ADVERTISEMENT

നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ വിജയ് മാധവിന്റെയും വിവാഹനിശ്ചയം ഓഗസ്റ്റ് 25ന് നടന്നിരുന്നു. ഇരുവരും ഒന്നാകുന്നു എന്ന വാർത്ത ആരാധകരെ ഏറെ സന്തോഷം നിറച്ചിരുന്നു. മുന്നോട്ടുള്ള ജീവിത യാത്രയെക്കുറിച്ച് ദേവിക നമ്പ്യാർ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

∙ പരിചയം പാട്ടിലൂടെ

വളരെക്കാലമായി ഞങ്ങൾക്ക് പരസ്പരം അറിയാം. എന്നാൽ ഞങ്ങളുടേത് പ്രണയവിവാഹം അല്ല. ശരിക്കും പറഞ്ഞാൽ അദ്ദേഹം എന്റെ ബന്ധുവാണ്. 2012ൽ ഞാൻ മഴവിൽ മനോരമയിലെ പരിണയം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. സുധീപ് കാരാട്ട് ആയിരുന്നു ആ സീരിയലിന്റെ പ്രൊഡ്യൂസർ. ‘ഒരു സംഗീത ആൽബം ചെയ്യുന്നുണ്ട്. അതിലെ ഒരു പാട്ട് പാടാമോ’ എന്ന് അദ്ദേഹം ഒരിക്കൽ എന്നോട് ചോദിച്ചു. എനിക്ക് പാടാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടു ശ്രമിച്ചു നോക്കാം എന്ന് കരുതി. അതിന്റെ കമ്പോസർ വിജയ് മാധവ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. എനിക്ക് ആദ്യമായി പാട്ട് പറഞ്ഞു തന്നത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ ‘മാഷേ’ എന്ന് അന്നുമുതൽ ഞാൻ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. അധികമൊന്നും സംസാരിക്കുന്ന ആളായിരുന്നില്ല. അതുകൊണ്ട് ജാഡയാണെന്ന് അന്നെനിക്ക് തോന്നിയിരുന്നു. പിന്നീട് കുറേക്കാലം കണ്ടിട്ടില്ല. 2015 ൽ പാറശാലയിലുള്ള അമ്മയുടെ കുടുംബക്ഷേത്രത്തിൽ ഒരു പൂജയ്ക്കായി പോയപ്പോൾ അദ്ദേഹവും ബന്ധുക്കളും അവിടെയുണ്ട്. ഞങ്ങൾ അടുത്ത ബന്ധുക്കളാണെന്ന് അന്നാണു മനസ്സിലായത്. പിന്നെ ഇടയ്ക്കിടെ എന്തെങ്കിലും വർക്കിന്റെ കാര്യത്തിനായി വിളിക്കുമായിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ‘ലേ സഹസ്രാര’ എന്ന പേരിൽ അദ്ദേഹമൊരു യോഗാ പരീശിലനകേന്ദ്രം തുടങ്ങി. ഞാൻ അവിടെ ഓൺലൈൻ ക്ലാസ് എടുത്തിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.  

എന്റെ വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല എന്നു തോന്നുന്ന ആളെക്കുറിച്ച് ഞാൻ മാഷിനോട് പറഞ്ഞ് കൂടുതൽ കാര്യങ്ങൾ അന്വേഷിപ്പിക്കാറുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് ഒന്നും ശരിയായില്ല. ഞങ്ങൾ തിരുവനന്തപുരത്തു പോകുമ്പോൾ മാഷിന്റെ വീട് സന്ദർശിക്കും. അദ്ദേഹത്തിന്റെ അമ്മയും അനുജത്തിയുമായി നല്ല അടുപ്പമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ‘നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കുന്നത്’ എന്ന ചോദ്യം ഞങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ നിന്നുണ്ടാകുന്നത്. പക്ഷേ ഞങ്ങൾ അതേക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പറ്റില്ല എന്നാണു മറുപടി പറഞ്ഞത്. അതിനുശേഷവും വീണ്ടും പല ആലോചനകൾ വന്നു. യാതൊരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ പരസ്പരം നന്നായി അറിയുന്ന ഞങ്ങൾ തമ്മിൽ വിവാഹിതരാകുന്നത് എന്ന ചിന്ത ആയിടെയാണ് ഉണ്ടാകുന്നത്. ഇത് ശരിയാകുമോ എന്നു പിന്നീടും പലവട്ടം ആലോചിച്ചിട്ടുണ്ട്. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തി. ഇതാണ് യോഗം എന്ന് ഇപ്പോൾ തോന്നുന്നു. ഒൻപത് വർഷമായുള്ള പ്രണയമാണ് ഞങ്ങളുടേതെന്ന തരത്തിലുള്ള കഥകൾ പല യൂട്യൂബ് ചാനലുകളിലും വരുന്നുണ്ട്. പക്ഷേ ഞങ്ങളുടെ കാര്യം ഞങ്ങൾക്കല്ലേ അറിയൂ.

∙ വിവാഹത്തീയതി

വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. വിവാഹനിശ്ചയം വളരെ പെട്ടെന്നായിരുന്നു. നിശ്ചയം നടത്തണം എന്ന് ഈ മാസം ആദ്യമാണു തീരുമാനിച്ചത്. അങ്ങനെ ഷൂട്ടിങ് ഒതുക്കി, ഓണവും കഴിഞ്ഞ്, ഓഗസ്റ്റ് 25 ന് വിവാഹനിശ്ചയം നടത്തി. വിവാഹം മകരമാസത്തിൽ അതായത് അടുത്ത ജനുവരിയിൽ നടത്തണം എന്നാണ് ആഗ്രഹം. വിവാഹം എങ്ങനെയായിരിക്കണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. എല്ലാം അപ്പോഴത്തെ സൗകര്യം പോലെ ചെയ്യാം എന്നു കരുതുന്നു. 

devika-nambiar-vijay-madhav-3

∙ നിശ്ചയത്തിന് ധരിച്ച വസ്ത്രം

അതിന്റെ ക്രെഡിറ്റ് മാഷിനാണ്. പച്ച നിറം മതിയെന്ന് അദ്ദേഹമാണു പറഞ്ഞത്. ഞങ്ങൾ ഒരുമിച്ചു പോയാണ് മെറ്റീരിയൽ തിരഞ്ഞെടുത്തത്. ഞാൻ തിരുവനന്തപുരത്ത് തയ്പ്പിക്കാൻ കൊടുത്തിട്ട് പോയി. അദ്ദേഹമാണ് ഡ്രസ്സ് വാങ്ങി കൊണ്ടു വന്നത്. നിശ്ചയത്തിന്റെ അന്നു രാവിലെയാണ് ഞാൻ ഡ്രസ്സ് കാണുന്നത്. ഓണത്തിനിടക്ക് തിടുക്കത്തിലാണ് എല്ലാം ചെയ്തത്. എങ്കിലും എല്ലാം ഭംഗിയായി. ഒരുപാടുപേർ വിളിച്ച് എൻഗേജ്മെന്റ് ലുക്കിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു.

∙ ഒന്നിച്ചു പാടി അഭിനയം

മഴവിൽ മനോരമയിലെ രാക്കുയിൽ സീരിയലിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. അതിലെ ഓണം എപ്പിസോഡിലാണ് ഞങ്ങൾ ഒന്നിച്ചു പാടി അഭിനയിച്ചത്. ഞങ്ങളുടെ വിവാഹം തീരുമാനിച്ചതായി സീരിയലിലെ എല്ലാവരോടും പറഞ്ഞിരുന്നു. സീരിയലിന്റെ പ്രൊഡ്യൂസർ പ്രവീണേട്ടനും വിജയ് മാഷും സുഹൃത്തുക്കളാണ്. പ്രവീണേട്ടൻ വളരെ നാളായി മാഷിനെ പാടാൻ വിളിക്കുന്നുണ്ട്. ‘ഓണത്തിന് പാടാൻ വിജയ് വരുന്നുണ്ട്. ദേവികയ്ക്ക് ബുദ്ധിമുട്ടുണ്ടോ’ എന്ന് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു. ബുദ്ധിമുട്ടൊന്നും ഇല്ലെന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘ഞാൻ വരുന്നുണ്ട്. നമുക്ക് ഒരുമിച്ച് രണ്ടുവരി പാടാൻ പറ്റുമോ’ എന്നു മാഷ് അന്നു വൈകിട്ട് എന്നെ വിളിച്ചു ചോദിച്ചു. പാടാനൊന്നും വയ്യ എന്നു ഞാൻ പറഞ്ഞു. സീരിയലിന്റെ ലൊക്കേഷൻ തിരുവനന്തപുരത്ത് ബാലരാമപുരത്താണ്. ഷൂട്ട് കഴിഞ്ഞ് അവിടെ നിന്നു സിറ്റിയിൽ വന്നിട്ടു സ്റ്റുഡിയോയിൽ പോയി പാടണം. എനിക്ക് മടിയായി. പക്ഷേ പ്രവീണേട്ടൻ നിർബന്ധിച്ചു. അങ്ങനെ ഒൻപത് മണിക്ക് ഷൂട്ട് കഴിഞ്ഞു വന്നു പാടി. വിവാഹം തീരുമാനിച്ചതിനാൽ, ഞാൻ വിളിച്ചിട്ട് അദ്ദേഹം സീരിയലിൽ വന്നു എന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ അതു സത്യമല്ല. നിശ്ചയം 25ന് ആയിരുന്നു. സീരിയലിന്റെ ഓണം ഷൂട്ട് നടന്നത് അതിനു മുമ്പ് ആയിരുന്നു. പക്ഷേ ആ എപ്പിസോഡിന്റെ ടെലികാസ്റ്റും വിവാഹനിശ്ചയവും അടുത്തടുത്ത് വന്നപ്പോൾ എല്ലാവരും അങ്ങനെ തെറ്റിദ്ധരിച്ചതാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കുറച്ചു ബുദ്ധിമുട്ടിയിരുന്നു. വളരെ അടുപ്പമുള്ളവർ സെറ്റിൽ ഉണ്ടെങ്കിൽ എനിക്ക് അഭിനയിക്കാൻ പ്രയാസം തോന്നാറുണ്ട്. 

