ഓറഞ്ച്, പഴം, കാപ്പിപ്പൊടി, ചർമം തിളങ്ങാൻ ഒരു അസ്സൽ ഫെയ്സ്മാസ്ക്ക് ഉണ്ടാക്കിയാലോ?
Mail This Article
തിളങ്ങുന്ന ചർമം എല്ലാവർക്കും ഇഷ്ടമാണ്. അതിനായി പല വഴികൾ തേടുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കിട്ടുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട. വീട്ടിൽ നിന്നു തന്നെ കിട്ടുന്ന ചില ചെറിയ സാധനങ്ങൾ മാത്രം മതി ആരും കൊതിക്കുന്ന മുഖകാന്തിക്കായി. ഈ സ്പെഷൽ സാധനങ്ങൾ ഉപയോഗിച്ചൊരു അസ്സൽ ഫെയ്സ് മാസ്ക്ക് നിർമിച്ചാലോ?
ഓറഞ്ച് ഫെയ്സ്പാക്ക്
മുഖത്തിന്റെ തിളക്കത്തിന് മികച്ചതാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. എല്ലാ തരം ചര്‍മക്കാര്‍ക്കും ഓറഞ്ച് ഫെയ്സ്പാക്ക് ഉപയോഗിക്കാം. പ്രത്യേകിച്ച്, വരണ്ട ചര്‍മത്തിന് ഓറഞ്ച് ഫെയ്സ്പാക്ക് വളരെ നല്ലതാണ്. എങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ്, കൈകളുടെ പുറം ഭാഗത്ത് ചെറിയ അളവ് പരീക്ഷിച്ച് ചര്‍മത്തിന് അലര്‍ജിയുണ്ടോ എന്ന് ഉറപ്പാക്കുക. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
ഓറഞ്ചിനെ തൊലിയോടെ ചെറുതായി അരിഞ്ഞെടുത്ത് തേന്‍, ഓട്‌സ് എന്നിവ ചേര്‍ത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം തേച്ച് വെക്കുക. അതിന് ശേഷം മുഖം ചെറുചൂടു വെള്ളത്തില്‍ കഴുകുക. തിളക്കം നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും.
കാപ്പിപ്പൊടി ഫെയ്സ്പാക്ക്
കാപ്പിപ്പൊടിയുടെ ആന്റി ഓക്സിഡന്റ് സവിശേഷതകൾ ചർമത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ചർമത്തിന്റെ നിറം വർധിപ്പിക്കാനും കാപ്പിപ്പൊടിതന്നെയാണ് മികച്ചത്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഇനി ഈ ഫെയ്സ്പാക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാം.
പഴവും തേനും
പഴം കഴിക്കാൻ മാത്രമല്ല മുഖ സൗന്ദര്യത്തിനും മികച്ചതാണ്. ചർമത്തിന്റെ വീക്കം കുറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് പഴം. മാത്രമല്ല പെട്ടെന്ന് തന്നെ മുഖം നിറം വെക്കാനും പഴം കൊണ്ടുള്ള മാസ്ക് സഹായിക്കും. പഴത്തിനൊപ്പം തേനും നാരങ്ങാ നീരും കൂടെ ചേർന്നാൽ തിളക്കം നൽകാൻ വേറെയൊന്നും വേണ്ടെന്ന് തന്നെ പറയാം. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഒരു പഴുത്ത വാഴപ്പഴം, ഒരു ടീസ്പൂൺ തേൻ, നാരങ്ങ നീര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി വൃത്തിയാക്കിയ മുഖത്ത് ഈ പാക്ക് ഇട്ട് 15 മിനുട്ട് വെക്കുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം.