അമിത് റോഹിദാസിന്റെ സസ്പെൻഷൻ; നോട്ടിസിൽ ഒപ്പിട്ടത് ‘ചക് ദേ ഇന്ത്യ’യിൽ ഇന്ത്യയുടെ ‘ശത്രു’വായ ഓസീസ് പരിശീലകൻ!
Mail This Article
പാരിസ്∙ ഒളിംപിക്സ് ഹോക്കി സെമിയിൽ ഇന്ന് ജർമനിയെ നേരിടാനിരിക്കെ, വിലക്കു മൂലം പ്രതിരോധത്തിലെ കരുത്തൻ അമിത് റോഹിദാസിന് കളത്തിലിറങ്ങാനാകാത്തതിന്റെ നിരാശയിലാണ് ഇന്ത്യ. ബ്രിട്ടനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ബ്രിട്ടിഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിന് റോഹിദാസിന് ചുവപ്പുകാർഡും മാർച്ചിങ് ഓർഡറും ലഭിച്ചിരുന്നു. ഇതിനു പിന്നാലെ, റോഹിദാസ് ചെയ്ത തെറ്റിന്റെ ഗൗരവം പരിഗണിച്ച് താരത്തെ ഒരു മത്സരത്തിൽനിന്ന് വിലക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്നു നടക്കുന്ന മത്സരം അമിത് റോഹിദാസിന് നഷ്ടപ്പെടുക.
അതിനിടെ, ‘ചക് ദേ ഇന്ത്യ’ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ നെഗറ്റീവ് റോൾ ചെയ്ത ഒരു ഓസ്ട്രേലിയക്കാരനാണ് അമിത് റോഹിദാസിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നോട്ടിസ് പുറത്തിറക്കിയതെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ‘ചക് ദേ ഇന്ത്യ’യിൽ ഇന്ത്യൻ വനിതാ ടീമിനെ ദ്രോഹിക്കുന്ന ഓസീസ് പരിശീലകന്റെ വേഷമണിഞ്ഞ ജോഷ്വ ബർട്ടാണ്, അമിത് റോഹിദാസിനെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ‍് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്! രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) ഔദ്യോഗിക സംഘത്തിലെ അംഗമെന്ന നിലയിലാണ്, ജോഷ്വ ബർട്ട് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടത്.
‘‘ഓഗസ്റ്റ് നാലിനു നടന്ന ഇന്ത്യ–ബ്രിട്ടൻ മത്സരത്തിനിടെ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ, അമിത് റോഹിദാസിനെ ഒരു മത്സരത്തിൽനിന്ന് സസ്പെൻഡ് ചെയ്യുന്നു. ഒളിംപിക്സിലെ 35–ാം മത്സരത്തിന് (ഇന്ത്യ–ജർമനി സെമിഫൈനൽ) വിലക്ക് ബാധകമാകുന്നതിനാൽ, ആ മത്സരത്തിൽ അമിത് റോഹിദാസിന് കളിക്കാനാകില്ല. 15 കളിക്കാരുടെ സംഘവുമായിട്ടായിരിക്കും ഇന്ത്യ ഈ മത്സരത്തിൽ കളിക്കുക’ – ജോഷ്വ ബർട്ടിന്റെ പേരിൽ പുറത്തുവിട്ട നോട്ടിസിൽ പറയുന്നു.
ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച ജോഷ്വ ബർട്ട്, വിവിധ ഹോക്കി ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സ്, 2020ലെ ടോക്കിയോ ഒളിംപിക്സ് തുടങ്ങിയവയുടെ സംഘാടക സമിതിയിലും അംഗമായിരുന്നു. ‘ചക് ദേ ഇന്ത്യ’യിൽ ഓസ്ട്രേലിയൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായെത്തിയ ജോഷ്വ ബർട്ട് നെഗറ്റീവ് സ്വഭാവമുള്ള വേഷമാണ് ചെയ്തത്.