ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് മുപ്പത്തേഴുകാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് തോൽവി വഴങ്ങിയ 2024 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലാണ് മൊയീൻ അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് മൊയീൻ അലി വ്യക്തമാക്കി.

‘‘എനിക്ക് 37 വയസ്സുണ്ട്. ഈ മാസം ആരംഭിക്കുന്ന ഓസീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ എന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിനായി ഞാൻ ഒട്ടേറെ മത്സരങ്ങൾ കളിച്ചു. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറേണ്ട സമയമായെന്ന് ചില സൂചനകൾ ലഭിച്ചുകഴിഞ്ഞു. ഇതാണ് ശരിയായ സമയമെന്ന് എനിക്കും തോന്നുന്നു. എന്റെ ജോലി പൂർത്തിയായി’ – ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മൊയീൻ അലി പറഞ്ഞു.

‘‘വളരെ അഭിമാനത്തോടെയാണ് ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടപറയുന്നത്. ആദ്യമായി ഇംഗ്ലണ്ട് ജഴ്സിയിൽ ഇറങ്ങുമ്പോൾ, കരിയറിൽ എത്ര മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് ആർക്കും അറിയില്ല. എനിക്ക് മുന്നൂറോളം മത്സരങ്ങൾ കളിക്കാനായി. എന്റെ കരിയറിന്റെ തുടക്കത്തിലെ കുറച്ചു വർഷങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ഊന്നിയുള്ളതായിരുന്നു. ഒയിൻ മോർഗന്റെ വരവോടെ ഏകദിനത്തിലും കളിച്ചു. അതും രസമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് യഥാർഥ ക്രിക്കറ്റ് എന്ന് കരുതുന്നു’ – മൊയീൻ അലി പറഞ്ഞു.

2014ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ മൊയീൻ അലി, ഒരു പതിറ്റാണ്ടോളം നീളുന്ന രാജ്യാന്തര കരിയറിനാണ് വിരാമമിടുന്നത്. രാജ്യാന്തര കരിയറിൽ 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 28.12 ശരാശരിയിൽ 3094 റൺസ് നേടി. ഇതിൽ അഞ്ച് സെഞ്ചറികളും 15 അർധസെഞ്ചറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 155 റൺസാണ് ഉയർന്ന സ്കോർ. 

ഏകദിനത്തിൽ 24.27 ശരാശരിയിൽ 2355 റൺസ് നേടി. ഇതിൽ മൂന്നു സെഞ്ചറികളും ആറ് അർധസെഞ്ചറികളും ഉൾപ്പെടുന്നു. 128 റൺസാണ് ഉയർന്ന സ്കോർ. ട്വന്റി20യിൽ 21.18 ശരാശരിയിൽ 1229 റൺസ് നേടി. ഇതിൽ ഏഴ് അർധസെഞ്ചറികളുമുണ്ട്. പുറത്താകാതെ നേടിയ 72 റൺസാണ് ഉയർന്ന സ്കോർ.

ടെസ്റ്റിൽ 204 വിക്കറ്റുകളും ഏകദിനത്തിൽ 111 വിക്കറ്റുകളും ട്വന്റി20യിൽ 51 വിക്കറ്റുകളും നേടി. ടെസ്റ്റിൽ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 53 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ മികച്ച ബോളിങ് പ്രകടനം. 112 റൺസ് വഴങ്ങി 10 വിക്കറ്റെടുത്തത് മത്സരത്തിലെ മികച്ച പ്രകടനം.

ഏകദിനത്തിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിങ് പ്രകടനം. ട്വന്റി20യിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതത് മികച്ച പ്രകടനം.

മൊയീൻ അലിയുടെ പേരിലുള്ള റെക്കോർഡുകൾ

∙ ഒരു ടെസ്റ്റ് ഇന്നിങ്സിലെ ഉയർന്ന സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ 10–ാം സ്ഥാനം – 238.88

∙ ഒരു ടെസ്റ്റ് മത്സരത്തിൽ കൂടുതൽ ക്യാച്ചുകളുടെ പട്ടികയിൽ എട്ടാമത് – ആറു ക്യാച്ചുകൾ)

∙ ഒരു ടെസ്റ്റ് പരമ്പരയിൽ 250 റൺസും 20 വിക്കറ്റും

∙ ഏകദിന ഇന്നിങ്സിൽ ഉയർന്ന സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ അഞ്ചാമത് – 344.44

∙ ഏകദിനത്തിൽ 1000 റൺസും 100 വിക്കറ്റും

∙ രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി ഡക്കിനു പുറത്തായതിൽ നാലാമൻ – മൂന്നു തവണ

English Summary:

Moeen Ali retires from international cricket

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com