‘സഹീർ ഖാൻ മുംബൈ ഇന്ത്യൻസ് വിട്ട കാര്യം അറിഞ്ഞത് അടുത്തിടെ’: ഇനി ഐപിഎലിൽ ലക്നൗവിന്റെ മെന്റർ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു മുന്നോടിയായി മുൻ ഇന്ത്യൻ താരം സഹീർ ഖാനെ മെന്ററായി നിയമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ്, അഭ്യൂഹങ്ങൾ ശരിവച്ച് സഹീർ ഖാൻ ലക്നൗ മെന്ററായി എത്തുന്നത്. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, പരിശീലക സംഘാംഗങ്ങളായ ലാൻസ് ക്ലൂസ്നർ, ആദം വോഗസ്, ജോണ്ടി റോഡ്സ് എന്നിവർക്കൊപ്പമാകും ലക്നൗവിൽ മെന്റർ റോളിൽ സഹീർ ഖാൻ പ്രവർത്തിക്കുക.
‘‘സഹീർ ഖാൻ നിലവിൽ മുംബൈ ഇന്ത്യൻസിനൊപ്പമില്ല എന്ന കാര്യം കുറച്ചു ദിവസം മുൻപാണ് ഞാൻ അറിയുന്നത്. ഉടനെ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടു. ചർച്ചകൾ നടത്തി അദ്ദേഹത്തെ ലക്നൗ ടീമിലെത്തിക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ തന്ത്രങ്ങൾ അറിയാവുന്ന വ്യക്തിയാണ് സഹീർ ഖാൻ. ക്രിക്കറ്റ് മേഖലയിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വവുമാണ്’ – ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേരുന്നതിനായി ഗൗതം ഗംഭീർ ടീം വിട്ട ശേഷം കഴിഞ്ഞ സീസണിൽ മെന്റർ ഇല്ലാതെയാണ് ലക്നൗ കളിച്ചത്. ഐപിഎലിൽ കളിക്കാൻ തുടങ്ങിയ ശേഷം അവർക്ക് പ്ലേ ഓഫിന് യോഗ്യത നേടാനാകാതെ പോയ ആദ്യ സീസണായി അതു മാറുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം ദയനീയമായ സാഹചര്യത്തിലാണ് സഹീർ ഖാനേപ്പോലെ ഒരാളെ മെന്ററായി നിയമിക്കുന്നതെന്നും ഗോയങ്ക വ്യക്തമാക്കി.
‘‘കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. പ്ലേ ഓഫിന് തൊട്ടടുത്തു വരെ എത്തി എന്ന യാഥാർഥ്യം ഞാൻ മറക്കുന്നില്ല. പക്ഷേ, പ്ലേ ഓഫിൽ എത്താനായില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അതുകൊണ്ട് ഈ പ്രകടനം പോരാ’ – ഗോയങ്ക പറഞ്ഞു.
അതേസമയം, ദക്ഷിണാഫ്രിക്കക്കാരനായ മോണി മോർക്കൽ ഇന്ത്യൻ ബോളിങ് പരിശീലകനായി ചുമതലയേറ്റതോടെ, ലക്നൗ സൂപ്പർ ജയന്റ്സിൽ ബോളിങ് പരിശീലകന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. മെന്റർ റോളിനൊപ്പം സഹീർ ഖാൻ ബോളിങ് പരിശീലക ചുമതല കൂടി വഹിക്കുമോയെന്നത് വ്യക്തമല്ല.