ADVERTISEMENT

ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ പൊരുതാനുറച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ആതിഥേയർ, മൂന്നാം ദിനം മൂന്നാം സെക്ഷനിൽ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സ് സ്കോറായ ‘46’ ഇന്ത്യ പിന്നിട്ടു. രോഹിത് ശർമ (55 പന്തിൽ 37*), വിരാട് കോലി (0*) എന്നിവരാണ് ക്രീസിൽ. ഓപ്പണർ യശ്വസി ജയ്‌സ്വാളിന്റെ (52 പന്തിൽ 35) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്. അജാസ് പട്ടേലിനാണ് വിക്കറ്റ്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനോട് ഇപ്പോഴും 282 റൺസ് പിന്നിലാണ് ഇന്ത്യ

∙ ‘ലീഡ്’ ചെയ്ത് രചിൻ

ഒന്നാം ഇന്നിങ്സിൽഡ 356 റൺസിന്റെ ലീഡ‍ാണ് കിവീട് നേടിയത്. ആദ്യ ഇന്നിങ്സിൽ 402 റൺസിന് ന്യൂസീലൻഡ് ഓൾ ഔട്ടായി. സെഞ്ചറി നേടിയ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര (157 പന്തിൽ 134), അർധസെഞ്ചറി നേടിയ ഡെവോൺ കോൺവേ (105 പന്തിൽ 91), ടിം സൗത്തി (73 പന്തിൽ 65) എന്നിവരുടെ ബാറ്റിങ്ങാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ഹോം ടെസ്റ്റിൽ 12 വർഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 200 റൺസിലധികം ലീഡ് വഴങ്ങുന്നത്. 2012ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഒരു കിവീസ് താരം ഇന്ത്യൻ മണ്ണിൽ സെഞ്ചറി നേടുന്നതും 12 വർഷത്തിനു ശേഷമാണ്.

ഒന്നാം ഇന്നിങ്സിൽ 3ന് 180 എന്ന നിലയിൽ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലൻഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച രചിൻ–ടിം സൗത്തി സഖ്യമാണ് ന്യൂസീലൻഡിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന് 137 റൺസാണ് കൂട്ടിച്ചേർത്തത്. നാല് സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്ന് പിറന്നത്. സൗത്തി നാല് സിക്സും അഞ്ച് ഫോറും അടിച്ചു.

 ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്ര. ചിത്രം: (PTI Photo/Shailendra Bhojak)
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്ര. ചിത്രം: (PTI Photo/Shailendra Bhojak)

നാലമാനായി എത്തിയ രചിൻ, ഏറ്റവും അവസനമാണ് പുറത്തായത്. ഇതുകൂടാതെ ഡാരിൽ മിച്ചൽ (49 പന്തിൽ 18), ടോം ബ്ലൻഡൽ (8 പന്തിൽ 5), ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെന്ററി (9 പന്തിൽ 8), ടിം സൗത്തി (73 പന്തിൽ 65), അജാസ് പട്ടേൽ (8 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിനു നഷ്ടമായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും സിറാജ് രണ്ടു വിക്കറ്റും ബുമ്ര, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.

∙ തകർന്നടിഞ്ഞ് ഇന്ത്യ

മൂന്നും പേസർമാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തി‍ൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ, 46 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ആഴ്ചകൾക്ക് മുൻപ് ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ അതിവേഗ സ്കോറിങ്ങിന്റെയും മിന്നൽ വിജയത്തിന്റെയും റെക്കോർഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസിൽ നിന്നു മടങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്സ് സ്കോർ, നാട്ടിലെ ടെസ്റ്റിലെ മോശം സ്കോർ, ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഒരു ടീമിന്റെ മോശം സ്കോർ, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്കോർ എന്നിവ ഇന്നലെ ഒരു പകലിനുള്ളിൽ ഇന്ത്യൻ ടീമിനൊപ്പമായി. ഇന്ത്യൻ ബാറ്റിങ്ങിൽ 5 പേർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റർമാരിൽ 5 പേർ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇതു രണ്ടാംതവണ മാത്രമാണ്.

English Summary:

India vs New Zealand, 1st Test- Day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com