ADVERTISEMENT

പരുക്കിന്റെ കൗണ്ടർ അറ്റാക്കിൽ പൊലിഞ്ഞ ഫുട്ബോൾ സ്വപ്നങ്ങൾ പരിശീലക വേഷത്തിൽ വീണ്ടും ചേർത്തു കെട്ടുകയാണ് ഷമീൽ ചെമ്പകത്ത്. ഇന്ത്യയിലെ മുൻനിര ക്ലബുകളുടെ പ്രതിരോധ ഭടനായി പ്രതിഭയുടെ മിന്നലാട്ടം തീർത്ത ഷമീലിന്റെ കരിയറിനു തടയിട്ടത് 2007ൽ പരിശീലന സമയത്തുണ്ടായ ഹാംസ്ട്രിങ് ഇൻജുറിയായിരുന്നു. മലപ്പുറം തെരട്ടമ്മലിലെ അബ്ദുല്ലയുടെയും ജമീലയുടെയും മകനായ ഷമീലിന് കുഞ്ഞുനാൾ മുതലേ നാടിന്റെ ഫുട്ബോൾ ഭ്രമം കൂടെയുണ്ടായിരുന്നു. നാട്ടിൽ കളിച്ചു വളർന്ന ഷമീൽ 1998ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്ബോൾ അക്കാദമിയിലെത്തി. ഇവിടെനിന്നാണ് പ്രഫഷനൽ പാഠങ്ങൾ പഠിക്കുന്നത്. ‌‌‌‌

2004ൽ വിവാ കേരളയിലെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് വാസ്കോ ഗോവയിൽ രണ്ടുവർഷം. 2007–08 സീസണിൽ കൊൽക്കത്ത മുഹമ്മദൻസിലെത്തി. അവിടെ രാമൻ വിജയൻ, കുലോത്തുംഗൻ, ബസുദേവ് മൊണ്ടൽ തുടങ്ങിയ പ്രമുഖരുൾപ്പെട്ട നിരയിൽ സെന്റർ ബാക്ക് പൊസിഷനിൽ തലയുയർത്തിനിന്ന് എതിർ മുന്നേറ്റങ്ങൾ ഷമീൽ തടുത്തിട്ടു. മുഹമ്മദൻസ് കാലത്താണ് പരുക്ക് പിടികൂടുന്നത്. പിന്നീട് ബംഗാൾ മുംബൈ എഫ്സിക്കായും കളിച്ചു. പക്ഷേ പരുക്ക് കൂടുതൽ അലട്ടിയതോടെ കളിക്കളം വിട്ടു.

പിന്നീട് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും മനസ്സ് അടങ്ങിയിരുന്നില്ല. ഫുട്ബോളല്ലാതെ മറ്റൊരു മേഖലയില്ലെന്ന് തിരിച്ചറിഞ്ഞതോട പരിശീലകനാകാൻ തീരുമാനിച്ചു. 2014 മുതൽ പ്രഫഷനൽ കോച്ചാണ് ഷമീൽ. ഐഎസ്എൽ ടീം ഹൈദരാബാദ് എഫ്സിയുടെ റിസർവ് ടീം പരിശീലകനാണിപ്പോൾ. കേരളാ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെയും പരിശീലകനായിരുന്നു. ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത് മികച്ച പരിശീലകരുടെ പട്ടികയിൽ ഇടം പിടിച്ച ഷമീൽ മനസ്സു തുറക്കുന്നു.

∙ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങളുമായി അടുത്ത പരിചയമുണ്ടല്ലോ. അവരിലൂടെ ഇന്ത്യയുടെ ഫുട്ബോൾ ഭാവിയെ എങ്ങനെ വിലയിരുത്താം ?

ഇന്ത്യൻ ഫുട്ബോൾ ശരിയായ ദിശയിലാണ് പോകുന്നത്. ഗ്രാസ് റൂട്ട് പരിശീലന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതും ഫുട്ബോളിന്റെ വളർച്ചയ്ക്കു വഴിയൊരുക്കും. താൽപര്യമുള്ളവർക്കെല്ലാം പരിശീലനം നൽകുക എന്നതിലുപരി നമ്മുടെ ഫുട്ബോൾ സംസ്കാരം മാറ്റിയെടുക്കാനും ഇതിനു കഴിയും. ജൂനിയർ തലത്തിൽ ഗംഭീര താരങ്ങളുണ്ട്. അവരിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മികച്ചതാകുമെന്ന് ഉറപ്പിച്ചു പറയാനാകും.

Shameel-Chembakath-2-JPG
ഷമീൽ ചെമ്പകത്ത് കളിക്കാർക്കൊപ്പം. ചിത്രത്തിന് കടപ്പാട്: ഹൈദരാബാദ് എഫ്സി

∙ കുരുന്നു പ്രതിഭകളെ ആകർഷിക്കാൻ ഇന്ത്യയിൽ ഇപ്പോഴുള്ള ഫുട്ബോൾ സംവിധാനം പര്യാപ്തമാണോ ?

