പാണ്ഡ്യയെക്കാൾ മികച്ച ഡെത്ത് ഓവർ ബോളറാണ് ആകാശ് മഡ്വാൾ: മുംബൈ ക്യാപ്റ്റനെതിരെ മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആകാശ് മഡ്‍വാളിനെ 20–ാം ഓവർ എറിയിക്കാതിരുന്നതു ചർച്ച ചെയ്യേണ്ട കാര്യമാണെന്നു വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പാണ്ഡ്യ എറിഞ്ഞ 20–ാം ഓവറിൽ 26 റൺസാണ് വിട്ടുകൊടുത്തത്. എം.എസ്. ധോണി തുടർച്ചയായി മൂന്നു വട്ടം സിക്സർ പറത്തി. മത്സരം ചെന്നൈ സൂപ്പർ കിങ്സ് 20 റണ്‍സിനു വിജയിച്ചതോടെ ഹാർദിക്കിനെതിരെ വിമർശനം ശക്തമായിരുന്നു.
‘‘ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ വിമർശിക്കണമെങ്കിൽ, 20–ാം ഓവർ എറിഞ്ഞതിനെക്കുറിച്ചു സംസാരിക്കേണ്ടിവരും. ശിവം ദുബെയ്ക്കെതിരെ സ്പിൻ എറിയിക്കാതിരുന്നതു നന്നായിരുന്നു. ബാറ്റിങ് നോക്കുകയാണെങ്കിൽ, പാണ്ഡ്യയ്ക്കു കൂടുതൽ നന്നായി കളിക്കാമായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്യാനാകില്ല. 20–ാം ഓവറിനെക്കുറിച്ചു മാത്രമാണു പറയാനുള്ളത്. ഹാർദിക് പാണ്ഡ്യ തന്നെ എറിയണോ, അതോ പാണ്ഡ്യയുമായി നോക്കുമ്പോൾ മികച്ച ഡെത്ത് ഓവർ ബോളറായ ആകാശ് മഡ്‌വാളിനെ ഉപയോഗിക്കണോ എന്നതാണു ചോദ്യം.’’– വസീം ജാഫർ വ്യക്തമാക്കി.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്ക്കെതിരെ ഗാലറിയിൽനിന്ന് ആരാധകരുടെ പരിഹാസം ഉയർന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തിൽ വെറും രണ്ട് റണ്‍സാണു നേടിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യന്‍ താരം സുനിൽ ഗാവസ്കർ, മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സൻ എന്നിവരും നേരത്തേ രംഗത്തെത്തിയിരുന്നു.