മോഹൻലാലിന്റെ അമ്മ; നമ്മുടെയും; സ്നേഹനിറങ്ങളാൽ സേതു എഴുതിയ ചിത്രം

Mail This Article
മോഹൻലാലിന്റെ അമ്മ; നമ്മുടെയും; സ്നേഹനിറങ്ങളാൽ സേതു എഴുതിയ ചിത്രം - സ്നേഹക്കൽക്കണ്ടം പോലെ മധുരിക്കുന്ന ആ പേരാണ്, അതു മാത്രമാണ് ശാന്തകുമാരിയെന്ന അമ്മയോട് മലയാളിയമ്മമാർക്ക് അസൂയ തോന്നാനുള്ള ഏക കാരണം – മോഹൻലാൽ! മലയാള സിനിമകൾ കാണുന്ന ഏതമ്മയുടെയും ആഗ്രഹമാണ് മോഹൻലാലിനെപ്പോലെ ഒരു മകൻ. കുസൃതി കാട്ടിച്ചിരിക്കുന്ന, മടിയിൽ തലവച്ചു കിടന്ന് വർത്തമാനം പറയുന്ന, അമ്മയെ പ്രാണനെപ്പോലെ ചേർത്തുപിടിക്കുന്ന മകൻ. സ്ക്രീനിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും സുകുമാരിയുമൊക്കെ ലാലിന്റെ അമ്മമാരായി എത്തിയപ്പോൾ ആ സിനിമാ മുഹൂർത്തങ്ങൾ കണ്ടിരുന്ന മലയാളികളുടെ കണ്ണും ഹൃദയവും നിറഞ്ഞിരുന്നു. സ്ക്രീനിനു പുറത്തും ലാൽ അങ്ങനെയൊരു മകനാണ്. തന്റെ അമ്മയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന, അമ്മയെ ഓർത്തു കണ്ണുനിറയുന്ന മകൻ.
മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പോലെ നമുക്കു പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ അമ്മയും. അഭിമുഖങ്ങളിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ ചുരുക്കം വാക്കുകളിൽ ഒതുക്കുകയാണ് അദ്ദേഹത്തിന്റെ പതിവെങ്കിലും ആ അമ്മ നമുക്ക് സുപരിചിതയാണ്. മലയാളത്തിന്റെ പ്രിയനടൻ അറുപതിലേക്കു കടക്കുമ്പോൾ ആ അമ്മയെ എങ്ങനെയാണ് ഓർക്കാതിരിക്കുക. ആ ചിന്തകളിലേക്ക് മനോഹരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചിത്രകാരനായ സേതു ഇയ്യാൽ. സേതുവിന്റെ വരകൾ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ടതാണ്.

മോഹൻലാൽ മാതൃദിനത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഫോട്ടോ കണ്ടിട്ടാണ് സേതു വരച്ചത്. അമ്മ കൈ നീട്ടി ഇരിക്കുന്ന ഫോട്ടോ കണ്ടാൽ ജീവൻ തുടിക്കുന്നു എന്നു പറയുന്നതു പോലും ഏറ്റവും ചെറിയ വിശേഷണമാണ്. അത്ര മനോഹരമാണ് ചിത്രം. മോഹൻലാലിനായി വളരെ കുറച്ചു ചിത്രങ്ങളേ നൽകിയിട്ടുള്ളൂ. അദ്ദേഹത്തോടൊപ്പം വളരെ കുറച്ചു സമയമേ ചെലവഴിച്ചിട്ടുമുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ അമ്മ വിളിച്ചു സംസാരിച്ചതാണ് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമെന്ന് സേതു ഇയ്യാൽ പറയുന്നു.

