ചെന്നൈ – ആർസിബി മത്സരം തൽസമയം കണ്ടത് 16.8 കോടി പേർ, വാച്ച്ടൈം 1276 കോടി മിനിറ്റ്! വ്യൂവർഷിപ്പിലും റെക്കോർഡ്

Mail This Article
ചെന്നൈ ∙ ഐപിഎൽ 17–ാം സീസണില്‍ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യ മത്സരം കണ്ടത് 16.8 കോടി പേർ. മാർച്ച് 22ന് നടന്ന മത്സരത്തിന് ആകെ ലഭിച്ച വാച്ച്ടൈം 1276 കോടി മിനിറ്റാണെന്നും ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ഡിസ്നി സ്റ്റാർ വ്യക്തമാക്കി. ഐപിഎലിലെ ഏതൊരു സീസണിലെയും ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്.
മത്സരം കാണാനായി ഓരോ പ്രേക്ഷകനും ചെലവഴിച്ച ആകെ സമയമാണ് വാച്ച്ടൈം മിനിറ്റ്. ഒരേസമയം 6.1 കോടി ഉപയോക്താക്കൾ വരെ ഡിസ്നി സ്റ്റാർ നെറ്റ്‌വർക്കിന്റെ ടിവി ചാനലുകളിൽ മത്സരം കണ്ടു. കഴിഞ്ഞ സീസണിൽ ഓപ്പണിങ് മത്സരം കണ്ടത് 870 കോടി മിനിറ്റാണ്. ഇത്തവണ ഇതില്‍ 16 ശതമാനം വര്‍ധന ഉണ്ടായതായാണ് ഡിസ്നി സ്റ്റാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഡിജിറ്റൽ സംപ്രേഷണം നടത്തുന്ന ജിയോ സിനിമയിലൂടെ 11.3 കോടി പ്രേക്ഷകരാണ് ഉദ്ഘാടന മത്സരം കണ്ടത്. 660 കോടി മിനിറ്റിലേറെയാണ് വാച്ച്ടൈം. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ ബെംഗളൂരുവിനെ 6 വിക്കറ്റിനു തോൽപിച്ചു.