വല്ലപ്പുഴ വൈദ്യന്റെ നസ്യവും തിരുവിതാംകൂർ ചരിത്രവും സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മുറ്റത്ത്
Mail This Article
' നാളെത്തെ പുലരിയിൽ പൂക്കൾ വിരിയും. ഓരോ പൂക്കളും വിരിയുന്നത് സ്വാതന്ത്ര്യത്തിലെക്കാണ്. സ്വാതന്ത്ര്യത്തിന്റെ പരമമായ ചിഹ്നമാണ് പൂക്കൾ,
ഈ മൊട്ടുകളൊക്കെ വിരിയുന്നത് സ്വാതന്ത്ര്യത്തിലേക്കാണ് ' ചരിത്രത്തിന്റെ അവശേഷിപ്പുകൾ അടർത്തികൊണ്ട് ആ ശബ്ദം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ അങ്കണത്തിൽ പ്രതിധ്വനിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല ഭാഷാസാഹിത്യപഠന വിഭാഗം സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ സ്ഥാപക ഡയറക്ടറും നാടകാചാര്യനുമായ ജി. ശങ്കരപിള്ളയുടെ അനുസ്മരണത്തോടാനുബന്ധിച്ച് നടത്തിയ 'ട്രാവൻകൂർ ലിമിറ്റഡ്' എന്ന നാടകം ശ്രദ്ധേയമായി,
എസ് ഹരീഷിന്റെ 'ആഗസ്റ്റ് 17' എന്ന നോവലിനെ ആസ്പദമാക്കിയാണ് 'ട്രാവൻകൂർ ലിമിറ്റഡ്' എന്ന നാടകം ഒരുക്കിയത്. സംവിധായകനും തിരക്കഥാകൃത്തും നിരൂപകനും സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ അസോസിയേറ്റ് പ്രഫസറുമായ അജു കെ.നാരായണനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. നാടകത്തിൽ ബഷീറായി വേഷമിട്ടത് ചങ്ങമ്പുഴയുടെ കൊച്ചുമകനും സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനുമായ ഹരികുമാർ ചങ്ങമ്പുഴയാണ്. യാഥാർഥ്യവും ഭാവനയും ഇടകലർത്തിയെഴുതിയ നോവലിന്റെ നാടകരൂപത്തിൽ വല്ലപ്പുഴ വൈദ്യൻ, തടവുകാരി കുഞ്ഞുലക്ഷ്മി, ഗുസ്തിക്കാരൻ പരമു എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി.
മഹാത്മാ ഗാന്ധി സർവ്വകലാശാല സംഘടിപ്പിക്കുന്ന അക്കാദമിക് കാർണിവൽ 'യുനോയ'യോട് അനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് ജനുവരി 17ന് 'ട്രാവൻകൂർ ലിമിറ്റഡ്' വീണ്ടും അരങ്ങേറും.