേ ഇല്ല. എന്നാൽ ഐടിസിപോലെ മികച്ച ചില ഓഹരികൾ ആ നഷ്ടമെല്ലാം വലിയതോതിൽ നികത്തി. ഇപ്പോൾ ഓഹരിക്കു പുറമെ മ്യൂച്വൽഫണ്ടുകളിലും ആർബിഐ ഇഷ്യുചെയ്യുന്ന സോവർജിൻ ഗോൾഡ് ബോണ്ടിലും നിക്ഷേപമുണ്ട്.

നവംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com