പോൾവോൾട്ടിൽ 9–ാം തവണയും ലോക റെക്കോർഡ് തിരുത്തി ഡുപ്ലന്റിസ്; തുടരെ രണ്ടാം ഒളിംപിക്സിലും സ്വർണം
Mail This Article
പാരിസ്∙ ഒളിംപിക്സിൽ പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വന്തം ലോക റെക്കോർഡ് തിരുത്തി സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. പോൾവോൾട്ട് ഫൈനലിൽ 6.25 മീറ്റർ ദൂരം പിന്നിട്ടാണു ഡുപ്ലന്റിസ് പുതിയ റെക്കോർഡ് കുറിച്ചത്. 6 മീറ്റർ ദൂരം പിന്നിട്ടപ്പോൾ തന്നെ സ്വർണം ഉറപ്പിച്ച ഡുപ്ലന്റിസ് പിന്നീട് 6.10 മീറ്റർ ദൂരം പിന്നിട്ട് പുതിയ ഒളിംപിക് റെക്കോർഡ് കുറിച്ചു. യുഎസിന്റെ സാം കെൻഡ്രിക്സ് വെള്ളി നേടി (5.95 മീറ്റർ). ഗ്രീസിന്റെ ഇമ്മാനുവൽ കരാലിസിനാണ് വെങ്കലം (5.90 മീറ്റർ).
6.25 മീറ്റർ ദൂരം പിന്നിടാനുള്ള ആദ്യ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിൽ ഇരുപത്തിനാലുകാരൻ ഡുപ്ലന്റിസ് റെക്കോർഡിലേക്ക് പറന്നിറങ്ങി. ഇത് ഒൻപതാം തവണയാണ് ഡുപ്ലന്റിസ് ലോക റെക്കോർഡ് തകർക്കുന്ന പ്രകടനം കാഴ്ച വയ്‌ക്കുന്നത്. തുടരെ രണ്ടാം ഒളിംപിക്സിലാണ് ഡുപ്ലന്റിസ് സ്വർണം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോക ചാംപ്യൻഷിപ്പിൽ 2 സ്വർണവും ഒരു വെള്ളിയും ഡുപ്ലന്റിസിന്റെ പേരിലുണ്ട്.