കുറച്ചു വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിവരികയാണ്. ഫുട്ബോൾ ഫെഡറേഷന്റെ പദ്ധതികൾ കൂടുതൽ ജനകീയമായി വരുന്നു. എല്ലാ പ്രായത്തിൽപെട്ടവർക്കും പങ്കെടുക്കാൻ പറ്റുന്ന പരിശീലന പദ്ധതി മികച്ച ഫലമുണ്ടാക്കും. ബേബി ലീഗ് എന്ന ആശയം വിദേശ രാജ്യങ്ങളുടെ ഫുട്ബോൾ തലത്തിലേക്ക് ഇന്ത്യ എത്തിയെന്നതിന്റെ ഉദാഹരണമാണ്. ഐഎസ്എൽ ക്ലബുകളും കമ്പനികളുമൊക്കെ സ്വന്തം നിലയ്ക്കു നടത്തുന്ന ഗ്രാസ് റൂട്ട് പരിശീലനങ്ങളും ഗുണകരമാണ്.

ഐഎസ്എല്ലിന്റെ വരവ് സാധാരണക്കാരായ ഒട്ടേറെപ്പേരെയാണ് ഫുട്ബോളിലേക്ക് അടുപ്പിച്ചത്. കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ലഭിക്കുന്നെന്നത് സന്തോഷകരമാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ഫുട്ബോൾ കഴിവുകൾക്കൊപ്പം കുട്ടികളുടെ ആത്മവിശ്വാസവും സാമൂഹിക മൂല്യങ്ങൾ വളർ‌ത്താനും ഇടയാക്കും.

∙ മുൻപ് ബംഗാളും കേരളവും ഗോവയുമൊക്കെയായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ പവർഹൗസുകൾ. എന്നാൽ ഇന്ന് ആ സ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കയ്യടക്കി. ഈ മാറ്റത്തിന്റെ കാരണമെന്താണ്‌?

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഫുട്ബോൾ എന്ന കായിക ഇനത്തിനു നൽകുന്ന സ്ഥാനം തന്നെയാണ് അതിനു കാരണം. വലിയ കഠിനാധ്വാനികളാണവർ. ഇപ്പോൾ ഇന്ത്യയിലെ ക്ലബുകളിലെല്ലാം തന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരുണ്ട്. അവിടുത്തെ കാലാവസ്ഥയും മികച്ചതായതിനാൽ കളിക്കാർക്ക് കൂടുതൽ സമയം പരിശീലനത്തിനുള്ള അവസരമുണ്ട്. ഗ്രാസ് റൂട്ട് തലത്തിലും കൗമാര തലത്തിലുമുള്ള ചിട്ടയായ പരിശീലന പദ്ധതികളും അവരുടെ വിജയത്തിനു വഴിയൊരുക്കുന്നു.

Shameel-Chembakath-3-JPG
ഷമീൽ ചെമ്പകത്ത്. ചിത്രത്തിന് കടപ്പാട്: ഹൈദരാബാദ് എഫ്സി

∙ ഒരിക്കൽ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപിൽ പങ്കെടുത്തു, പക്ഷേ പരുക്കുമൂലം കരിയർ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. ഇന്ന് പരിശീലകന്റെ റോളിൽ തിളങ്ങുന്നു. മധുരപ്രതികാരമാണോ?

ചെറുപ്പം മുതൽ രക്തത്തിലുള്ളതാണ് ഫുട്ബോൾ. കളിക്കുന്നതായാലും പഠിപ്പിക്കുന്നതായാലും ഫുട്ബോളുമായി ബന്ധപ്പെട്ടതെല്ലാം അത്രയ്ക്കു പ്രിയമാണ്. പരുക്ക് പിടികൂടിയെങ്കിലും ഫുട്ബോളിനോടുള്ള യഥാർഥ താൽപര്യം മനസ്സിൽനിന്നു മാറാത്തതാണ് പരിശീലകനാകണമെന്നു തോന്നിച്ച പ്രധാന ഘടകം. കോച്ചിങ് കരിയർ ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. പ്രഫഷനൽ ഫുട്ബോൾ കളിക്കാരനായിരുന്നത് പരിശീലനത്തിൽ കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. കളിക്കാരന് ആവശ്യമായതെന്താണെന്ന് തിരച്ചറിഞ്ഞ് പരിശീലനം നൽകാൻ സഹായിക്കുന്നു. ഒരിക്കൽ നഷ്ടമായ സ്വപ്നങ്ങൾ, ശിഷ്യർ നേടിയെടുക്കുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മധുരപ്രതികാരം എന്നതിനപ്പുറം സ്വപ്നപൂർത്തീകരണമായാണ് ഇതിനെകാണുന്നത്.

English Summary: Interview With Shameel Chembakath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com