വിഡിയോ റെക്കോഡിങ് 8കെയിലേക്ക് മാറാൻ സമയമായോ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ
Mail This Article
ക്യാനന്‍ ആര്‍5 ആണ് പെട്ടെന്ന് 8കെ വിഡിയോ ഷൂട്ടിങ് ഭ്രമം സാധാരണ ഷൂട്ടര്‍മാരില്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് സോണി അവരുടെ എ1 ക്യാമറ ഇറക്കി. ഇതിനു മറുപടിയായി ക്യാനന്‍ തങ്ങളുടെ ആര്‍3 ഇറക്കാന്‍ ഒരുങ്ങുകയാണ്. നിക്കോണ്‍ ഇപ്പോള്‍ നിര്‍മിച്ചുവരുന്ന സെഡ്9ല്‍ 8കെ വിഡിയോ ഷൂട്ടിങ് സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോള്‍ ഇനി 8കെ വിഡിയോയുടെ കാലമാണോ വരുന്നത്. നിശ്ചയമായും 8കെയും അതിലധികം റെസലൂഷനുള്ള വിഡിയോയും വരും. പക്ഷേ, വിഡിയോഗ്രാഫര്‍മാര്‍ ഇപ്പോള്‍ത്തന്നെ 8കെയില്‍ ഷൂട്ടു ചെയ്തു തുടങ്ങേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അങ്ങനെ ചെയ്യുന്നതില്‍ ഗുണവശങ്ങള്‍ ധാരാളമായുണ്ടെങ്കിലും പല പ്രശ്‌നങ്ങളും നേരിടുകയും ചെയ്യാം. ചിലതു പരിശോധിക്കാം:
∙ ഗുണങ്ങള്‍
എപ്പോഴും കൂടുതല്‍ റെസലൂഷനുള്ള വിഡിയോ ഷൂട്ടു ചെയ്യുന്നതു തന്നെയാണ് നല്ലത്. ഇതുവഴി വിഡിയോ ക്രോപ്പിങ്ങിനും സൂം ചെയ്യാനും സാധിക്കും. ഷൂട്ടിങ്ങിനിടെ ഇളക്കം തട്ടിയ ക്ലിപ്പുകള്‍ പോസ്റ്റ് പ്രോസസിങ് വഴി കുറച്ചൊക്കെ മെച്ചപ്പെടുത്താം. കൂടുതല്‍ ഷാര്‍പ് ആയ, മികവുറ്റ, വിശദാംശങ്ങള്‍ ഉൾക്കൊള്ളുന്ന വിഡിയോ പിടിച്ചെടുക്കാന്‍ 8കെയില്‍ ഷൂട്ടു ചെയ്യുമ്പോള്‍ സാധിക്കും. ഫുള്‍ എച്ഡി റെസലൂഷനു ശേഷം 4കെ റെസലൂഷന്‍ വന്നപ്പോഴും ഇതൊക്കെ തന്നെയാണ് പറഞ്ഞു കേട്ടതെന്നും ഓര്‍ക്കാം. എന്നാല്‍, ഇന്ന് ടിവികളുടെയും മോണിട്ടറുകളുടെയും വലുപ്പം കൂടിയിരിക്കുകയാണ്. പലതും 4കെ ആണ്. അപ്പോള്‍ കൂടുതല്‍ റെസലൂഷനുള്ള കണ്ടെന്റ് പലരും ചോദിച്ചേക്കാം. ഫുള്‍എച്ഡി പോര, 4കെ വേണമെന്ന് ഇപ്പോള്‍ പലരും പറയുന്നതു പോലെ, അധികം താമസിയാതെ ക്ലൈന്റുകള്‍ 8കെ വിഡിയോ വേണമെന്നു പറഞ്ഞേക്കാം. വാണിജ്യ ആവശ്യങ്ങള്‍ക്കു ഷൂട്ടുചെയ്യുന്ന വിഡിയോയ്ക്ക് 8കെ വേണമെന്ന് ഉപഭോക്താക്കൾ അധികം താമസിയാതെ പറഞ്ഞേക്കും. കൂടാതെ, 8കെ വിഡിയോ ഷൂട്ടു ചെയ്യുക വഴി നിങ്ങള്‍ വിഡിയോ ഷൂട്ടിങ്ങിന്റെ അടുത്ത പരിണാമ ഘട്ടത്തിലേക്കു കടക്കുകയും ചെയ്യും. പലരും വെര്‍ട്ടിക്കല്‍ വിഡിയോ വേണമെന്നു പറയുന്ന കാലംകൂടിയാണിത്. നിങ്ങള്‍ ഷൂട്ടു ചെയ്തു കഴിഞ്ഞ് ക്ലൈന്റ് തനിക്ക് വെര്‍ട്ടിക്കല്‍ വിഡിയോ വേണമെന്നു പറഞ്ഞാല്‍ വേണമെങ്കില്‍ 8കെ ക്രോപ്പു ചെയ്ത് വെര്‍ട്ടിക്കല്‍ വിഡിയോ നിർമിക്കാന്‍ ശ്രമിക്കാം. പല വിഷ്വന്‍ എഫക്ടുകളും കൊണ്ടുവരാനും പുതിയ റെസലൂഷന് സാധ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതു കൂടാതെ, 8കെയില്‍ ഷൂട്ടു ചെയ്തുകഴിഞ്ഞ്, റെസലൂഷന്‍ കുറഞ്ഞ 4കെയായി സാംപ്‌ളിങ് ടെക്‌നിക് വഴി കണ്‍വേര്‍ട്ടു ചെയ്താല്‍ കൂടുതല്‍ മികച്ച വിഡിയോ ലഭിക്കുമെന്നും പറയുന്നു. വരുന്ന വലുപ്പമുള്ള, റെസലൂഷന്‍ കൂടിയ ടിവി സ്‌ക്രീനുകളില്‍ കൂടുതല്‍ മികച്ച അനുഭവം നല്‍കാന്‍ 8കെയ്ക്കു സാധിക്കുമെന്നും കാണാം. ബ്രോഡ്കാസ്റ്റ് വ്യവസായവും പതിയെ 8കെ ഷൂട്ടിങ്ങിലേക്കു കടക്കാനുളള ശ്രമത്തിലാണ്. ഒരിക്കല്‍ ഒരു 8കെ സ്‌ക്രീനില്‍ 8കെ വിഡിയോ കണ്ടുകഴിഞ്ഞാല്‍ അതു മറക്കാനേ സാധ്യമല്ല. അത്ര മികവു വ്യത്യാസം ദൃശ്യമാണ്. സോണിയുടെ എ1, ക്യാനന്റെ വരാനിരിക്കുന്ന ആര്‍3 തുടങ്ങിയ ക്യാമറകള്‍ക്ക് സെക്കന്‍ഡില്‍ 30 സ്റ്റില്‍ ചിത്രങ്ങള്‍ ഷൂട്ടു ചെയ്യാനാകും. ഇതു കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കുന്ന വിഡിയോകള്‍ക്കും അപാര റെസലൂഷനായിരിക്കും. എന്നാല്‍ ഇതിന്റെ മുഴുവന്‍ മാസ്മരികതയും കാണണമെങ്കില്‍ 8കെ സ്‌ക്രീന്‍ തന്നെ വേണം. ഇതു കൂടാതെ, 8കെ വിഡിയോ ഷൂട്ടു ചെയ്യുക വഴി ഇവ ഭാവിയിലേക്ക് ഉപകരിക്കപ്പെടുമെന്നും കാണാം. 8കെ സ്‌ക്രീനില്‍ ഫുള്‍ എച്ഡി വിഡിയോ കാണുന്നത് ഇപ്പോള്‍ ഫുള്‍ എച്ഡി സ്‌ക്രീനില്‍ സ്റ്റാന്‍ഡര്‍ഡ് ഡെഫനിഷന്‍ വിഡിയോ കാണുന്നതു പോലെ ആകെ നിരാശാജനകമായ അനുഭവമായിരിക്കും.
∙ എന്തുകൊണ്ട് 8കെ ഇപ്പോള്‍ വേണ്ട എന്നു പറയുന്നു?
