വിവാഹവേദിയിൽ മദ്യപിച്ച് ‘കിളിപോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു

Mail This Article
വിവാഹത്തോടനുബന്ധിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് മദ്യപാനത്തിൽ കലാശിക്കുന്നതു വളരെ ഖേദകരമാണ്. ഇവിടെ സുഹൃത്തുക്കളുടെ വാക്കുകേട്ട് മദ്യപിച്ചെത്തിയ വരന് സംഭവിച്ചത് വലിയ അബദ്ധം. വിവാഹവേദിയിൽ ബോധമില്ലാതെ എത്തിയ വരൻ ആളുമാറി വരണമാല്യം അണിയിച്ചു. മൂന്നുപേര്‍ക്കാണ് വരൻ ആളുമാറി മാലയിട്ടത്. തുടർന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിൻമാറുകയും ചെയ്തു.
ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാർ എന്ന യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്. രവീന്ദ്ര കുമാർ വിവാഹ വേദിയില്‍ എത്തിയതു തന്നെ സമയം വൈകിയാണ്. മണ്ഡപത്തിലേക്കു പ്രവേശിക്കുന്നതിന് പകരം സുഹൃത്തുകള്‍ക്കൊപ്പം പോയി മദ്യപിക്കുകയാണ് അയാള്‍ ആദ്യം ചെയ്തത്. അതിനുശേഷം മണ്ഡപത്തിലെത്തിയ രവീന്ദ്ര കുമാർ മാലയിട്ടപ്പോള്‍ വധു മാറിപോയി. വധുവിന്റെ കൂട്ടുകാരിക്കാണ് ആദ്യം മാല ചാര്‍ത്തിയത്. 500-ല്‍ അധികം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ഇവരെ സാക്ഷിയാക്കിയാണ് വരന്‍ മാല ചാര്‍ത്തിയത്. പെണ്ണ് മാറിപ്പോയെന്ന് മനസ്സിലാക്കിയതോടെ മാല ഊരിയെടുത്തെങ്കിലും പിന്നീട് മാലയിട്ടത് അയാളുടെ തന്നെ ഒരു കൂട്ടുകാരന്റെ കഴുത്തിലായിരുന്നു. അവിടം കൊണ്ടു തീര്‍ന്നില്ല, മാല കൂട്ടുകാരന്റെ കഴുത്തില്‍ നിന്ന് ഊരിയശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീയുടെ കഴുത്തിലുമിട്ടു.
ഇത്രയുമായതോടെ വധു രാധാദേവി വിവാഹത്തില്‍ നിന്ന് പിൻമാറി. ഇരുവീട്ടുകാരെയും സാക്ഷിയാക്കി വരന്റെ മുഖത്ത് ആഞ്ഞടിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും രാധാദേവി അറിയിച്ചു. ഇതിനുശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.
വിവാഹത്തിനായി വധുവിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ ചെലവായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതിയും നല്‍കുകയും ചെയ്തു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് അപമാനിച്ചെന്നും രാധാദേവിയുടെ സഹോദരന്റെ പരാതിയില്‍ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിന് രവീന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചതായും കണ്ടെത്തി.