മെട്രോയിൽ നർമം വിതറി ചാക്യാർ; ഇത് കളിയല്ല, കാര്യം!

Mail This Article
പൊതുഗതാഗത സംവിധാനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ പുറത്തിറക്കിയ വിഡിയോ ശ്രദ്ധേയമാകുന്നു. ‘മെട്രോത്തനിമ’ എന്ന പേരിലുള്ള വിഡിയോയിൽ ചാക്യാരുടെ മെട്രോ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത്.
റോഡിലൂടെ പോകുന്ന വാഹന-കാൽനട യാത്രക്കാരോട് സംസാരിക്കുന്നു. സ്വതസിദ്ധമായശൈലിയിൽ ഹാസ്യം കലർന്ന സംസാരത്തിനൊപ്പം, തിരക്കുകൂട്ടൽ ഒഴിവാക്കി വെയിലും പൊടിയുമാകാതെ മെട്രോയിൽ സഞ്ചരിച്ചു കൂടേ എന്ന് ചാക്യാർ ചോദിക്കുന്നു. ഇതിനുശേഷമാണ് ചാക്യാർ മെട്രോയിലേക്ക് എത്തുന്നത്. സഹയാത്രികരോടു സംസാരിച്ചും സെൽഫിയെടുത്തും ആഘോഷപൂർവമാണ് യാത്ര.
പാടത്ത് ഇൻഫോടെയ്ൻമെന്റ് കമ്പനിയും സോഷ്യൽ മോബ് ആപ്ലിക്കേഷനുമാണ് വിഡിയോയുടെ സ്പോൺസർമാർ. കൊച്ചിയിലെ ദിവസവും വർധിക്കുന്ന തിരക്കിൽ ഗതാഗതകുരുക്ക് കുറയ്ക്കാൻ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുക എന്ന സന്ദേശമുള്ള വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ ലോകത്തു നിന്ന് ലഭിക്കുന്നത്.
‘മെട്രോത്തനിമ’ എന്ന ബാനറിൽ കൂടുതൽ കലാരൂപങ്ങളെ മെട്രോയിൽ എത്തിക്കാനുള്ള ആലോചനയിലാണ് പാടത്ത് ഇൻഫോടെയ്ൻമെന്റ് ടീം.