പലരും 8കെ എന്നത് വെറുമൊരു മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്നു പറഞ്ഞ് ഇപ്പോഴും തള്ളിക്കളയുന്നതും കാണാം. ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി മിക്കവരും പരമാവധി ഫുള്‍ എച്ഡി സ്‌ക്രീനുകളിലാണ് ഇപ്പോഴും വിഡിയോ കാണുന്നത്. വളരെ കുറച്ചു പേര്‍ മാത്രമെ 4കെ സ്‌ക്രീൻ പോലും ഉപയോഗിക്കുന്നുള്ളു. ചിലരാകട്ടെ ഇപ്പോഴും വെറും എച്ഡി സ്‌ക്രീനാണ് ഉപയോഗിക്കുന്നത്. ഈ സ്‌ക്രീനുകളില്‍ 8കെ വിഡിയോയ്ക്ക് യാതൊരു അധിക പ്രഭാവവും സൃഷ്ടിക്കാനാവില്ല. കൂടാതെ, 8കെ സ്‌ക്രീനുള്ള ടിവികളും, മോണിട്ടറുകളും വന്നു തുടങ്ങുന്നതേയുള്ളു എന്നും അവയ്ക്ക് ഇപ്പോള്‍ കൈപൊള്ളുന്ന വിലയാണെന്നും കാണാം. ഇന്റര്‍നെറ്റിന്റെ കാര്യം പറഞ്ഞാല്‍, 4കെ പോലും ബഫര്‍ ചെയ്യാതെ പ്ലേ ആകുന്ന കണക്ഷന്‍ അധികമാര്‍ക്കുമില്ല എന്നിരിക്കെ, 8കെ കൊണ്ട് എന്തു പ്രയോജനമെന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല.
∙ ധാരാളം പണം ഇറക്കണം
ഇനി 8കെ വിഡിയോ മതിയെന്നു തീരുമാനിച്ചാല്‍ ധാരാളം പണം ഇറക്കി പുതിയ ഉപകരണങ്ങള്‍ വാങ്ങേണ്ടിവരും. ക്യാമറയും ലെന്‍സും മാത്രം പോര. കംപ്യൂട്ടറും മാറേണ്ടിവരും. ക്യാനന്റെ ആര്‍5ല്‍ നിന്നുള്ള 8കെ വിഡിയോ പ്ലേ ചെയ്യാന്‍ അതിറങ്ങിയ കാലത്ത് മാക് കംപ്യൂട്ടറുകള്‍ അടക്കം പലതിനും സാധിക്കുമായിരുന്നില്ല. എഡിറ്റിങ് സമയത്ത് കംപ്യൂട്ടറുകള്‍ ചൂടായി, വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അവയ്ക്ക് എളുപ്പത്തില്‍ താങ്ങാവുന്ന ഡേറ്റയല്ല 8കെയില്‍ നിന്നു കിട്ടുന്നത്. അതായത് ധാരാളം ശക്തിയുളള പുതിയ കംപ്യൂട്ടറുകളും വാങ്ങിവയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ പണിമുടക്ക് ഉറപ്പാണ്. ഇതുകൂടാതെ, 8കെ ആവശ്യപ്പെടുന്ന അധികം ക്ലൈന്റ്‌സ് ഉണ്ടാകുകയുമില്ല. ഈ കൂറ്റന്‍ 8കെ വിഡിയോ ഫയലുകള്‍ സൂക്ഷിച്ചുവയ്ക്കണമെങ്കില്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ധാരാളമായി വേണ്ടിവരികയും ചെയ്യും.
∙ അപ്പോള്‍ 8കെ വിഡിയോ ഷൂട്ടു ചെയ്യണോ?
നിശ്ചയമായും 8കെ വിഡിയോയ്ക്ക് അതിന്റെ ഗുണം ഉണ്ട്. പ്രൊഫഷണല്‍ വിഡിയോ ഷൂട്ടര്‍മാര്‍ 8കെയിലേക്ക് ഉടനടി മാറിയില്ലെങ്കിലും, അധികം താമസിയാതെ മാറേണ്ടതായി വരും. യുട്യൂബര്‍മാരും മറ്റു കണ്ടെന്റ് ക്രിയേറ്റര്‍മാരും കുറച്ചുകാലം കൂടി കാത്തിരുന്ന ശേഷം മാറുന്നതായിരിക്കും നല്ലത്. കൂടുതല്‍ കരുത്തുറ്റ കംപ്യൂട്ടറുകള്‍, അവയ്ക്ക് ഇപ്പോള്‍ നല്‍കേണ്ടി വരുന്ന വില നല്‍കാതെ വാങ്ങാനായേക്കും. ആപ്പിളിന്റെ എം1 തുടങ്ങി പുതിയ പ്രോസസറുകള്‍ ഇത്തരം വെല്ലുവിളി ഏറ്റെടുക്കാന്‍ സജ്ജരായാണ് വരുന്നത്.
English Summary: Should you start shooting video in 8k?