നിരാശയിൽ മുക്കിയ മറ്റൊരു സീസൺ, ആരാധകർ ഹാപ്പിയല്ല, ബ്ലാസ്റ്റേഴ്സ് ! എത്ര കാലം ഇങ്ങനെ പോകും?

Mail This Article
കൊച്ചി∙ ‘ഇത്രയും കാലം എവിടെയായിരുന്നു’ എന്ന സിനിമാ ഡയലോഗ് പോലൊന്നാണു ഐഎസ്എൽ 11–ാം സീസൺ പൂർത്തിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ചോദിക്കുന്നത്: എത്ര കാലം ഇങ്ങനെ പോകും? ഒരു ട്രോഫി പോലും നേടാൻ കഴിയാത്ത ദുർവിധിക്കു മാറ്റമില്ല. ടീമിന്റെ പ്രകടനത്തിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആരാധകരും ഒട്ടും ഹാപ്പിയല്ല. തുടർച്ചയായി 3 സീസണുകളിൽ പ്ലേ ഓഫിലെത്തിയ ടീം ഇത്തവണ അതിനും മുൻപേ വീണു.
തിളങ്ങാതെ സ്റ്റാറെ
ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചു വേണ്ടത്ര ധാരണയില്ലാതിരുന്ന കോച്ച് മികായേൽ സ്റ്റാറേയുടെ തന്ത്രങ്ങൾ തിരിച്ചടിച്ചു. അടിമുടി ആക്രമണമെന്ന ശൈലി പിന്തുടർന്ന പരിശീലകൻ പ്രതിരോധം ‘സെറ്റ്’ ചെയ്യുകയെന്ന അടിസ്ഥാനപാഠം മറന്നു. മിലോസ് ഡ്രിൻസിച്ചിനെ കേന്ദ്രീകരിച്ചായിരുന്നു സ്റ്റാറേ പ്രതിരോധം ഒരുക്കിയത്. പരിചയത്തിലും വേഗത്തിലും പിന്നാക്കമായ ഡ്രിൻസിച്ച് പ്രതിരോധത്തിലെ നട്ടെല്ലാകുമെന്ന കണക്കുകൂട്ടൽ അടിമുടി പാളി. ഇതോടെ ഇന്ത്യൻ താരങ്ങളും അധിക സമ്മർദത്തിലായി.
റോളില്ലാതെ ലൂണ
ഇന്ത്യൻ യുവതാരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിലും മനസ്സിലാക്കുന്നതിലും സ്റ്റാറെയ്ക്കുണ്ടായ വീഴ്ചകളും തിരിച്ചടിയായി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്കു പ്ലേമേക്കർ റോൾ നൽകി കളിയൊരുക്കുന്നതായിരുന്നു മുൻ സീസണുകളിൽ ടീമിന്റെ തന്ത്രം. എന്നാൽ, നോവ സദൂയിയെ ‘ഫോക്കസ്’ ചെയ്തായിരുന്നു സ്റ്റാറെയുടെ ഗെയിം പ്ലാൻ. പരിശീലനത്തിൽ ഉൾപ്പെടെ ഫോർമേഷനുകളിൽ കോച്ച് അടിക്കടി വരുത്തിയ മാറ്റങ്ങൾ യുവതാരങ്ങൾ നിറഞ്ഞ ടീമിനു ഗുണത്തേക്കാളേറെ ദോഷമാവുകയും ചെയ്തു.
ഇടക്കാല ആശ്വാസം
12 മത്സരങ്ങളിൽ 3 ജയവും 2 സമനിലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കു നീങ്ങുമെന്ന തോന്നിച്ചപ്പോഴാണ് സ്റ്റാറെയെ പുറത്താക്കിയത്. മലയാളി ടി.ജി.പുരുഷോത്തമനും റിസർവ് ടീം കോച്ച് തോമാസ് കോർസും ചേർന്നുള്ള രക്ഷാപ്രവർത്തനമാണു ടീമിന്റെ മുഖം രക്ഷിച്ചതെന്നു പറയാം. 12 മത്സരങ്ങളിൽ 5 ജയവും 3 സമനിലയുമാണു സ്റ്റാറേ പോയ ശേഷം ബ്ലാസ്റ്റേഴ്സ് നേടിയത്. ലൂണയെ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാൻ തിരികെ വന്നു. സ്ട്രൈക്കർ ഹെസൂസ് ഹിമിനെയുടെ പരുക്കും റഫറിയിങ്ങിലെ പിഴവുകളുംകൂടി തോൽവി പൂർണം! ഏപ്രിൽ 21 മുതൽ ഭുവനേശ്വറിൽ നടക്കുന്ന സൂപ്പർ കപ്പ് നോക്കൗട്ട് ടൂർണമെന്റിലാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഐഎസ്എൽ ടീമുകൾക്കൊപ്പം 3 ഐ ലീഗ് ടീമുകളും ഇതിൽ മത്സരിക്കും.