∙ കുടുംബം 

അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ അമ്മയുടേത് കലാ പാരമ്പര്യമുള്ള കുടുംബമാണ്. പഴയ നടി കുമാരി തങ്കം അമ്മയുടെ വല്യമ്മയാണ്. ശ്രീലത നമ്പൂതിരി അമ്മയുടെ കസിനാണ്. അനുജന് സംവിധാനത്തിലും തിരക്കഥ എഴുത്തിലുമൊക്കെയാണ് താല്‍പര്യം. അവൻ ഒരു സീരിയലിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞു. അമ്മയുടെ തറവാട് തിരുവനന്തപുരത്താണ്. അമ്മയുടെ അച്ഛൻ ജോലിയിൽ നിന്നു വിരമിച്ചപ്പോൾ മഞ്ചേരിയിൽ വന്ന് ബിസിനസ് തുടങ്ങിയതാണ്. അച്ഛന്റെ വീടും മഞ്ചേരിയിലാണ്. അങ്ങനെ ഞങ്ങൾ മഞ്ചേരിക്കാരായി. 

∙ പഠനം 

ഞാൻ സൈക്കോളജിയിലും യോഗയിലും പിജി ചെയ്തിട്ടുണ്ട്. യോഗയിൽ പിഎച്ച്ഡി ചെയ്യണം എന്നു കരുതുന്നു. കോവിഡ് കാരണം അതു മുടങ്ങി. ഡാൻസ് പഠിക്കുന്നുണ്ട്. പക്ഷേ കോവിഡും ഷൂട്ടും മറ്റു തിരക്കുകളും കാരണം സ്ഥിരമായി ചെയ്യാൻ കഴിയുന്നില്ല. 

∙ ഭാവി പരിപാടികൾ

പ്ലാൻ ഒന്നുമില്ല. പണ്ടു ഓരോ ദിവസവും ഞാൻ പ്ലാൻ ചെയ്യുമായിരുന്നു. പക്ഷേ അതൊന്നും നടക്കാറില്ല. എന്റെ കാര്യമൊല്ലാം ആകസ്മികമായി നടക്കാറാണ് പതിവ്. എന്റെ വിവാഹനിശ്ചയം പോലും പ്ലാൻ ചെയ്ത ദിവസം നടക്കുമെന്ന് കരുതിയില്ല. ഷൂട്ട് കഴിഞ്ഞു വന്നതിന്റെ പിറ്റേ ദിവസം ഞാനും അമ്മയും അനുജനും എന്തോ അലർജി വന്നു കിടപ്പിലായി. പനിയും ജലദോഷവും ഉണ്ടായിരുന്നു. കോവിഡ് അല്ലായിരുന്നു. നിശ്ചയത്തിന്റെ തലേദിവസം രാത്രിയാണു തലയൊന്നു ഉയർത്താനായത്. തലേദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കണം എന്നെല്ലാം കരുതിയതാണ്. അതൊന്നും നടന്നില്ല. എന്തായാലും നിശ്ചയ ദിവസം എനിക്ക് സുഖമായി. ജീവിതത്തെ അതിന്റെ വഴിക്ക് വിടുകയാണ്. അതുകൊണ്ടു എല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ട്. വിജയ് രണ്ടു പ്രോജക്റ്റ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ലേ സഹസ്രാരയുടെ പ്രവർത്തനങ്ങളുണ്ട്. അദ്ദേഹം ഒരു അക്യൂ ഹീലറുമാണ്. 

devika-nambiar-vijay-madhav-2

∙ പ്രേക്ഷകരോട്

ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുപാടുപേർ വിളിച്ച് സ്നേഹം അറിയിക്കുകയും ആശംസകൾ നേരുകയും ചെയ്തു. വാട്സാപ്പിലൂടെയും ഒരുപാട് മെസേജുകൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ നല്ല പോസ്റ്റുകളും കമന്റുകളുമാണ് ലഭിച്ചത്. ഒറ്റദിവസം കൊണ്ട് ഞങ്ങളെ ഇത്രത്തോളം ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഈ സ്നേഹം ഞങ്ങൾക്ക് തന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. നിങ്ങളുടെ ഈ ‌സ്നേഹവും പ്രാർഥനയും ഞങ്ങളുടെ ജീവിതത്തിലുടനീളം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com