ലോഹിതദാസിന്റെ അസിസ്റ്റന്റ് ആയിരുന്നു സേതു. അന്നു തുടങ്ങിയതാണ് മോഹൻലാലുമായുള്ള ബന്ധം. ചെമ്പൈ വൈദ്യനാഥ ഭാഗവതരായി വേഷം അണിഞ്ഞു നിൽക്കുന്ന മോഹൻലാലിനെ വരച്ചു നൽകണമെന്ന് അദ്ദേഹത്തിന്റെ ടീം ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും സന്തോഷത്തോടെ, മറ്റൊന്നും പ്രതീക്ഷിക്കാതെ അതു വരച്ചു പൂർത്തിയാക്കി. സിനിമയുടെ തിരക്കുകൾക്കിടയിലും സൂപ്പർതാരമെന്ന ഭാവമൊന്നുമില്ലാതെ മോഹൻലാൽ സേതുവിനെ തേടിയെത്തി; സ്നേഹം നിറഞ്ഞ വാക്കുകളും സൗഹൃദവുമായി. അതിനു ശേഷം മോഹൻലാൽ പറഞ്ഞിട്ട് എട്ടോളം ചിത്രങ്ങൾ ആണു വരച്ചു നൽകിയത്. അതിലേറ്റവും പ്രധാനപ്പെട്ടത് അച്ഛന്റെ പടമായിരുന്നു. ആ ചിത്രമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ വാക്കുകൾ സമ്മാനിച്ചതെന്ന് സേതു പറയുന്നു.
‘ചിത്രം മറ്റൊരാൾ വഴിയായിരുന്നു മോഹൻലാലിനെ കാണിച്ചത്. അന്ന് അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. അച്ഛന്റെ ചിത്രം തിരുവനന്തപുരത്തെ വീട്ടിൽ സൂക്ഷിച്ചാൽ മതി എന്നു പറഞ്ഞു. വിളിച്ചു സംസാരിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും അദ്ദേഹത്തിന്റെ ഒരു കോൾ കൂടി എത്തി. അമ്മ വിളിക്കും, ഫോൺ എടുക്കണം എന്നു മാത്രം പറഞ്ഞു. അതു കഴിഞ്ഞ് അമ്മ വിളിച്ചു. സത്യം പറഞ്ഞാൽ, എന്തു പറയണം എന്നൊന്നും അറിയില്ലായിരുന്നു അമ്മയ്ക്ക്. ചിത്രം ഇഷ്ടപ്പെട്ടോ എന്നതായിരുന്നു ആദ്യത്തെ ടെൻഷൻ. അമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ചിത്രമാണ്... അതും അദ്ദേഹം കടന്നു പോയിക്കഴിഞ്ഞതിനു ശേഷം കൊടുത്തത്. മക്കളേ എന്നു വിളിച്ചാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. ‘എങ്ങനെ നന്ദി പറയണം എന്നറിയില്ല മക്കളേ ചിത്രം അതിമനോഹരമായിട്ടുണ്ട്... അതിലേക്ക് നോക്കുമ്പോൾ ലാലുവിന്റെ അച്ഛന്റെ കണ്ണുകൾ എന്നോടു സംസാരിക്കുന്നതായി തോന്നുന്നു... മോൻ നന്നായി വരും, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും എന്ന് പറഞ്ഞാണ്’ അന്നു ഫോൺ കോൾ അവസാനിച്ചത്. ഇന്നും അമ്മ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ട്... എനിക്ക് കിട്ടിയ ഒരു നാഷനൽ അവാർഡ് പോലെയായിരുന്നു ആ അമ്മയുടെ വാക്കുകൾ. ചില മനുഷ്യരോട് ഒരുപാടുവട്ടം സംസാരിക്കണമെന്നോ ഒരുപാട് നേരം ഒന്നിച്ചിരിക്കണമെന്നോ ഇല്ലല്ലോ. അഞ്ചു മിനിറ്റ് നേരമേ സംസാരിച്ചുള്ളുവെങ്കിലും അമ്മയുടെ ആ വാക്കുകൾ നമ്മുടെ ജീവിതകാലം മുഴുവൻ സന്തോഷം പകർന്ന് കൂടെയുണ്ട്.
പിന്നീട് വർഷങ്ങൾക്കിപ്പുറം അമ്മയുടെ ചിത്രം കണ്ടിട്ടാണ് ലാലേട്ടൻ എന്നെ വിളിക്കുന്നത്. മാതൃദിനത്തിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ ഇട്ട ഫോട്ടോ കണ്ടിട്ട് ഞാൻ വരച്ചതാണ്. അമ്മയോടുള്ള ഇഷ്ടവും ആ ചിത്രത്തിന്റെ ഭംഗിയും കണ്ട് ആരും പറയാതെ തന്നെ വരച്ചതാണ്. മൂന്നു ദിവസം എടുത്തു പെയിന്റിങ് പൂർത്തിയാക്കാൻ. ഓയിൽ പെയിന്റിങ് ആണത്. അതിന്റെ ഒരു ഫോട്ടോ എടുത്ത് അദ്ദേഹത്തിന് വാട്സാപ്പിൽ അയച്ചു കൊടുത്തു. കാണുമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ കണ്ടു എന്നു മാത്രമല്ല എന്നെ വിളിക്കുകയും ചെയ്തു. ‘എത്ര നാളായി കണ്ടിട്ട്, ഒരുപാട് വർഷമായി മിണ്ടിയിട്ട്. ഇടയ്ക്ക് നമ്മുടെ ഒരു കണക്‌ഷൻ പോയി അല്ലേ. ഞാനിപ്പോൾ ചെന്നൈയിലാണ് തിരുവനന്തപുരത്തേക്ക് വരുമ്പോൾ തീർച്ചയായും കാണണം, സേതു വരണം’ എന്നു പറഞ്ഞു അദ്ദേഹം. അദ്ദേഹം പറഞ്ഞിട്ട് കുറേ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ ചിത്രങ്ങളും സുഹൃത്തുക്കൾക്കു വേണ്ടിയുള്ള ചിത്രങ്ങളുമൊക്കെ... ജീവിതത്തിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരുടെ ചിത്രം വരച്ചു നൽകാനായി എന്നതാണ് ഏറ്റവും സംതൃപ്തി തരുന്ന ഒരു കാര്യം.’ – സേതു പറഞ്ഞു.
ചിത്രരചനയോടുള്ള ഇഷ്ടമാണ് സേതുവിനെ സിനിമാ ലോകത്തേക്ക് കൈ പിടിക്കുന്നത്. ചിത്രം വരയ്ക്കാനായി നാടുവിട്ടു പോയ ആൾ ദക്ഷിണാ മൂർത്തി സ്വാമിയുടെ ശിഷ്യനായി. അതിനിടയിൽ സിനിമയിൽ അസിസ്റ്റന്റ് ആയും ജോലി ചെയ്തു. ദക്ഷിണാമൂർത്തി സ്വാമി അവസാനമായി സംഗീത സംവിധാനം നിർവഹിച്ച ശ്യാമരാഗം എന്ന സിനിമ സംവിധാനം ചെയ്തത് സേതുവാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ വരച്ചതും സേതു തന്നെ.
English Summary : Artist Sethu Eyyal presents Mohanlal with oil painting of his mom Santhakumari on his birthday