ക്രൊയേഷ്യയ്ക്കെതിരെ ഇൻജറി ടൈമിൽ സമനില ഗോൾ; ഇറ്റലി യൂറോ പ്രീക്വാർട്ടറിൽ
Mail This Article
ലൈപ്സീഗ് ∙ റെഡ്ബുൾ അരീനയിലെ ക്രൊയേഷ്യൻ ആരാധകരുടെ ഹൃദയം തകർത്താണു 98–ാം മിനിറ്റിൽ ഇറ്റലിയുടെ ആ ഗോൾ പതിച്ചത്. പ്രീ ക്വാർട്ടർ സ്വപ്നം കണ്ട് അതുവരെ മുന്നിട്ടു നിന്ന ക്രൊയേഷ്യയും ആരാധകരും അതോടെ തലയിൽ കൈവച്ചു നിരാശരായി. യൂറോ കപ്പ് ബി ഗ്രൂപ്പിൽ അവസാന നിമിഷം ഇറ്റലിയോടു സമനില (1–1) വഴങ്ങിയ ക്രൊയേഷ്യ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.
വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 98–ാം മിനിറ്റ് വരെ മുന്നിട്ടു നിന്ന ശേഷമാണു ക്രൊയേഷ്യ സമനില വഴങ്ങിയത്. ക്രൊയേഷ്യയ്ക്കായി ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചും (54–ാം മിനിറ്റ്) ഇറ്റലിക്കായി മാറ്റിയ സക്കാനിയും (90+8) സ്കോർ ചെയ്തു. സമനിലയോടെ ഇറ്റലി പ്രീ ക്വാർട്ടറിലെത്തി. ക്രൊയേഷ്യ നല്ല നീക്കങ്ങളിലൂടെ മുൻതൂക്കം പുലർത്തിയിരുന്ന ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 54–ാം മിനിറ്റിൽ ഹാൻഡ് ബോളിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചു.
എന്നാൽ, ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിന്റെ കിക്ക് ഇറ്റലിയുടെ ക്യാപ്റ്റനായ ഗോളി ജിയാൻല്യൂജി ഡൊന്നരുമ്മ തടഞ്ഞു. തുടർന്നു നിമിഷങ്ങൾക്കകം വന്ന ക്രോസിനൊടുവിൽ മോഡ്രിച്ച് തന്നെ ക്രൊയേഷ്യയ്ക്കു 1–0 ലീഡ് നൽകി. ബുദിമിർ പായിച്ച ഷോട്ട് ഡൊന്നരുമ്മ തടഞ്ഞെങ്കിലും പന്ത് വന്നു വീണത് മോഡ്രിച്ചിന്റെ സമീപമായിരുന്നു. മോഡ്രിച്ചിന്റെ തകർപ്പൻ ഷോട്ട് തടയാൻ ഇത്തവണ ഡൊന്നരുമ്മയ്ക്കായില്ല.
ഗോൾ വീണതോടെയാണു നിലവിലെ ചാംപ്യന്മാരായ ഇറ്റലി ആവേശപ്പോരാട്ടം തുടങ്ങിയത്. ഇൻജറി ടൈമിൽ (90+8) പകരക്കാരൻ മാറ്റിയ സക്കാനിയാണ് ഇറ്റലിയുടെ ഗോൾ നേടിയത്. പ്രതിരോധ താരം റിക്കാർഡോ കാലഫിയോറിയ നടത്തിയ മികച്ച റണ്ണിന് ഒടുവിൽ നൽകിയ പാസ് സക്കാനി ലക്ഷ്യത്തിലെത്തിച്ചു. ലാസിയോ താരത്തിന്റെ ഫസ്റ്റ് ടൈം ഷോട്ട് ഗോൾവലയിൽ.
∙ ഗ്രൂപ്പ് ജേതാക്കളായി സ്പെയിൻ
അവസാന മത്സരത്തിൽ അൽബേനിയയെ 1–0നു തോൽപിച്ച സ്പെയിൻ (9 പോയിന്റ്) യൂറോ ബി ഗ്രൂപ്പ് ജേതാക്കൾ. 4 പോയിന്റോടെ ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി നോക്കൗട്ട് ഉറപ്പിച്ചത്. പുറത്തായി ക്രൊയേഷ്യയ്ക്കും അൽബേനിയയ്ക്കും ഒരു പോയിന്റ് മാത്രമാണുള്ളത്. ഡുസൽഡോർഫിൽ 13–ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് അൽബേനിയയ്ക്കെതിരെ സ്പെയിനിന്റെ ജയം.